സംസ്കൃതഭാഷയിലുള്ള ഒരു ബുദ്ധമതരചനയാണ് വജ്രസൂചി. ബ്രാഹ്മണികഹൈന്ദവതയിലെ ജാതിവ്യവസ്ഥയുടെ നിശിതവിമർശനമാണ് ഈ കൃതി. ജാതിവാദത്തെ അത്, വേദങ്ങളിലും മഹാഭാരതത്തിലും മനുസ്മൃതിയിലും നിന്നുള്ള ആശയങ്ങളേയും ഉദ്ധരണികളേയും ആശ്രയിച്ചുള്ള ന്യായവാദം കൊണ്ട് തിരസ്കരിച്ച്, മനുഷ്യജാതി ഒന്നാണെന്നു സ്ഥാപിക്കുന്നു. പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ വിഖ്യാതബുദ്ധചിന്തകനും സംസ്കൃതകവിയുമായ അശ്വഘോഷന്റെ പേരിലാണ് വജ്രസൂചി ഏറെയും അറിയപ്പെടുന്നതെങ്കിലും അദ്ദേഹമാണ് രചയിതാവെന്ന കാര്യത്തിൽ ഉറപ്പില്ല. ബുദ്ധമതരചനകളുടെ തിബറ്റൻ വ്യാഖ്യാനസംഹിതയായ തെംഗ്യുറിലോ(Tengyur), ചൈനീസ് സഞ്ചാരി ഇത്‌ചിങ്ങ് (I-Tsing) നൽകുന്ന അശ്വഘോഷരചനകളുടെ പട്ടികയിലോ അതില്ല. ധർമ്മകീർത്തിയുടെ രചനയാണതെന്നും പൊതുവർഷം പത്താം നൂറ്റാണ്ടിൽ ചീനഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടെന്നും ത്രിപീടകത്തിന്റെ ചീനഭാഷ്യം പറയുന്നു. ജാതിവാദത്തെ വിമർശിക്കാൻ വജ്രസൂചി ഉപയോഗിക്കുന്നത് വേദേതിഹാസങ്ങളിൽ നിന്നുള്ള ന്യായങ്ങളാണെങ്കിലും ചതുർവേദങ്ങളുടെ തിരസ്കാരമെന്നാണ് ത്രിപീടകം വിശേഷിപ്പിക്കുന്നത്.[1]

ഉള്ളടക്കം

തിരുത്തുക

മഞ്ജുഘോഷൻ എന്ന ഗുരുവിനെ ജഗൽഗുരുവെന്നു വിശേഷിപ്പിച്ചു വാഗ്ചേതസ്സുകൊണ്ട് വന്ദിച്ചാണ് വജ്രസൂചി തുടങ്ങുന്നത്:-

"ജഗൽഗുരും മഞ്ജുഘോഷം
നത്വാ വാക്‌കായ ചേതസ്സ
അശ്വഘോഷോ വജ്രസൂചീം
സൂത്രയാമി യഥാമതം"

വേദങ്ങളും സ്മൃതികളും ധർമ്മശാസ്ത്രങ്ങളും പ്രമാണമായിരിക്കുന്നതിനാൽ, അവയുടെ അംഗീകാരമില്ലാത്ത ജാതിഭേദത്തിനു പ്രാമാണികതയില്ലെന്നാണ് തന്റെ മതമെന്ന് തുടർന്ന് ഗ്രന്ഥകാരൻ പറയുന്നു:-

"വേദാഃ പ്രമാണം സ്മൃതയഃ പ്രമാണം
ധർമ്മാർത്ഥയുക്തം വചനം പ്രമാണം
യസ്യ പ്രമാണം ന ഭവേത് പ്രമാണം
കസ്തസ്യ കുര്യാദ് വചനം പ്രമാണം."

തുടർന്ന് ഗ്രന്ഥകാരൻ ബ്രാഹ്മണ്യമെന്നത്, ജീവതത്ത്വം, ജാതി, ശരീരം, ജ്ഞാനം, ആചാരം, കർമ്മം, വേദം ഇവയിലേതെങ്കിലും ആകാൻ വഴിയുണ്ടോയെന്ന് വേദേതിഹാസസ്മൃതികളെ മുൻനിർത്തി അന്വേഷിച്ച്, ഇല്ലെന്നു സ്ഥാപിക്കുന്നു.[2][3]

മലയാളത്തിൽ

തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിൽ, ജർമ്മൻ വേദപ്രചാരനും ശബ്ദകോശകാരനുമായ ഹെർമ്മൻ ഗുണ്ടർട്ട് മലയാളത്തിൽ ഇതിനു പരിഭാഷയെഴുതി. ആ പരിഭാഷയുടെ രണ്ടു പതിപ്പുകൾ ക്രൈസ്തവവീക്ഷണത്തിലുള്ള ഒരനുബന്ധം ചേർത്ത് തലശേരിയിലെ ബാസൽമിഷൻ അച്ചടിശാലയിൽ കല്ലച്ചിൽ അച്ചടിച്ച്, 1851-ലും 1853-ലും പ്രസിദ്ധീകരിച്ചു.[4][2]

  1. JK Nariman: Literary History of Sanskrit Buddhism: From Winternitz, Sylvain Levi, Huber(പുറങ്ങൾ 38-39)
  2. 2.0 2.1 മലയാളവും ഹെർമ്മൻ ഗുണ്ടർട്ടും, സംശോധകൻ - ഡോ.സ്കറിയ സക്കറിയ(പുറങ്ങൾ 727-34), ദേശമംഗലം രാമകൃഷ്ണന്റെ പ്രബന്ധം
  3. Pokala Lakshmi Narasu - "The Essence of Buddhism" (പുറങ്ങൾ 79-82)
  4. ആൽബ്രഷ്ട് ഫ്രൻസ്, സ്കറിയ സക്കറിയ: "ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ട്: പറുദീസായിലെ ഭാഷാപണ്ഡിതൻ"

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വജ്രസൂചി&oldid=2321071" എന്ന താളിൽനിന്ന് ശേഖരിച്ചത്