ഫീനിഷ് വിദ്യാർത്ഥിയായ ലിനസ് ടോർവാൾഡ്സ് 1991 ൽ പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കേർണൽ പൂർത്തിയാക്കിയതിലൂടെയാണ് ലിനക്സിന്റെ ചരിത്രം ആരംഭിച്ചത്. അന്നുമുതൽ സ്ഥായിയായ ഒരു വളർച്ചയാണ് അത് പ്രകടിപ്പിച്ചത്. 1991 ൽ വളരെക്കുറച്ച് സി ഫയലുകൾ അടിസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ലിനക്സ് 2009 ആയപ്പോഴേക്കും ഗ്നു ജനറൽ പബ്ലിക് ലൈസൻസിന്റെ കീഴിൽ 370 മെഗാ ബൈറ്റ്സ് ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായി വികസിച്ചു.

ടക്സ്, ലിനക്സിന്റെ ചിഹ്നം

പശ്ചാത്തലം

തിരുത്തുക

1960 ൽ യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തു. 1970 ൽ പുറത്തിറങ്ങിയ അതിന്റെ ലഭ്യതയും ഉപയോഗസ്വാതന്ത്ര്യവും പ്രചാരം വളരെയധികം വർദ്ധിപ്പിക്കാൻ സഹായിച്ചു. കൂടാതെ പല വിദ്യാഭ്യാസ വാണിജ്യ സ്ഥാപനങ്ങളും അതിൽ കാലികമായ മാറ്റങ്ങൾ വരുത്തുകയും പ്രചരിപ്പിക്കുകയും ചെയതു, യുണിക്സിന്റെ രൂപകൽപ്പന മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ സ്രഷ്ടാക്കളെപ്പോലും സ്വാധീനിച്ചു. 1983-ൽ റിച്ചാർഡ് സ്റ്റാൾമാൻ യൂണിക്സിന് സമാനമായ ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നത് ലക്ഷ്യമാക്കി ഗ്നു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം ഗ്നു ജനറൽ പബ്ലിക് ലൈസൻസ് രചിച്ചു. 1990 കളുടെ തുടക്കത്തിൽത്തന്നെ ഒരു പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റം തയായാറാക്കാൻ ശേഷിയുള്ള സോഫ്റ്റ് വെയറുകൾ ലഭ്യമായിരുന്നു. ഗ്നു കെർണലായ ഹർഡ്, സോഫ്റ്റ്‌വേർ പ്രയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ പരാജയപ്പെട്ടതോടെ ഗ്നു പദ്ധതി അപൂർണ്ണമായി അവശേഷിച്ചു.

1980 കളിൽ ഉടലെടുത്ത മറ്റൊരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ബർക്കിലി സോഫ്റ്റ് വെയർ ഡിസ്ട്രിബ്യൂഷൻ. എന്നാൽ യൂണിക്സ് സോഴ്സ്കോഡ് ആസ്പദമാക്കി നിർമ്മിച്ചതിനാൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിയമക്കുരുക്കുകളിൽപ്പെട്ട് ഇല്ലാതെയായി.

1987 ൽ ആൻഡ്രു. എസ്. ടാനൻബോം യുണിക്സിന് സമാനമായി തയ്യാറാക്കിയ മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സോഴ്സ്കോഡ് സുലഭമായിരുന്നെങ്കിലും അതിൽ മാറ്റം വരുത്തുന്നതും പുനർവിതരണം ചെയ്യുന്നതും നിരോധിച്ചിരുന്നു. അതോടൊപ്പം അതിന്റെ സാങ്കേതികശേഷിയില്ലായ്മയും സ്വകാര്യ കമ്പ്യൂട്ടറുകളിൽ നിന്ന് മിനിക്സിനെ ഒഴിച്ചുനിർത്തി. ഈ ഘടകങ്ങളോടൊപ്പം അധികം പ്രചാരം നേടിയ ഒരു സ്വതന്ത്ര കെർണലിന്റെ അഭാവവും ലിനസ് ടോർവാൾഡ്സിന് തന്റെ പദ്ധതി തുടങ്ങുന്നതിന് സഹായകമായി.

ലിനക്സിന്റെ സൃഷ്ടി

തിരുത്തുക
 
ലിനസ് ടോർവാൾഡ്സ്

1991 ൽ ലിനസ് ടോർവാൾഡ്സ് ഹെൽസിങ്കിയിൽ ആരംഭിച്ച പദ്ധതിയാണ് പിൽക്കാലത്ത് ലിനക്സ് കേർണലായി രൂപാന്തരം പ്രാപിച്ചത്. തുടക്കത്തിൽ ഹെൽസിങ്കി സർവ്വകലാശാലയിലെ യുണിക്സ് സെർവ്വറുകളിലേയ്ക്കുള്ള ഒരു ടെർമിനൽ ആയി മാത്രമാണ് ലിനക്സ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും ലിനക്സ്‌ കമ്പൈൽ ചെയ്യാനുള്ള പ്രധാന ഉപാധിയായ (ഇന്റെൽ സി കംപൈലർ പോലെ മറ്റു ചില കമ്പൈലറുകളും ഉണ്ടെങ്കിലും) സി കംപൈലർ ഉപയോഗിച്ച് മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഡവലപ്മെന്റുകൾ നടത്തിയിരുന്നത്.

തന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഫ്രീക്സ് എന്നുവിളിക്കാനാണ് ലിനസ് ടോർവാൾഡ്സ് ആഗ്രഹിച്ചത്. സൌജന്യം എന്ന് അർത്ഥം വരുന്ന ഈ വാക്ക് ആയിരുന്നു ഏകദേശം ആറു മാസത്തോളം അദ്ദേഹം തന്റെ ഫയലുകള്ക്കായി ഉപയോഗിച്ചിരുന്നത്. ലിനക്സ്‌ എന്ന പേര് തോന്നിയെങ്കിലും ആദ്യം തന്നെ വേണ്ടെന്നു വച്ചു. ഡവലപ്മെന്റിന്റെ ഭാഗമായി അദ്ദേഹം ലിനക്സിന്റെ ഫയലുകൾ 1991 സെപ്റ്റംബറിൽ ഹെൽസിങ്കി സ്‍വ്വകലാശാലയിലെ എഫ്.ടി.പി സെർവറിലേക്ക് അപ്‌ലോഡ്‌ ചെയ്തു. എന്നാൽ സ്‍വ്വകലാശാലയിലെ എഫ്.ടി.പി. സെർവ്വർ തലവനായ ആരി ലെമ്മ്കെയ്ക്ക് ഫ്രീക്സ് എന്ന പേര് നല്ലതായി തോന്നിയില്ല. അതിനാൽ അദ്ദേഹം ടോർവാൾഡിനെ അറിയിക്കാതെ തന്നെ ഈ പ്രൊജെക്ടിനു "ലിനക്സ്" എന്ന പേരിട്ടു.

എന്നാൽ പിന്നീട് ലിനസ് ടോർവാൾഡ്സ് റിച്ചാർഡ് സ്റ്റാൾമാനുമായി സഹകരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഗ്നു ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് കെർണലിൽ സന്നിവേശിപ്പിച്ച് ഇന്നുള്ള ഗ്നു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി.

"https://ml.wikipedia.org/w/index.php?title=ലിനക്സിന്റെ_ചരിത്രം&oldid=2344776" എന്ന താളിൽനിന്ന് ശേഖരിച്ചത്