ലക്കിടി
കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റർ അകലെയുള്ള വൈത്തിരി ആണ്. ചെയിൻ മരം, പൂക്കോട് തടാകം, ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.
കോഴിക്കോടുനിന്നും 58 കിലോമീറ്റർ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റർ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തിൽനിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റർ യാത്ര വളരെ മനോഹരമാണ്. ഈ വഴിയിൽ 9 ഹെയർപിൻ വളവുകൾ ഉണ്ട്.
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചൻ നമ്പ്യാർ ജനിച്ചത്. കുഞ്ചൻ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം.