റിവർസൈഡ് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ആകെയുള്ള 58 കൗണ്ടികളിലൊന്നാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ മൊത്തം  ജനസംഖ്യ 2,189,641 ആണ്. ഈ കണക്കുകൾ പ്രകാരം ഇത് കാലിഫോർണിയ സംസ്ഥാനത്തെ കൌണ്ടികളിൽ ജനസംഖ്യാടിസ്ഥാനത്തിൽ നാലാം സ്ഥാനവും ഐക്യനാടുകളിലെ മൊത്തം കൌണ്ടികളിൽ പതിനൊന്നാം സ്ഥാനവുമാണ്. ഈ കൗണ്ടിയുടെ പേരു കൗണ്ടി ആസ്ഥാനമെന്ന സ്ഥാനം അലങ്കരിക്കുന്ന റിവർസൈഡ് നഗരത്തിന്റെ പേരിനെ ആസ്പദമാക്കിയാണ് നൽകപ്പെട്ടിരിക്കുന്നത്.  ഈ കൌണ്ടി“ഇൻലാന്റ് എമ്പയർ”എന്നുകൂടി അറിയപ്പെടുന്ന റിവർസൈഡ്-സാൻ ബർനാർഡിനോ-ഒന്റാറിയോ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. ലോസ് ഏഞ്ചലസ്-ലോംഗ് ബീച്ച്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലും ഈ കൌണ്ടി ഉൾപ്പെട്ടിട്ടുണ്ട്.  റിവർസൈഡ് കൌണ്ടിയുടെ ചുറ്റുപാടും ഇന്റർസ്റ്റേറ്റ് 10, 15, 215 ഫ്രീവേ പാതകൾക്കു സമാന്തരവുമായി വിശാലമായ ഹൌസിംഗ് സൊസൈറ്റികളുടെ സമൂഹം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.

ഏതാണ്ട ദീർഘചതുരാകൃതിയിൽ, 7,208 ചതുരശ്ര മൈൽ  (18,670 ചതുരശ്രകിലോമീറ്റർ) വിസ്തൃതിയിൽ, തെക്കൻ കാലിഫോർണിയയിൽ  ഗ്രേറ്റർ ലോസ് ആഞ്ചലസ് പ്രദേശത്തുനിന്നു തുടങ്ങി അരിസോണ അതിർത്തിയിലേക്കുവരെ  ഈ കൌണ്ടി പരന്നുകിടക്കുന്നു.

ഭൂമിശാസ്ത്രപരമായി, ഈ കൌണ്ടിയുടെ മധ്യ കിഴക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗം ഏതാണ്ട് മരുഭൂമികളാണെങ്കിലും പടിഞ്ഞാറൻ ഭാഗത്ത് മെഡിറ്ററേനിയൻ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ജോഷ്വാ ട്രീ ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗവും ഈ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നു. പാം സ്പ്രിങ്സ്, പാം ഡെസേർട്ട്, ഇന്ത്യൻ വെൽസ്, ലാ ക്വിന്റാ, റാഞ്ചോ മിറേജ്, ഡെസേർട്ട് ഹോട്ട് സ്പ്രിംഗ്സ് എന്നീ റിസോർട്ട് നഗരങ്ങളെല്ലാംതന്നെ റിവർസൈഡ് കൗണ്ടിയിലെ കോചെല്ല താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. താരതമ്യേന താങ്ങാനാവുന്ന താമസസൌകര്യങ്ങളും മറ്റും പ്രയോജനപ്പെടുത്തുന്നതിനായി  ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ കാലങ്ങളിൽ ലോസ് ഏഞ്ചലസ് മേഖലയിലെ തൊഴിലാളികളുടെ ഭൂരിഭാഗവും  ഈ കൗണ്ടിയിലേക്ക് താമസം മാറ്റിയിരിക്കുന്നു.

പ്രാദേശിക സമ്പദ്വ്യവസ്ഥയിലെ സമീപകാല മാറ്റങ്ങൾക്കു വിധേയമാകുന്നതിനു മുൻപായിത്തന്നെ ഈ കൌണ്ടി അയൽ കൌണ്ടിയായ സാൻ ബർണാർഡിനോയോടൊപ്പം സംസ്ഥാനത്തെ ഏറ്റവും വേഗത്തിൽ വികസനത്തിലേയക്കു കുതിക്കുന്ന പ്രദേശങ്ങളിലൊന്നായി മാറിയിരുന്നു. ഇതുകൂടാതെ, ചെറുതും എന്നാൽ കാര്യമായതുമായ ഒരു ജനസംഖ്യ സാൻ ഡിയേഗോ-ടിജുവാന മെട്രോപ്പോളിറ്റൻ പ്രദേശത്ത് നിന്ന് തെക്കുപടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിലേക്ക് സ്ഥാനമാറ്റം നടത്തുന്നുമുണ്ടായിരുന്നു. 2000-നും 2007-നും ഇടയിൽ കൌണ്ടിയിലെ ടെമക്യൂള, മുറ്യേറ്റ തുടങ്ങിയ നഗരങ്ങളിൽ ജനസംഖ്യ 20% വർദ്ധിച്ചിരുന്നു. 1870 ൽ സാന്ത അനാ നദിയുമായി ബന്ധപ്പെടുത്തിയാണ് റിവർസൈഡ് കൗണ്ടിയുടെ നാമകരണം നടത്തപ്പെട്ടത്.

ചരിത്രം തിരുത്തുക

ആദ്യകാലം തിരുത്തുക

ഇപ്പോഴത്തെ റിവർസൈഡ് കൗണ്ടിയിലെ തദ്ദേശവാസികൾ ലൂയിസെനോ, കുപ്പെനോ, കഹുല്ലിയ തുടങ്ങിയ അമേരിക്കൻ ഇന്ത്യൻ വംശജരായിരുന്നു.  ലൂയിസെനോകൾ അഗ്വാംഗ, ടെമെക്യുല ബേസിൻ, എൽസിനോർ ട്രോഫ്, കിഴക്കൻ സാന്ത അന മലനിരകൾ, തെക്കുവശത്ത് സാൻ ഡിയേഗോ കൗണ്ടി എന്നിവിടങ്ങളിലായിരുന്നു വസിച്ചിരുന്നത്. ലൂയിസെനോകളുടെ വാസസ്ഥാനങ്ങൾക്ക് കിഴക്കും വടക്കും ദിശകളിലായി, ഉൾനാടൻ താഴ്‍വരകളിലും സാന്താ റോസ്, സാൻ ജസിന്തോ മലനിരകൾ,  സാൾട്ടൺ മലകൂപത്തിലെ മരുഭൂ പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരുന്നു ക്യുഹുല്ലിയ ജനത വസിച്ചിരുന്നത്.

ഈ കൌണ്ടിയിലെ ആദ്യ യൂറോപ്യൻ കുടിയേറ്റ കേന്ദ്രം ലൂയിസെനോ ഗ്രാമമായ ടെമെക്യൂളയിലെ ‘മിഷൻ സാൻ‍ ലൂയിസ് റേയ് ഡി ഫ്രോൻസിയ എസ്റ്റാൻഷ്യ’ അഥവാ ഫാം ആയിരുന്നു. ടെക്സേലയിലെ ലൂയിസ്നോ ഗ്രാമത്തിൽ മിഷൻ സാൻ ലൂയിസ് റേ ഫ്രാൻസിയ ഈസ്റ്റാണിയ അഥവാ ഫാം ആയിരുന്നു കൗണ്ടിയിലെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റ കേന്ദ്രം. ധാന്യവും മുന്തിരിയും ഇവിടെ വിളഞ്ഞിരുന്നു. 1819-ൽ ഈ മിഷൻ തങ്ങളുടെ സ്വാധീനത്തിലുള്ള ഭൂമി, സാൻ അന്റോണിയോ ഡി പാല അസിസ്റ്റൻഷ്യയുടെ ‘മയോർഡോമോ’ അഥവാ പ്രധാന പ്രതിനിധിയായിരുന്ന  ലിയാൻഡ്രോ സെറാനോയ്ക്ക്  മിഷൻ ഓഫ് സാൻ ലൂയിസ് റേയുടെ റാഞ്ചോ ടെമെസ്കലിനുവേണ്ടി നല്കിയിരുന്നു.

മെക്സിക്കൻ സ്വാതന്ത്ര്യത്തിനും 1833 ലെ മിഷൻ ഭൂമികൾ  കണ്ടുകെട്ടുന്ന നടപടികൾക്കും ശേഷം കൂടുതലായി മേച്ചിൽപ്പുറങ്ങൾ അനുവദിക്കപ്പെട്ടു. 1838 ൽ റാഞ്ചോ ജുറുപ, 1839 ൽ എൽ റിൻകോൺ, 1842 ൽ റാഞ്ചോ സാൻ ജസിന്തോ വിയേജോ, 1843 ൽ റാഞ്ചോ സാൻ ജസിന്തോ y സാൻ ഗൊർഗോണിയോ, 1844 ൽ റാഞ്ചോസ് ലാ ലഗൂണ, പൌബാ, ടെമക്യൂള, 1845 ൽ റാഞ്ചോസ് ലിറ്റിൽ ടെമക്യൂള, പൊട്രെറോസ് ഡി സാൻ ജുവാൻ കപ്പിസ്ട്രാനോ, 1846 ൽ റാഞ്ചോസ് സാൻ ജസിന്തോ സൊബ്രാന്റെ, ലാ സിയേറാ (സെപുൽവെഡ), ലാ സിയേറാ (യോർബ), സാന്താ റോസ, സാൻ ജസിന്തോ ന്യൂവോ y പൊട്രെറോ എന്നിവയാണ് ഇങ്ങനെ അനുവദിക്കപ്പെട്ട പ്രധാന മേച്ചിൽപ്പുറങ്ങൾ.  ന്യൂ മെക്സിക്കൻ കുടിയേറ്റക്കാർ‌ 1843 ൽ സാന്ത അന നദിയുടെ കിഴക്കൻ തീരത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്നതും ഇപ്പോൾ റിവർസൈഡ് നഗരമായി അറിയപ്പെടുന്നതുമായ പ്രദേശത്ത് പ്ലാസിറ്റ പട്ടണം സ്ഥാപിച്ചിരുന്നു.

1850 ൽ 27 പ്രാരംഭ കാലിഫോർണിയ കൌണ്ടികളുടെ സ്ഥാപനത്തിനുശേഷം ഇന്ന് റിവർസൈഡ് കൗണ്ടി എന്നറിയപ്പെടുന്ന പ്രദേശം ലോസ് ഏഞ്ചലസ് കൗണ്ടിയ്ക്കും  സാൻ ഡിയേഗോ കൗണ്ടിയ്ക്കുമിടയിലായി വിഭജിക്കപ്പെട്ടിരുന്നു. 1853 ൽ ലോസ് ആഞ്ചലസ് കൗണ്ടിയുടെ കിഴക്കൻ ഭാഗം സാൻ ബർണാർഡിനോ എന്ന പുതിയ കൗണ്ടി രൂപപ്പെടുത്താൻ ഉപയോഗിച്ചു. 1891-നും 1893-നും ഇടയിലുള്ള കാലത്ത് തെക്കൻ കാലിഫോർണിയയിൽ പുതിയ കൌണ്ടികൾ രൂപീകരിക്കുന്നതിനായി നിരവധി നിർദ്ദേശങ്ങളും നിയമനിർമ്മാണവും നടന്നിരുന്നു. ഈ നിർദ്ദേശങ്ങളിൽ ഒന്ന് പൊമോനാ കൗണ്ടി രൂപീകരിക്കുന്നതിനും മറ്റൊന്ന് സാൻജസീന്തോ കൗണ്ടിയുടെ രൂപീകരണത്തിനുമായിരുന്നു. 1893 മാർച്ച് 11 ന് ഗവർണർ ഹെന്റി എച്ച്. മർക്ക്ഹാം റിവർസൈഡ് കൗണ്ടി രൂപീകരിക്കാനുള്ള ഒരു വ്യവസ്ഥ ഒപ്പിടുന്നതുവരെ നിർദ്ദേശങ്ങളിൽ ഒന്നുംതന്നെ സ്വീകരിക്കപ്പെട്ടില്ല.

കൌണ്ടിയുടെ ചരിത്രം തിരുത്തുക

സാൻ ബർണാർഡിനോ കൗണ്ടിയുടെയും സാൻ ഡിയേഗോ കൗണ്ടിയുടെയും ഭാഗങ്ങളിൽനിന്ന് പുതിയ കൗണ്ടി രൂപീകരിക്കപ്പെട്ടു. 1893 മേയ് 2-നു നടന്ന വോട്ടെടുപ്പിൽ എഴുപത് ശതമാനം വോട്ടർമാർ റിവർസൈഡ് കൗണ്ടി രൂപവത്കരിക്കുന്നതിന് അനുകൂലമായി വോട്ടുചെയ്തു. വോട്ടർമാർ റിവർസൈഡ് നഗരം കൗണ്ടി സീറ്റായി തിരഞ്ഞെടുക്കപ്പെടുന്നതിനെ വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചു.  കമ്മീഷണർമാരുടെ ബോർഡ്  അന്തിമ വോട്ടിംഗ് ഫലങ്ങൾ വിലയിരുത്തിയതിനുശേഷം 1893 മേയ് 9 ന് റിവർസൈഡ് കൗണ്ടി ഔദ്യോഗികമായി നിലവിൽവന്നു. 

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=റിവർസൈഡ്_കൗണ്ടി&oldid=3084562" എന്ന താളിൽനിന്ന് ശേഖരിച്ചത്