റാബൈ അഖീവ എന്ന് സാധാരണ അറിയപ്പെടുന്ന അഖീവ ബെൻ യോസെഫ് (എബ്രായ: רבי עקיבא) ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും രണ്ടാം നൂറ്റാണ്ട് ആരംഭത്തിലുമായി(ക്രി.വ. 50–135) യൂദയായിൽ ജീവിച്ച ഒരു യഹൂദ മനീഷി ആയിരുന്നു. യഹൂദപാരമ്പര്യത്തിൽ മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ട മിഷ്നാ, മിദ്രാശ് എന്നീ സംഹിതകളുടെ മുഖ്യധാരയായിൽ പെടുന്നു. യഹൂദരചനാസംഹിതയായ താൽമുദ് അഖീവയെ മനീഷികളിൽ മുഖ്യൻ (റോഷ്-ല-ചഖോമിം) എന്നു വിശേഷിപ്പിക്കുന്നു. റാബിനിക യഹൂദമതത്തിന്റെ സ്ഥാപകരിൽ പ്രധാനിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1]

റാബൈ അഖീവ

ജനനം, ചെറുപ്പം

തിരുത്തുക

അഖീവയുമായി ബന്ധപ്പെട്ട ഒട്ടേറെ പുരാവൃത്തങ്ങൾ റാബിനിക സാഹിത്യത്തിൽ ലഭ്യമാണ്. എന്നാൽ രണ്ടുസഹസ്രാബ്ദക്കാലം റാബിനിക യഹൂദമതത്തിന് മാർഗദർശിയായിരുന്ന അദ്ദേഹത്തിന്റെ അപൂർണ്ണമായ ഒരു ചിത്രമേ ഈ ലിഖിതസമുച്ചയത്തിലെ വിവരങ്ങൾ ചേർത്താൽ കിട്ടുന്നുള്ളു.

അഖീവയുടെ മാതാപിതാക്കൾ സാധാരണക്കാരായിരുന്നു. കൽബാ സവുവാ എന്ന ധനവാനായ യെരുശലേകാരന്റെ ആട്ടിടയനായിരുന്നു അഖീവയെന്നും യജമാനന്റെ മകളെ അദ്ദേഹം പ്രണയിച്ചു വിവാഹം കഴിച്ചുവെന്നും മറ്റുമുള്ള കഥകളിൽ അദ്ദേഹം ആട്ടിടയനായിരുന്നുവെന്നതിനെ സംബന്ധിച്ചു മാത്രമേ ഉറപ്പു പറയാനാവൂ. അദ്ദേഹത്തിന്റെ പത്നിയുടെ പേർ റാഹേൽ എന്നായിരുന്നു. അഖീവയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ അവൾ അദ്ദേഹത്തിന് താങ്ങായി നിന്നു.

ജ്ഞാനാർത്ഥി, ഗുരു

തിരുത്തുക

പ്രായപൂർത്തിയായി ഏറെക്കഴിയും‌വരെ വരെ അക്ഷരാഭ്യാസം പോലും നേടാതിരുന്ന അഖീവ വിദ്യാഭ്യാസം തുടങ്ങിയത് നാല്പതു വയസ്സുള്ളപ്പോഴാണെന്ന് പറയപ്പെടുന്നു. അഖീബയെ സംബന്ധിച്ച് യഹൂദപുരാവൃത്തങ്ങളിലുള്ള കഥകളിലൊന്ന് ഇതിനെ സംബന്ധിച്ചാണ്. അട്ടിൻപറ്റത്തിനൊപ്പം വിജനപ്രദേശത്തായിരിക്കെ അദ്ദേഹം ഒരുറവയിൽ നിന്ന് തുടർച്ചയായി ഇറ്റുവീണ വെള്ളം തുളച്ച ഒരു പാറ കണ്ടെന്നും, നിരന്തരമായി ഇറ്റുവീഴുന്ന വെള്ളത്തിന് പാറയെ തുളയ്ക്കാനാകുമെങ്കിൽ നിരന്തരമായ അഭ്യാസത്തിലൂടെ ദൈവജ്ഞാനത്തെ മനസ്സിൽ ഉറപ്പിക്കാൻ തനിക്കും സാധിക്കുമെന്ന തോന്നലിൽ നിന്ന് പ്രചോദനം നേടി വിദ്യാഭ്യാസം തുടങ്ങി എന്നുമാണ് ആ കഥ.[1] നാല്പതാം വയസ്സിൽ തന്റെ അഞ്ചുവയസ്സുള്ള മകനൊപ്പമാണ് അഖീവ അക്ഷരം അഭ്യസിക്കാൻ തുടങ്ങിയത്. താമസിയാതെ എബ്രായബൈബിളിലെ പഞ്ചഗ്രന്ഥിമുഴുവൻ അദ്ദേഹത്തിന് മന:പാഠമായി. പതിമൂന്നു വർഷത്തെ പഠനത്തിനു ശേഷം ഇസ്രായേലിൽ മദ്ധ്യധരണിക്കടലിനു തീരത്തെ യഹൂദവിദ്യാകേന്ദ്രമായ യാംനിയക്കടുത്തുള്ള ‍(Jamnia) ഒരു ഗ്രാമത്തിലെ അത്തിമരത്തിൻ കീഴെ അദ്ദേഹം ഒരു വിദ്യാലയം തുടങ്ങി. അഖീവയുടെ ഉത്സാഹവും, ആദർശനിഷ്ടയും, ധൈര്യവും, ഫലിതബോധവും, പ്രതിബദ്ധതയും ഒട്ടേറെ വിദ്യാകാക്ഷികളെ അദ്ദേഹത്തിന്റെ വിദ്യാലയത്തിലേയ്ക്ക് ആകർഷിച്ചു.[2]

റോമിലേക്കുള്ള യാത്ര

തിരുത്തുക

ഡൊമിഷൻ ചക്രവർത്തി യഹൂദന്മാർക്കെതിരായി പുതിയ കർശനനിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണെന്നറിഞ്ഞ്, യൂദയായിലെ യഹൂദസമൂഹം ക്രി.വ. 95-ൽ റോമിലെയ്ക്കയച്ച നിവേദകസംഘത്തിൽ യഹൂദസഭയായ സൻഹെദ്രിന്റെ അദ്ധ്യക്ഷൻ ഗമാലിയേൽ രണ്ടാമനൊപ്പം അഖീവയും ഉണ്ടായിരുന്നു. അവർ റോമിലായിരിക്കെ ഡൊമിഷൻ ചക്രവർത്തി മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി നെർവാ നിവേദകസംഘത്തെ സ്വീകരിക്കുകയും, റോമിന്റെ പുനർനിർമ്മാണത്തിനുള്ള ചെലവിനായി യഹൂദരുടെ മേൽ അടിച്ചേല്പിക്കാനുദ്ദേശിച്ചിരുന്ന നികുതി വേണ്ടെന്നു വയ്ക്കാൻ സമ്മതിക്കുകയും ചെയ്തു.

ഹലഖായുടെ ക്രോഡീകരണം

തിരുത്തുക

റോമിൽ നിന്ന് യാംനിയയിൽ മടങ്ങിയെത്തിയ അഖീവ, അവശേഷിച്ച ജീവിതകാലം മുഴുവൻ യഹൂദനിയമസംഹിതയായ ഹലാഖായുടെ വ്യാഖ്യാനത്തിലും ക്രോഡീകരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു. സങ്കീർണ്ണമായ ഒരു വ്യാഖ്യാനപദ്ധതിയാണ് അദ്ദേഹം പിന്തുടർന്നത്. പഞ്ചഗ്രന്ഥിയിലെ ഓരോ വാക്കും, അക്ഷരവും പോലും നിഗൂഢമായ അർത്ഥം ഉൾക്കൊള്ളുന്നുവെന്ന നിലപാടിലാണ് വ്യാഖ്യാനം നിർവഹിച്ചത്. എങ്കിലും ഈ സങ്കീർണ്ണരീതി പിന്തുടർന്നുള്ള വ്യാഖ്യാനത്തിനൊടുവിൽ കണ്ടെത്തിയ നിഗമനങ്ങൾ പൊതുവേ പ്രായോഗികവും സാമാന്യബുദ്ധിക്ക് നിരക്കുന്നവയും ആയിരുന്നു.[ക] യഹൂദനിയമത്തിന്റെ ക്രോഡീകരണത്തിൽ അഖീവ തുടങ്ങിയ ജോലി, അദ്ദേഹത്തിന്റെ വഴി പിന്തുടർന്ന ശിഷ്യന്മാർ പൂർത്തിയാക്കി. അങ്ങനെ അഖീവയും അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരും സമാഹരിച്ച യഹൂദനിയമമാണ്, താൽമുദിലൂടെ മദ്ധ്യകാലമനീഷിയായ മൈമോനിഡിസിനും അക്വീനാസിനെപ്പോലുള്ള ക്രിസ്തീയ സ്കോളാസ്റ്റിക് ചിന്തകന്മാർക്കും ദൈവശാസ്ത്രത്തിലേയും സന്മാർഗ്ഗശാസ്ത്രത്തിലേയും മാർഗ്ഗരേഖകളായി പകർന്നുകിട്ടിയത്.[2]

ബാർ കൊക്കബ കലാപം

തിരുത്തുക
 
ഇസ്രായേലിനെ തിബേരിയസിൽ, അഖീവയുടെ സംസ്കാരസ്ഥാനം

അഖീവയുടെ ജീവിതത്തിന്റെ അവസാനനാളുകൾ അദ്ദേഹത്തിനും യഹൂദജനതയ്ക്കും കഷ്ടത നിറഞ്ഞതായിരുന്നു. ഹാഡ്രിയൻ ചക്രവർത്തി യഹൂദർക്കെതിരെ കഠിനമായ നിയമങ്ങൾ കൊണ്ടുവന്നു. പരിച്ഛേദനകർമ്മവും[ഖ] വിശുദ്ധദിനമായ സാബത്തിന്റെ ആചരണവും എല്ലാം നിരോധിക്കപ്പെട്ടു. നശിപ്പിക്കപ്പെട്ട യെരുശലേം നഗരത്തിന്റെ സ്ഥാനത്ത് ജൂപ്പിറ്ററിനും വീനസിനുമുള്ള ദേവാലയങ്ങളും സ്നാനഘട്ടങ്ങളും തിയേറ്ററുകളും അടങ്ങുന്ന ഒരു റോമൻ നഗരം ഉയർന്നുവന്നു. ജാംനിയയിലെ യഹൂദപാഠശാലകൾ നിരോധിക്കപ്പെട്ടു. യഹൂദനിയമത്തിന്റെ പഠനവും നിരോധിക്കപ്പെട്ടു. ഇതിനെതിരെ സൈമൻ ബാർ കൊക്കബ എന്ന വിപ്ലവകാരിയുടെ നേതൃത്വത്തിൽ യഹൂദർ ക്രി.വ. 132-136 കാലത്ത് നടത്തിയ ചെറുത്തുനില്പിനെ, പൊതുവേ സമാധാനപ്രേമിയായിരുന്ന അഖീവ പിന്തുണച്ചു. താൻ യഹൂദർ കാത്തിരുന്ന വിമോചകനായ "മിശിഹാ" ആണെന്ന ബാർ കൊക്കബയുടെ അവകാശവാദവും അഖീവ അംഗീകരിച്ചതായി പറയപ്പെടുന്നു.[ഗ] റോമിനെതിരായുള്ള യഹൂദരുടെ അവസാനത്തെ ഈ ചെറുത്തുനില്പ് നിഷ്കരുണം അടിച്ചമർത്തപ്പെടുകയും "വിമോചകൻ" ബാർ കൊക്കബയടക്കം ആയിർക്കണക്കിന് യഹൂദർ കൊല്ലപ്പെടുകയും ചെയ്തു.

രക്തസാക്ഷിത്വം

തിരുത്തുക

യഹൂദനിയമം പഠിപ്പിക്കുന്നതിനെതിരെയുള്ള നിരോധനം അനുസരിക്കാതിരുന്നതിന് വയോവൃദ്ധനായ അഖീവ തടവിലായി. എന്നാൽ അവിടേയും അദ്ദേഹം ഒപ്പമുള്ള തടവുകാരെ പഠിപ്പിച്ചു. ഒടുവിൽ അദ്ദേഹത്തെ വിചാരണചെയ്ത് വധശിക്ഷയ്ക്കു വിധിച്ചു. യഹൂദമതത്തിന്റെ മൗലികവിശ്വാസപ്രഖ്യാപനമായ 'ഷെമ'-യിലെ ഈ വചനങ്ങൾ ഉരുവിട്ടുകൊണ്ടാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നു: ഇസ്രായേലേ കേട്ടാലും! കർത്താവാണ് നമ്മുടെ ദൈവം. കർത്താവ് ഏകനാകുന്നു.[2] അഖീവയുടെ മൃതദേഹം ഒരു കശാപ്പുശാലയിൽ പ്രദർശിപ്പിച്ച് അപമാനിക്കാൻ അധികാരികൾ ഉദ്ദേശിക്കുന്നെന്നറിഞ്ഞ അനുയായികൾ തടവറയിൽ രഹസ്യമായി കടന്ന് മൃതദേഹം ഏടുത്ത് കേസറിയായിലെ അജ്ഞാതമായ ഒരു ഗുഹയിൽ സംസ്കരിച്ചു എന്നാണ് യഹൂദരുടെ പുരാവൃത്തം.[1]

കുറിപ്പുകൾ

തിരുത്തുക

ക. ^ "വ്യാഖ്യാനമാർഗ്ഗത്തിന്റെ വൈചിത്ര്യം കൂടുന്നതനുസരിച്ച് അഖീവയുടെ നിഗമനങ്ങൾ ഒന്നിനൊന്ന് യുക്തിഭദ്രമായി വന്നു. ലിഖിതനിയമത്തിലെ ഓരോ അക്ഷരവും വിചിത്രമായ അർത്ഥം ഉൾക്കൊള്ളുന്നുവെന്ന സങ്കല്പത്തിൽ നടത്തിയ കിറുക്കൻ വ്യാഖ്യാനത്തിലൂടെ അങ്ങേയറ്റം ആരോഗ്യകരമായ നിഗമനങ്ങളിൽ അദ്ദേഹം എത്തിച്ചേർന്നു. യുക്തി, നിഗൂഢതയുടെ ലേബലൊട്ടിച്ചല്ലാതെ മനുഷ്യന് സ്വീകാര്യമാവില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നിരിക്കണം."[2]

ഖ. ^ ഹാഡ്രിയൻ നിരോധിച്ചത് സാമ്രാജ്യത്തിൽ ചിലയിടങ്ങളിൽ പതിവുണ്ടായിരുന്ന വൃക്ഷണച്ഛേദനം(castration) മാത്രമായിരുന്നെന്നും ഇതിനെ പരിച്ഛേദനനിരോധനമായി തെറ്റിദ്ധരിച്ചതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3]

ഗ.^ താൻ രക്ഷകനാണെന്ന ബാർ കൊക്കബായുടെ അവകാശവാദത്തെ അഖീവ എത്രമാത്രം പിന്തുണച്ചിരുന്നു എന്ന് വ്യക്തമല്ല. ഈ അവകാശവാദത്തെ പിൽക്കാലങ്ങളിലെ റാബൈമാർ തള്ളിക്കളഞ്ഞതിനാൽ ഇതിനെ സംബന്ധിച്ച അഖീവയുടെ പ്രസ്താവനകൾ പിൽക്കാലപാരമ്പര്യം സംശോധന ചെയ്തതിൽ നിന്നാണ് ഈ അവ്യക്തത ജനിച്ചത്.[4]

  1. 1.0 1.1 1.2 അഖീവ ബെൻ ജോസഫ് യഹൂദവിജ്ഞാനകോശം
  2. 2.0 2.1 2.2 2.3 സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 547-49)
  3. കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറം 416)
  4. മിശിഹാ ബാർ കൊക്കബ, കേംബ്രിഡ്ജ് വൈബിൾ സഹകാരി(പുറം 418)
"https://ml.wikipedia.org/w/index.php?title=റാബൈ_അഖീവ&oldid=3241404" എന്ന താളിൽനിന്ന് ശേഖരിച്ചത്