രാവണനെ നായകനാക്കി കഥകളിക്കു വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു ആട്ടക്കഥയാണ് രാവണോത്ഭവം. കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയാണ് ഈ ആട്ടക്കഥയുടെ രചയിതാവ്[1]. രാവണോത്ഭവം കഥകളി വളരെ അപൂർവമായി അരങ്ങത്തു കാണാറുള്ള ഒരു കഥയാണ്. പക്ഷേ അഭിനയത്തിനും മേളക്കൊഴുപ്പിനും ധാരാളം സാധ്യതയുള്ള ഒന്നാണിത്. മൂന്ന് ചുവന്നതാടി വേഷങ്ങൾ ഒന്നിച്ച് അരങ്ങത്തെത്തുന്നതും ഈ കഥയുടെ പ്രത്യേകതയാണ്[2]

കഥാസാരം

തിരുത്തുക

മാലി സുമാലി മാല്യവാൻ എന്നീ അസുരന്മാർ ഭൂമിയും പാതാളവും അടക്കി വാഴുന്നകാലം. സം ന്യാസികളേയും സ്ത്രീകളേയും എല്ലാം അവർ യഥേഷ്ടം ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ സംന്യാസിമാർ പരാതിയുമായി വൈകുണ്ഠത്തിൽ എത്തി വിഷ്ണുഭഗവാനെ കണ്ട് സങ്കടം ഉണർത്തിച്ചു. ഇവരിൽ നിന്നു എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം എന്നു ഇവർ ഭഗവാനോടു കേണപേക്ഷിച്ചു. അപ്പോൾ ഭഗവാൻ അവരുടെ മരണം അടുത്തു തന്നെ ഉണ്ടാവുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു.

തുടർന്ന് നാരദ മഹർഷി ഈ വിവരം അറിഞ്ഞു മാല്യവാന്റെ കൊട്ടാരത്തിൽ എത്തി വിഷ്ണു ഭഗവാൻ മാല്യവാനെ അടുത്തു തന്നെ കൊല്ലുന്നതായിരിക്കും എന്നു അറിയിച്ചു. ഇതിനു കാരണക്കാരൻ ദേവേന്ദ്രനാണെന്നും കൂട്ടിത്തല്ലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നാരദൻ മാല്യവാനെ അറിയിക്കുന്നു. ക്രുദ്ധനായ മാല്യവാൻ സഹോദരന്മാരായ മാലി സുമാലി ഇവരുമായി ആലോചിച്ച് ദേവേന്ദ്രനുമായി യുദ്ധത്തിനു പുറപ്പെടുന്നു. ഇന്ദ്രലോകത്ത് പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. അവസാനം ഇന്ദ്രൻ തോല്പിക്കപ്പെടുമെന്നു തീർച്ചയായപ്പോൾ വിഷ്ണുഭഗവാൻ മാലിയുടെ കഴുത്തറുത്ത് കൊന്നു. ജീവനിൽ പേടിച്ച് സുമാലിയും മാല്യവാനും പാതാള ലോകത്തിലേക്കു ഒളിച്ചോടി.

വിശ്രവസ്സിന്റെ മകനായ കുബേരൻ തന്റെ അച്ഛന്റെ അനുവാദത്തോടുകൂടി രാക്ഷസന്മാർ ഉപേക്ഷിച്ച ലങ്കയിൽ താമസം ആയി. പുഷ്പക വിമാനം സ്വന്തമായി ലഭിച്ച കുബേരൻ രാജകീയമായി അവിടെ താമസിച്ചു. സുമാലിയുടെ മകളായ കൈകസി വിശ്രവസ്സു മഹർഷിയെ ശുശ്രൂഷിച്ചു അദ്ദേഹത്തിന്റെ ഭാര്യാപദം സ്വീകരിക്കുന്നു. കൈകസിയിൽ വിശ്രവസ്സിനു രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നീ പുത്രന്മാരും ശൂർപ്പണഖ എന്ന പുത്രിയും ഉണ്ടാകുന്നു.

ഒരു ദിവസം രാവണൻ തന്റെ അമ്മയുടെ മടിയിൽ കിടക്കുന്ന സമയത്ത് അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ മുഖത്ത് വീഴുന്നു. അമ്മയുടെ കണ്ണീരിന്റെ കാരണം അന്വേഷിച്ച രാവണൻ തന്റെ മക്കളുടെ ദുർഗതിയും കുബേരന്റെ ഐശ്വര്യവും ആണ് കാരണം എന്ന് മനസ്സിലാക്കുന്നു. തന്റെ രണ്ടു സഹോദരന്മാരുമായി താൻ ഉടൻ തന്നെ തപസ്സിനു പോകുന്നു എന്ന് പറഞ്ഞു രാവണൻ കുംഭകർണ്ണനെയും വിഭീഷണനെയും കൂട്ടി ബ്രഹ്മാവിനെ തപസ്സു ചെയ്യാൻ ഗോകർണ്ണത്തിൽ എത്തുന്നു. ഘോരമായ തപസ്സു കൊണ്ടൊന്നും ബ്രഹ്മാവ്‌ പ്രീതനാകുന്നില്ല എന്ന് കണ്ടു രാവണൻ തന്റെ പത്ത് തലകൾ ഓരോന്നായി അറുത്ത് ഹോമിക്കുന്നു. ആദ്യത്തെ തല അറുത്തു ഹോമിച്ചു,ആയിരം വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല, രണ്ട്, മൂന്ന്, നാല് അങ്ങനെ ഒൻപതു തലകളും ഹോമിച്ചു കഴിഞ്ഞു. ഏതായാലും ഇനി പിൻവാങ്ങുന്ന പ്രശ്നം ഇല്ലെന്നു തീരുമാനിച്ചു, ഭക്തൻ ജീവത്യാഗം ചെയ്താലും പ്രത്യക്ഷപ്പെടാത്ത ബ്രഹ്മാവിനു ദുഷ്കീർത്തി ഉണ്ടാക്കുവാൻ വേണ്ടി തന്റെ പത്താമത്തെ തലയും അറുത്തു ജീവത്യാഗം ചെയ്യാൻ തുടങ്ങുമ്പോൾ ഗത്യന്തരമില്ലാതെ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുന്നു.അല്പം കോപത്തിലും അതിൽ കൂടുതൽ പുച്ഛത്തോടെയും ബ്രഹ്മാവിനെ സ്വീകരിച്ച രാവണൻ സമസ്ത ലോകവും ജയിച്ചു സമ്പത്തും കീർത്തിയും സ്വായത്തമാക്കുന്നതിനുള്ള വരവും ഒരു മനുഷ്യനാൽ അല്ലാതെ ആരാലും വധിക്കപ്പെടുകയില്ല എന്ന വരവും വാങ്ങുന്നു. തന്റെ സഹോദരന്മാർക്കും ഇഷ്ടവരങ്ങൾ കൊടുക്കണമെന്ന് അപേക്ഷിച്ചു ബ്രഹ്മാവിനെ യാത്രയാക്കുന്നു. ഇന്ദ്രപദം ആഗ്രഹിച്ച കുംഭകർണ്ണനു അബദ്ധതിൽ നിദ്രാപദവും തന്റെ ആഗ്രഹം അനുസരിച്ച് വിഷ്ണുഭക്തി വിഭീഷണനും കിട്ടുന്നു. എന്നാൽ ഇവരുടെ ബുദ്ധിമോശത്തെ പറ്റി അറിഞ്ഞ രാവണൻ ക്രുദ്ധനായി ഇനി രാക്ഷസരാജ്യം ഭരിക്കാൻ ഞാൻ മാത്രം മതി എന്ന് ഘോഷിച്ചു ലങ്കയിൽ വന്നു ഭാവി പരിപാടി ആസൂത്രണം ചെയ്യുന്നു.

  1. മണി,വാതുക്കോടം. (ജൂൺ 2009). "രാവണോത്ഭവം" (html). Retrieved 2010 ജനുവരി 18. ഈ ബ്ലോഗിന് ആധാരമാക്കിയിട്ടുള്ള പുസ്തകങ്ങൾ- കലാ:പതമനാഭൻ‌നായരുടെ 'ചൊല്ലിയാട്ടം' (കേരളകലാമണ്ഡലം പ്രസിധപ്പെടുത്തിയത്.), കെ.പി.എസ്സ്.മേനോന്റെ 'കഥകളിയാട്ടപ്രകാരം' (ദർപ്പണ,ഹൊദ്രബാദ് പ്രസിധപ്പെടുത്തിയത്.), ചെങ്ങന്നൂർ രാമൻപിള്ളയുടെ 'തെക്കൻ ചിട്ടയിലുള്ള കഥകളി അഭ്യാസക്രമങ്ങൾ' (നാഷണൽ ബുക്ക്സ്റ്റാൾ പ്രസിധപ്പെടുത്തിയത്) {{cite web}}: Check date values in: |accessdate= (help); line feed character in |quote= at position 223 (help)
  2. മാതൃഭൂമി (2009 ജൂൺ 15). "'രാവണോത്ഭവം' പയ്യന്നൂരിന്‌ നവ്യാനുഭവമായി" (html). മാതൃഭൂമി. Retrieved 2010 ജനുവരി 18. കളിയരങ്ങിലെ വിസ്‌മയമായ മൂന്ന്‌ ചുവന്നതാടി വേഷങ്ങൾ ഒരുമിച്ച്‌ അരങ്ങിലെത്തുന്ന 'രാവണോത്ഭവം' കഥകളി പയ്യന്നൂരിലെ കലാപ്രേമികൾക്ക്‌ നവ്യാനുഭവമായി. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാവണോദ്ഭവം_ആട്ടക്കഥ&oldid=3807946" എന്ന താളിൽനിന്ന് ശേഖരിച്ചത്