കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലായ്ക്കടുത്ത് രാമപുരം പട്ടണത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പുരാതനമായ മൂന്ന് പള്ളികളാണ്സെന്റ് ആഗസ്ത്യൻസ്, സെന്റ് മേരീസ് പള്ളികൾ. ഇവ രണ്ടും ചേർന്ന് രാമപുരം പള്ളി എന്നറിയപ്പെടുന്നു. ഈ രണ്ടു പള്ളികളും സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിൽ പാലാ രൂപതയുടെ അധികാരപരിധിയിലാണ്.

രാമപുരം പള്ളികൾ

സെന്റ് മേരീസ് പള്ളി, സെന്റ് അഗസ്ത്യൻസ് പള്ളി

സ്ഥാനംരാമപുരം, കോട്ടയം
രാജ്യംഇന്ത്യ
ചരിത്രം
സ്ഥാപിതംഎ.ഡി. 1450
ഭരണസമിതി
രൂപതപാലാ രൂപത
ജില്ലകോട്ടയം
വിശ്വാസികൾ ആചാരമായി എണ്ണയൊഴിച്ച് വരുന്ന കുരിശോടുകൂടിയ വലിയ നിലവിളക്ക്

ചരിത്രം

തിരുത്തുക

പരിശുദ്ധ കന്യകാമറിയത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ആദ്യത്തെ രാമപുരം പള്ളി എ.ഡി. 1450 നോടടുത്ത് പണി പൂർത്തിയായി[1]. അതിന് ശേഷം രണ്ട് പ്രാവശ്യംകൂടി ഈ പള്ളി പുതുക്കി പണിയുകയുണ്ടായി. ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ ഭരണകാലഘട്ടത്തിൽ, ഗോവ മെത്രാപ്പോലീത്തയായിരുന്ന അലക്സിന് ഡോം മെനെസിസ് അടിസ്ഥാന ശില ആശിർവദിച്ച പള്ളി പോർച്ചുഗീസ് ശില്പമാതൃകയിൽ പുതുക്കി പണിതിരുന്നു. അദ്ദേഹം ആഗസ്തീനിയൻ സഭാവൈദികനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിലായിരിക്കണം വിശൂദ്ധ ആഗസ്റ്റിൻ ഈ പള്ളിയിൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് കരുതുന്നു. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള പഴയ പള്ളിയുടെ അൾത്താര സങ്കീർത്തിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഈ അൾത്താരയിലെ ചിത്രങ്ങൾ ഭാരതീയ ചിത്ര രീതിയിലാണ് രചിച്ചിട്ടുള്ളത്.

 
ദളിത് കുട്ടികളെ പഠിപ്പിച്ചിരുന്നതായി കാണുന്ന വാദ്യപുര

1865 ജൂലായ് 16 ന്, കർമ്മലമാതാവിന്റെ തിരുന്നാൾ ദിനത്തിൽ, പഴയ പള്ളി അതേപടി നിലനിറുത്തികൊണ്ട് പുതിയ പള്ളിക്കുള്ള ശിലാസ്ഥാപനം നടത്തുകയും പരിശൂദ്ധ കർമലമാതാവിന്റെ നാമധേയത്തിൽ പുതിയ പള്ളി പണിയുകയും ചെയ്തു [അവലംബം ആവശ്യമാണ്]. ഈ പള്ളികളുടെ മുൻപിൽ ഒരു കൽകുരിശും 7 നിലകളിലായി ഒരു കപ്പേളയും പണിത് 31 ഡിസംബർ 1957 ൽ ആശീർവാദം നടത്തി. ശില്പകലയിൽ പോർച്ചുഗീസ് പാരമ്പര്യം നിലനിൽക്കുന്നതുകൊണ്ടാകാം രണ്ട് പള്ളികളുടേയും പ്രവേശനകവാടത്തിൽ തോക്കുകളേന്തിയ പട്ടാളക്കാരുടെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വരുന്ന വിശ്വാസികൾ ഒരു ആചാരമായി മുകളിൽ കുരിശോടുകൂടിയ ഒരു വലിയ നിലവിളക്കിൽ എണ്ണയൊഴിക്കാറുണ്ട്.

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ഇതേ ഇടവകാംഗമായതിനാൽ, അദ്ദേഹത്തിന്റെ വസ്തുക്കൾ, (റേഷൻ കാർഡ് മുതൽ കിടക്കാൻ ഉപയോഗിച്ചിരുന്ന കട്ടിൽ വരെ) അമൂല്യ വസ്തുക്കളായി ഈ പള്ളിയോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ദളിത് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്ന പതിവുണ്ടായിരുന്നില്ല. ഈ പള്ളിയോട് ചേർന്ന് രണ്ടു നിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ കുഞ്ഞച്ചൻ ദളിത് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു.

ഈ രണ്ട് പള്ളികളുടേയും പാഠശാലയുടെയും പ്രാധാന്യം കണക്കിലെടുത്ത് കേരള സർക്കാർ 2007 ജൂലൈയിൽ സംരക്ഷിത സ്മാരകങ്ങളാക്കി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ ഇടവക വികാരി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. പള്ളിപൊളിച്ച് പുതിയതു പണിയാനുള്ള ഇടവക വികാരിയുടെ നീക്കത്തിനെതിരെ ഇതിനിടയിൽ ഇടവകയിൽ നിന്നുതന്നെ എതിർപ്പുണ്ടായി. 2009-ൽ ഇരുപള്ളികളും സ്മാരകങ്ങളാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സർക്കാറിന്റെ അന്തിമ വിജ്ഞാപനം വന്നു. തുടർന്ന് സുപ്രീംകോടതിയിൽ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീലിൽ തൽസ്ഥിതി തുടരാനും നിർദ്ദേശമുണ്ടായി. ഇതുമായി ബദ്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ തുടരുകയാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാമപുരം_പള്ളി&oldid=4102319" എന്ന താളിൽനിന്ന് ശേഖരിച്ചത്