രാജ ചെല്ലയ്യ

ഇന്ത്യൻ സാമ്പത്തികവിദഗ്ദൻ, മദ്രാസ് സ്കൂൾ ഓഫ് എക്കണോമിക്സ് സ്ഥാപക ചെയർമാൻ
(രാജ ജെ. ചെല്ലയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സാമ്പത്തികവിദഗ്ദ്ധനും മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ സ്ഥാപകനുമാണ് രാജ ജെ. ചെല്ലയ്യ (ഡിസംബർ 12, 1922 - ഏപ്രിൽ 7, 2009). 2003-04 കാലഘട്ടത്തിൽ തമിഴ്നാട് മൂല്യാധിഷ്ഠിത നികുതി സമ്പ്രദായത്തിലേക്ക് മാറിയതിന്റെ പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമായിരുന്നു.[1] 2007-ൽ ഇന്ത്യൻ സർക്കാർ പത്മവിഭൂഷൺ ബഹുമതി നല്കി ആദരിച്ചു.[2]

രാജ യേശുദാസ് ചെല്ലയ്യ
ജനനംഡിസംബർ 12, 1922
മരണംഏപ്രിൽ 7, 2009
തൊഴിൽമദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് സ്ഥാപകൻ
കുട്ടികൾ2

ജീവിതരേഖ

തിരുത്തുക

1922 ഡിസംബർ 12നാണ് രാജ ചെല്ലയ്യ ജനിച്ചത്. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തശേഷം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ പിറ്റ്‌സ്‌ബർഗിൽ നിന്നും സ്‌കോളർഷിപ്പോടെ പിഎച്ച്‌.ഡി നേടി.[3]

ഔദ്യോഗികജീവിതം

തിരുത്തുക

മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ അഞ്ചുവർഷം അദ്ധ്യാപകനായി ജോലി നോക്കിക്കൊണ്ടാണ് രാജ ചെല്ലയ്യ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അമേരിക്കയിൽ നിന്നും പിഎച്ച്ഡി നേടിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഡൽഹിയിലെ നാഷണൽ കൗൺസിൽ ഓഫ്‌ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസർച്ചിൽ 1958 മുതൽ 1961 വരെ സീനിയർ ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിച്ചു. തുടർന്ന്‌ രാജസ്ഥാൻ, ഹൈദരാബാദ് എന്നിവിടങ്ങളിൽ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായി. 1969ൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ ഫിസ്‌കൽ അഫയേഴ്‌സ്‌ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു.[3] 1975 വരെ അദ്ദേഹം ഇവിടെ തുടർന്നു.[1]

1981-ൽ പാപുവ ന്യൂ ഗിനിയ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവി നിയമിതനായി.[1] 1991 മുതൽ 1993 വരെ ഇന്ത്യൻ സർക്കാരിന്റെ ടാക്‌സ്‌ റിഫോംസ്‌ കമ്മിറ്റിയിൽ ചെയർമാനായിരുന്ന അദ്ദേഹം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാൻസ്‌ ആൻഡ്‌ പോളിസി വകുപ്പിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. 1982-83 വർഷങ്ങളിൽ കേന്ദ്രസർക്കാറിന്റെ ഇക്കണോമിക്‌ അഡ്‌മിനിസ്‌ട്രേഷൻ റിഫോംസ്‌ കമ്മീഷൻ അംഗമായി.[3]

കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം, ഒമ്പതാമത്‌ ധനകമ്മീഷൻ അംഗം, ചൈനയിലേക്കു പോയ 'വേൾഡ്‌ ബാങ്ക്‌ മിഷൻ' അംഗം, കേന്ദ്ര ധനമന്ത്രാലയം സാമ്പത്തികോപദേഷ്ടാവ്‌, ഇന്ത്യൻ ഇക്കണോമിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3]

സാമ്പത്തികാര്യ വിഷയങ്ങളെപ്പറ്റി 15-ഓളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.[1]

കുടുംബജീവിതം

തിരുത്തുക

സീതയായിരുന്നു രാജ ചെല്ലയ്യയുടെ ഭാര്യ. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. 2009 ഏപ്രിൽ 7-ന് ചെന്നൈയിലെ വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പിറ്റേദിവസം സെന്റ് തോമസ് മൗണ്ടിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

  1. 1.0 1.1 1.2 1.3 "Economist Raja Chelliah passes" (in ഇംഗ്ലീഷ്). Times of India. ഏപ്രിൽ 8, 2009. Retrieved ഏപ്രിൽ 8, 2009.
  2. "The Padma awards". The Hindu. 6 April 2007. Archived from the original on 2007-04-29. Retrieved 2009-04-13.
  3. 3.0 3.1 3.2 3.3 "രാജ ചെല്ലയ്യ അന്തരിച്ചു". മാതൃഭൂമി. ഏപ്രിൽ 8, 2009. Retrieved ഏപ്രിൽ 8, 2009.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാജ_ചെല്ലയ്യ&oldid=3642777" എന്ന താളിൽനിന്ന് ശേഖരിച്ചത്