ഉൽപരിവർത്തനം, വ്യതിയാനം, ജനിതകപുനഃസംയോജനം, പ്രകൃതിനിർദ്ധാരണം, ജീൻ ഡ്രിഫ്റ്റ് എന്നീ ഘടകങ്ങളുടെ പ്രവർ‌ത്തനഫലമായി ഒരു ജീവിഗണത്തിനോ, ജീവിഗണങ്ങൾക്കോ താരതമ്യേന ലഘുവായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ജീവപരിണാമപ്രക്രിയയാണ് മൈക്രോഇവല്യൂഷൻ[1]. ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേയ്ക്ക് ജീനുകളുടടെ ആവൃത്തിയിൽ വരാവുന്ന മാറ്റമാണിത്. ജീൻ ഉൽപരിവർത്തനങ്ങളാണ് മൈക്രോഇവല്യൂഷന്റെ മുഖ്യഅടിത്തറ.

മൈക്രോഇവല്യൂഷന്റെ കാരണങ്ങൾ

തിരുത്തുക

ജീവികളിൽ ലിംഗകോശങ്ങളുടെ ഉത്പാദനപ്രക്രിയയായ ഊനഭംഗത്തിൽ ക്രോമസോമുകളിലെ ഡി.എൻ.എ ഇരട്ടിക്കുന്നു. ഇരട്ടിക്കുന്ന സമയത്തോ ജനിതകവസ്തുക്കൾ പരസ്പരം കൈമാറുന്ന ജനിതക പുനഃസംയോജനം എന്ന പ്രക്രിയയിലോ ജീനുകളുടെ ഘടനയിലോ യാദൃച്ഛികമായി എണ്ണത്തിലോ വ്യത്യാസം സംഭവിക്കുന്നു. ഈ വ്യത്യാസം പുതിയ ജീൻ കോമ്പിനേഷനുള്ള സന്താനങ്ങളുടെ രൂപപ്പെടലിന് കാരണമാകുന്നു. ഇത്തരം വ്യതിയാനങ്ങൾ ആ സന്താനങ്ങളുടെ സ്വഭാവസവിശേഷതകളിൽ മാറ്റങ്ങൾ രൂപപ്പെടുത്തുന്നു. ജീവികളുടെ ജീനോടൈപ്പിൽ ഇതുവഴി വ്യത്യാസങ്ങൾ രൂപപ്പെടുന്നു. ജീവിഗണത്തിലെ ജീനുകളുടെ ആകെത്തുകയായ ജീൻ പൂളിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ പ്രകൃതിനിർദ്ധാരണപ്രക്രിയയ്ക്ക് വിധേയമായാണ് സംഭവിക്കുന്നത്. അതിനാൽ പുതുതായി മാറ്റങ്ങളോടെ രൂപപ്പെട്ട സന്താനത്തിന് ജനിതകസ്വഭാവത്തിലും (ജീനോടൈപ്പ്) സ്വഭാവസവിശേഷതകളിലും (ഫീനോടൈപ്പ്) മറ്റംഗങ്ങളിൽ നിന്ന് വ്യത്യാസമുണ്ടാകും. ഇത്തരം വ്യത്യാസങ്ങൾ പരിസ്ഥിതിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഒത്തുപോകാൻ സഹായിക്കുന്നവയാണെങ്കിൽ അവയ്ക്ക് പ്രത്യുൽപാദനത്തിലൂടെ കൂടുതൽ സന്താനങ്ങളെ സൃഷ്ടിക്കുന്നതിനും ജീവീവിഗണത്തിൽ കാര്യമായ എണ്ണം രൂപപ്പെടുത്തുന്നതിനും കഴിയും.

ഇവല്യൂഷണറി ബയോളജി, ഡോ. വീർ ബാലാ രാസ്തോഗി, കേദാർ നാഥ് റാം നാഥ്, മീററ്റ്, പേജ് 309-320, 13 എഡിഷൻ, 2015

"https://ml.wikipedia.org/w/index.php?title=മൈക്രോഇവല്യൂഷൻ&oldid=3969352" എന്ന താളിൽനിന്ന് ശേഖരിച്ചത്