ഊനഭംഗം
യൂക്കാരിയോട്ടുകളിൽ പ്രത്യുൽപ്പാദന കോശങ്ങളായ പുംബീജങ്ങളുടേയും അണ്ഡകോശങ്ങളുടേയും ഉത്പാദനത്തിന് സഹായിക്കുന്ന കോശവിഭജനരീതിയാണ് ഊനഭംഗം. കോശവിഭജനം വഴി പുതിയ കോശങ്ങളുണ്ടാകുകയും അതിലെ ക്രോമസോമുകളുടെ എണ്ണം മാതൃകോശത്തിന് സമാനമായിരിക്കുകയും ചെയ്യുന്ന ക്രമഭംഗരീതിയിൽ നിന്ന് വ്യത്യസ്തമാണ് ഊനഭംഗം. ക്രോമസോം ഭാഗങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതുവഴി ജീൻ മിശ്രണം സാദ്ധ്യമാകുന്നതിലൂടെ പുതിയ തലമുറയിൽ പാരമ്പര്യസ്വഭാവങ്ങളിൽ നിന്നും വ്യത്യസ്ത്വഭാവങ്ങളുള്ള (വ്യതിയാനം) പുതിയ കോശങ്ങൾ രൂപപ്പെടുന്നു. ഒരു കോശത്തിൽ നിന്നും ഊനഭംഗം വഴി നാല് പുത്രികാ കോശങ്ങൾ ഉണ്ടാകുന്നു എന്ന പ്രത്യേകതയും ഊനഭംഗത്തിനുണ്ട്. സൂക്ഷ്മജീവികളായ ആർക്കിയ അഥവാ ബാക്ടീരിയകളിൽ ദ്വിവിഭജന (binary fission) ത്തിനുപുറമേ ഊനഭംഗത്തിനുതുല്യമായി ബാക്ടീരിയൽ ട്രാൻസ്ഫോർമേഷൻ എന്ന ജനിതകവസ്തു കൈമാറ്റപ്രക്രിയയുമുണ്ട്. മിക്ക സസ്യങ്ങളിലും പ്രോട്ടിസ്റ്റുകളിലും ഊനഭംഗത്തിലൂടെ രേണുക്കൾ അഥവാ സ്പോറുകൾ രൂപപ്പെടുകയും ബീജസംയോഗം കൂടാതെതന്നെ ഇവ വളർന്ന് പൂർണ്ണജീവിയായിത്തീരുകയും ചെയ്യുന്നു.
ചരിത്രം
തിരുത്തുക1876 ൽ ജർമ്മൻ ജീവശാസ്ത്രകാരനായ ഓസ്കാർ ഹെർട്ട്‌വിഗ്(Oscar Hertwig) ആണ് കടൽച്ചേനകളിൽ (Sea Urchin) ആദ്യമായി ഊനഭംഗപ്രക്രിയ കണ്ടെത്തുന്നത്. ബെൽജിയൻ ജന്തുശാസ്ത്രകാരനായ എഡ്വേർഡ് വാൻ ബെനഡീൻ(Edouard Van Beneden)1883ൽ ചിലയിനം ഉരുണ്ട വിരകളിൽ (viz., Ascaris) മുട്ടകളിൽ നടക്കുന്ന ഊനഭംഗപ്രക്രിയ വിശദീകരിച്ചു. 1890 ൽ ജർമ്മൻ ജീവശാസ്ത്രകാരനായ ആഗസ്റ്റ് വെയിസ്‌മാൻ(August Weismann) രണ്ട് കോശവിഭജനഘട്ടങ്ങളുണ്ടെങ്കിലേ നാല് പുത്രികാകോശങ്ങൾ ഊനഭംഗം വഴി ഉണ്ടാകൂ എന്ന് തെളിയിക്കുകയും ഊനഭംഗത്തിന് പ്രത്യുൽപ്പാദനത്തിലും പാരമ്പര്യസ്വഭാവകൈമാറ്റത്തിലും ഉള്ള പ്രാധാന്യം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. 1911 ൽ അമേരിക്കൻ ജനിതകശാസ്ത്രകാരനായ തോമസ് പണ്ട് മോർഗൻ(T.H.Morgan) ഡ്രോസോഫിലയിൽ (പഴയീച്ച- Drosophila melanogaster) ക്രോസിംഗ് ഓവർ (Crossing over) നിരീക്ഷിക്കുകയും ക്രോമസോമുകളിലൂടെയാണ് ജീനുകളുടെ പാരമ്പര്യപ്രേഷണം സാധ്യമാകുകയുള്ളൂ എന്ന് ആദ്യമായി വിശദീകരിച്ചു. ഊനഭംഗം (Meiosis) എന്ന വാക്ക് 1905 ൽ ജെ.ബി. ഫാർമറും (J.B Farmer) ജെ. ബി. മൂറും (J.B Moore) ആണ് നൽകിയത്.[1]
ഘട്ടങ്ങൾ
തിരുത്തുകഊനഭംഗത്തിന് മിയോസിസ് 1 എന്നും മിയോസിസ് 2 എന്നും രണ്ടുഘട്ടങ്ങളുണ്ട്.
മിയോസിസ് 1
തിരുത്തുകകോശചക്രത്തിലെ (Cell Cycle) പ്രധാനഘട്ടമായ ഇന്റർഫേയ്സിൽ G1, S, G2 ഘട്ടങ്ങളിലൂടെ കടന്നുവരുന്ന കോശം തുടർന്ന് മിയോസിസ് 1 ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു. സരൂപക്രോമസോമുകളുടെ ജോടികൾ പരസ്പരം വേർപെടുന്നു. ഈ വിഭജനഫലമായി ഒരു കോശത്തിൽ നിന്നും രണ്ട് പുതിയ കോശങ്ങൾ രൂപപ്പെടുകയും ഓരോന്നിലും മാതൃകോശത്തിന്റെ ക്രോമസോമിന്റെ പകുതിമാത്രം ഉണ്ടായിരിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ മിയോസിസ് 1 ലുണ്ടായ രണ്ട് കോശങ്ങളിൽ നിന്ന് നാല് പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.