മൈക്ക് നിക്കോൾസ്

അമേരിക്കന്‍ ചലചിത്ര നടന്‍

മൈക്ക് നിക്കോൾസ് അമേരിക്കൻ നാടക-ചലച്ചിത്രനിർമാതാവും സംവിധായകനുമാണ്. നാല് ദശാബ്ദക്കാലത്തോളം നാടകത്തിലും ചലച്ചിത്രത്തിലും ഒരുപോലെ നിറഞ്ഞുനിന്ന ഇദ്ദേഹത്തിന്റെ യഥാർഥ നാമധേയം മൈക്കിൾ ഇഗോർ പെഷോവ്സ്കി എന്നാണ്.

മൈക്ക് നിക്കോൾസ്
1960
ജനനം
Michael Igor Peschkowsky

(1931-11-06) നവംബർ 6, 1931  (93 വയസ്സ്)
തൊഴിൽFilm director, theatrical director, comedian
സജീവ കാലം1963–present
ജീവിതപങ്കാളി(കൾ)Patricia Scott
(m. 1957–1960)
Margo Callas
(m. 1963–1974)
Annabel Davis-Goff
(1975–1986)
Diane Sawyer
(m. 1988–present)

ജീവിതരേഖ

തിരുത്തുക

1931 നവംബർ 6-ന് ജർമനിയിലെ ബെർലിനിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. നാസിപട്ടാളത്തിന്റെ ക്രൂരതകളെത്തുടർന്ന് 1939-ൽ കുടുംബം യു.എസ്സിലേക്കു പലായനം ചെയ്തു. 1944-ൽ അമേരിക്കൻ പൗരത്വം ലഭിച്ചു. അവിടെ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം അഭിനയപഠനത്തിനായി ഷിക്കാഗോയിലെ 'കോംപാസ് പ്ലെയേഴ്സ്' എന്ന നാടകസംഘത്തിൽ ചേർന്നു. 1955-61 കാലത്ത് യു.എസ്സിലെ ശ്രദ്ധേയനായ റേഡിയോ അവതാരകനാവുകയും അക്കാലത്ത് പല രംഗപരിപാടികളുടെയും (Stage Events) സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാടകസംവിധാനത്തിലേക്കും ചലച്ചിത്ര മേഖലയിലേക്കും കടന്നു.

സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ

തിരുത്തുക

പ്രശസ്ത അമേരിക്കൻ നാടകകൃത്തായ നീൽ സൈമൺസിന്റെ ബെയർഫൂട്ട് ഇൻ ദ് പാർക്ക് ആണ് സംവിധാനം ചെയ്ത ആദ്യനാടകം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകവും ഇതുതന്നെയായിരുന്നു. 1500-ലധികം വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം, നീൽ സൈമൺസിന്റെ തന്നെ പല നാടകങ്ങൾക്കും രംഗാവിഷ്കാരം നൽകുകയുണ്ടായി.

  • ലവ് (1964)
  • ദി ഓഡ് കപ്പിൾ (1965)
  • ദി ആപ്പിൾ ട്രീ (1966)
  • ദ് ലിറ്റിൽ ഫോക്സസ് (1967)
  • പ്ലാസാ സ്യൂട്ട് (1968)
  • ദ് പ്രിസൺ ഒഫ് സെക്കണ്ട് അവന്യൂ (1971)
  • സ്ട്രീമേർസ് (1976)
  • കൊമേഡിയൻസ് (1976)
  • ദ് റിയൽ തിംഗം (1984)
  • സോഷ്യൽ സെക്യൂരിറ്റി (1986)
  • ഡെത്ത് ആൻഡ് മെയ്ഡൻ (1992)
  • സപാംലോട്ട് (2005)
  • കൺട്രീ ഗേൾ (2008)

തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങൾ.

സംവിധാനം നിർവഹിച്ച പ്രധാന ചലചിത്രങ്ങൾ

തിരുത്തുക

മുപ്പതിലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത നിക്കോൾസിന്റെ പ്രഥമ ചിത്രം ഹു ഇസ് അഫ്രൈഡ് ഒഫ് വെർജീനിയ വൂൾഫ്? (who is Afraid of Virginia Woulf? 1966) ആയിരുന്നു. അത് 13 വിഭാഗങ്ങളിലായി ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും അതിൽ അഞ്ചെണ്ണം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത അമേരിക്കൻ നോവലിസ്റ്റായ ചാൾസ് വെബിന്റെ നോവലിനെ (Graduate) ആസ്പദമാക്കി, 1967-ൽ നിർമിച്ച രണ്ടാമത്തെ ചിത്രമായ ദി ഗ്രാജ്യുവേറ്റ് മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം ഇദ്ദേഹത്തിന് നേടിക്കൊടുത്തു.

  • ടീച്ച് മീ! (1968)
  • ക്യാച്ച് 22 (1970)
  • കാർണൽ-നോളജ് (1971)
  • ദ് ഡെ ഒഫ് ദ് ഡോൾഫിൻ (1973)
  • ദി ഫോർച്യൂൺ (1975)
  • സിൽക്വുഡ് (1983)
  • ഹെർട്ട് ബേൺ (1986)
  • വർക്കിങ് ഗേൾ (1988)
  • വോൾഫ് (1994)
  • ദ് ബോർഡ് കേജ് (1996)
  • പ്രൈമറി കളേർസ് (1998)
  • വാട്ട് പ്ലാനറ്റ് ആർ യു ഫ്രം? (2000)
  • ഏയ്ഞ്ചൽസ് ഇൻ അമേരിക്ക (2003)
  • ചാർളി വിൽസൺസ് വാർ (2007)

തുടങ്ങിയവയാണ് ഇദ്ദേഹം സംവിധാനം നിർവഹിച്ച പ്രധാന ചിത്രങ്ങൾ.

പുരസ്കാരങ്ങൾ

തിരുത്തുക

മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം (1968) തുടങ്ങി ഒട്ടേറെ ചലച്ചിത്രപുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടകരംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് ഇദ്ദേഹത്തിന് ഏറെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടവ ഗ്രാമി അവാർഡ് (1961) ടോണി (64, 72, 77, 84, 2005) എന്നിവയാണ്. വിവിധ വർഷങ്ങളിലായി എമ്മി അവാർഡും ലഭിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്രസംഭാവനകളെ മുൻനിർത്തി 2003-ൽ ഇദ്ദേഹത്തെ കെന്നഡി സെന്റർ ആദരിക്കുകയുമുണ്ടായി.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിക്കോൾസ്, മൈക്ക് (1931 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മൈക്ക്_നിക്കോൾസ്&oldid=3274739" എന്ന താളിൽനിന്ന് ശേഖരിച്ചത്