മൈക്കേൽ ഡാവിറ്റ്
മൈക്കേൽ ഡാവിറ്റ് അയർലണ്ടിലെ ദേശീയ നേതാവായിരുന്നു. ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ യത്നിച്ച ഇദ്ദേഹം ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച ലാൻഡ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനേതാവെന്ന നിലയിലും പ്രസിദ്ധി നേടിയിട്ടുണ്ട്. മെയോ കൗണ്ടിയിലെ സ്ട്രെയ്ഡിൽ 1846 മാർച്ച് 25-ന് ഒരു കർഷകന്റെ പുത്രനായി ഇദ്ദേഹം ജനിച്ചു. 1852-ൽ കുടിയിറക്കപ്പെട്ട ഡാവിറ്റിന്റെ കുടുംബം ലങ്കാഷയറിലേക്ക് താമസം മാറ്റി.
തുണിമിൽ തൊഴിലാളി
തിരുത്തുകതുണിമിൽ തൊഴിലാളിയായി പ്രവർത്തിച്ചുകൊണ്ടിരിക്കെ 1857-ൽ അപകടത്തിൽപ്പെട്ട് ഇദ്ദേഹത്തിന്റെ ഒരു കൈ നഷ്ടപ്പെട്ടു. അയർലണ്ടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്ന അന്താരാഷ്ട്ര സംഘടനയായ ഐറിഷ് റിപ്പബ്ലിക്കൻ ബ്രദർഹുഡിൽ (ഫെനിയൻ) അംഗമായി 1865-മുതൽ പ്രവർത്തിച്ചുതുടങ്ങി. ഈ സംഘടനയുടെ ഇംഗ്ലണ്ടിലേയും സ്കോട്ട്ലൻഡിലേയും സംഘാടക സെക്രട്ടറിയായി ഇദ്ദേഹം 1868-ൽ നിയുക്തനായി. ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും അയർലണ്ടിനെ സ്വതന്ത്രമാക്കാനുളള യത്നത്തിലേർപ്പെട്ടിരിക്കെ അയർലണ്ടിലേക്ക് ആയുധങ്ങൾ കയറ്റി അയച്ച കുറ്റത്തിന് 1870 മേയ് 14-ആം തീയതി ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും 15-വർഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. എന്നാൽ ഏഴു വർഷമായപ്പോഴേക്കും 1877-ൽ മോചിതനായി.
ഭൂപരിഷ്കരണത്തിനായി
തിരുത്തുകഫെനിയൻ വിപ്ലവ പ്രസ്ഥാനത്തെ ചാൾസ് പാർനലിന്റെ വ്യവസ്ഥാപിത പ്രക്ഷോഭവുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതിന് ഇദ്ദേഹം യത്നിച്ചു. ഫെനിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 1878-ൽ യു. എസ്സിലേക്കു പോയ ഡാവിറ്റ് 1879-ൽ അയർലണ്ടിൽ മടങ്ങിയെത്തി. പാർനലുമായി സഹകരിച്ച്, ഭൂപരിഷ്കരണം സാധ്യമാക്കുന്നതിനു വേണ്ടി സമരം നയിച്ച നാഷണൽ ലാൻഡ് ലീഗ് എന്ന സംഘടന സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി. 1881-ലെ ഭൂനിയമ നിർമ്മാണത്തിന് ഇതിന്റെ പ്രവർത്തനം പ്രേരകമായിഭവിച്ചു.
വീണ്ടും ജയിൽ
തിരുത്തുകഇദ്ദേഹം പിൽക്കാലത്ത് പാർനലുമായി അഭിപ്രായ വ്യത്യാസത്തിലായി. സ്വാതന്ത്ര്യലബ്ധിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ 1881-82 കാലയളവിലും 83-ലും ഇദ്ദേഹം ജയിലിൽ അടയ്ക്കപ്പെടുകയുണ്ടായി. 1882-ൽ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കുറ്റവാളിയാണെന്ന കാരണത്താൽ അംഗത്വം നിഷേധിക്കപ്പെട്ടു. 1892-ലും 93-ലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സഭയിലിരിക്കാൻ കഴിഞ്ഞില്ല. 1895-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെങ്കിലും ഗ്രേറ്റ് ബ്രിട്ടന്റെ സൗത്ത് ആഫ്രിക്കൻ യുദ്ധത്തിൽ (ബൊയർ യുദ്ധം) പ്രതിഷേധിച്ച് 1899-ൽ ഈ സ്ഥാനം രാജിവച്ചു.
രചിച്ച ഗ്രന്ഥങ്ങൾ
തിരുത്തുക- ലീവ്സ് ഫ്രം എ പ്രിസൺ ഡയറി (1884)
- ദ് ബൊയർ ഫൈറ്റ് ഫോർ ഫ്രീഡം (1902)
- ദ് ഫോൾ ഒഫ് ഫ്യൂഡലിസം ഇൻ അയർലണ്ട് (1904)
തുടങ്ങിയ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1906 മേയ് 31-ന് ഡബ്ലിനിൽ ഇദ്ദേഹം നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാവിറ്റ്, മൈക്കേൽ (1846-1906) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |