19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറുമറക്കുന്നതിനും മേൽമുണ്ടു ധരിക്കുന്നതിനും വേണ്ടി നടത്തിയ സമരത്തെയാണ് മേൽശീലകലാപം (മാറുമറക്കൽ സമരം) എന്നു പറയുന്നത്. മിഷനറിമാരുടെ പ്രവർത്തനഫലമായി വിദ്യാഭ്യാസം ലഭിച്ച് ചാന്നാർ സ്ത്രീകൾക്ക് മാറുമറക്കേണ്ടത് ആവശ്യമാണ് എന്നു തോന്നിത്തുടങ്ങി. തൊട്ടടുത്ത തിരുനൽലിയിലെ സ്ത്രീകൾ ബ്ലൗസുപയോഗിച്ചിരുന്നത് ഇവർക്ക് മറ്റൊരു പ്രേരണയായി. അങ്ങനെ ഇവർ ബ്ലൗസ്സും മേൽമുണ്ടും ഉപയോഗിക്കാൻ തുടങ്ങിയതോടെ സവർണ്ണജാതിക്കാർ അതിനെ എതിർത്തു. ഇത് ഒരു കലാപത്തിലേക്കു നയിച്ചു. 1822ൽ തുടങ്ങിയ കലാപം 1859ൽ തിരുവിതാംകൂർ രാജാവ് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് അനുവദിച്ചു നൽകുന്നതു വരെ നീണ്ടു.[1]

ഈ സമരത്തിൽ ബ്രിട്ടീഷ് ഭരണാധികാരികളും ക്രിസ്റ്റ്യൻ മിഷനറിമാരും ചാന്നാന്മാരുടെ ഭാഗത്തായിരുന്നു. യഥാർത്ഥത്തിൽ 1812ൽ തന്നെ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൻറോ കീഴ്ജാതിക്കാർക്ക് കുപ്പായം ധരിക്കാൻ അധികാരമുണ്ട് എന്ന് കല്പന പുറപ്പെടുവിച്ചിരുന്നു.[2] 1822 ആയപ്പോഴേക്കും കുപ്പായം ധരിക്കുന്ന ചാന്നാട്ടികൾക്കെതിരെ നായന്മാർ വ്യാപകമായ അക്രമം അഴിച്ചു വിടാൻ തുടങ്ങി. ഇങ്ങനെ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയപ്പോൾ ക്രിസ്ത്യൻ ചാന്നാട്ടികൾ ബ്ലൗസിടാമെന്നും അവർ മേൽമുണ്ട് ധരിച്ചുകൂടെന്നും സർക്കാർ ഉത്തരവു വന്നു. മതംമാറാത്ത ചാന്നാട്ടികൾ ഈ അവകാശം അപ്പോഴും കിട്ടിയില്ല. 1858ൽ ഉണ്ടായ രൂക്ഷമായ കലാപത്തെ തുടർന്ന് മതം മാറാത്ത ചാന്നാട്ടികൾക്കും ഈ അവകാശം അനുവദിച്ചു കിട്ടി. അപ്പോഴും മേൽമുണ്ട് ധരിക്കാനുള്ള അവകാശം കിട്ടുകയുണ്ടായില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളുടെ സമ്മർദ്ദത്തിനു വഴങ്ങി തിരുവിതാംകൂർ സർക്കാർ 1865ൽ വസ്ത്രധാരണത്തിലുണ്ടായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും നീക്കം ചെയ്തു. അധീശത്വത്തിനെതിരായ കീഴാളജനതയുടെ ആദ്യവിജയങ്ങളിലൊന്നായിരുന്നു ഇത്. ക്രിസ്ത്യൻ-ഹിന്ദു വേർതിരിവുകളോടെ നിന്നിരുന്ന ചാന്നാർ സമുദായക്കാരുടെ ഏകീകരണത്തിനും ഈ സമരം വഴിവെച്ചു.[1][2]

  1. 1.0 1.1 സമകാലിക മലയാളം വാരിക പ്രത്യേകപതിപ്പ് - 2000 ജനുവരി 7
  2. 2.0 2.1 കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ - ജെ. ദേവിക
"https://ml.wikipedia.org/w/index.php?title=മേൽശീലകലാപം&oldid=2291697" എന്ന താളിൽനിന്ന് ശേഖരിച്ചത്