മേഷാദി
ഈ ലേഖനം ദുർഗ്രഹമാം വിധം സാങ്കേതികസംജ്ഞകൾ ഉൾക്കൊള്ളുന്നു. ഈ ലേഖനം കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പരിഷ്കരിക്കേണ്ടതുണ്ട്. |
ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിൽ ഏറ്റവും പ്രാഥമികവും അടിസ്ഥാനവുമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന ഒരു മൂലബിന്ദുവാണു് മേഷാദി അഥവാ മഹാവിഷുവം (First point of Aries).
ഭൂമിയുടെ അച്ചുതണ്ടിനു ലംബമായും ഭൂമദ്ധ്യരേഖയ്ക്കു സമകേന്ദ്രീയമായും (concentric) ആകാശത്തിലൂടെ കടന്നുപോകുന്നതായി സങ്കൽപ്പിക്കാവുന്ന ഒരു മഹാവൃത്തമാണു് ഖഗോളമദ്ധ്യരേഖ (celestial equator). ഭൂമദ്ധ്യരേഖയിൽ നിൽക്കുന്ന ഒരാളെസംബന്ധിച്ചിടത്തോളം ഈ രേഖ കടന്നുപോകുന്നതു് ചക്രവാളത്തിലെ പടിഞ്ഞാറേ അറ്റത്തുനിന്നും അയാളുടെ ഉച്ചിയിലൂടെ (തലയ്ക്കുമുകളിലുള്ള ദിശയിൽ ആകാശത്തിന്റെ പരകോടി - zenith) ചക്രവാളത്തിന്റെ കിഴക്കേ അറ്റം വഴി ഭൂമിയുടെ എതിർവശത്തു് (കാൽച്ചുവടിന്റെ ദിശയിൽ) അധോലംബബിന്ദു(nadir)വഴി തിരിച്ച് പടിഞ്ഞാറെ ചക്രവാളബിന്ദുവിൽ എത്തുന്ന സാങ്കൽപ്പികരേഖയാണു് ഈ മഹാവൃത്തം.
എന്നാൽ ഈ ഖഗോളമദ്ധ്യരേഖയുടെ അതേ തലത്തിലല്ല ഭൂമി സൂര്യനെ പ്രദക്ഷിണം വെക്കുന്ന ഭ്രമണപഥം. ഏകദേശം 23.5 ഡിഗ്രി ചെരിവ് (obliquity of the orbit) ഈ രണ്ടു തലങ്ങളുമായുണ്ടു്. അതുകൊണ്ടു് സൂര്യനും സൗരയൂഥത്തിലുള്ള മറ്റംഗങ്ങളും ഭൂമിക്കുചുറ്റും കറങ്ങുന്നതായി തോന്നുന്നതു് മറ്റൊരു വൃത്തത്തിലൂടെയാണു്. ഈ വൃത്തത്തിനെയാണു് ക്രാന്തിവൃത്തം എന്നു പറയുന്നതു്.
ഖഗോളമദ്ധ്യരേഖയും ക്രാന്തിവൃത്തവും തമ്മിൽ പരസ്പരം മുറിച്ചുകടന്നുപോകുന്നതിനാൽ പരസ്പരം എതിർദിശയിൽ നിൽക്കുന്ന രണ്ടു ബിന്ദുക്കളിൽ ഇവ സംഗമിക്കേണ്ടതാണു്. ഈ ബിന്ദുക്കളെ വിഷുവങ്ങൾ (points of equinox) എന്നു വിളിക്കാം.
ഇതിൽ ഒരു ബിന്ദുവാണു് മേഷാദി അഥവാ മഹാവിഷുവം (first point of Aries). ജ്യോതിഃശാസ്ത്രത്തിലും ജ്യോതിഷത്തിലും ഖഗോളഗണിതത്തിൽ ഏറ്റവും പ്രാഥമികമായ മൂലബിന്ദുവായി മേഷാദിയെ പരിഗണിക്കുന്നു. മേഷാദിയിൽനിന്നും ഒരു ഖഗോളവസ്തുവിലേക്കുള്ള സ്ഥാനവ്യത്യാസമാണു് ആ ഖഗോളവസ്തുവിന്റെ രേഖാംശം നിർണ്ണയിക്കുന്നതു്. ഈ രേഖാംശം തന്നെയാണു് സ്ഫുടം എന്നും അറിയപ്പെടുന്നതു്.