ട്രിഫിഡ് നെബുല
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു H II മേഖലയാണ് മെസ്സിയർ 20 (M20) അഥവാ NGC 6514. ട്രിഫിഡ് നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു.
മെസ്സിയർ 20 | |
---|---|
Observation data: J2000 epoch | |
തരം | എമിഷൻ/റിഫ്ലെക്ഷൻ |
റൈറ്റ് അസൻഷൻ | 18h 02m 23s[1] |
ഡെക്ലിനേഷൻ | −23° 01′ 48″[1] |
ദൂരം | 5200 ly[2] |
ദൃശ്യകാന്തിമാനം (V) | +6.3[1] |
ദൃശ്യവലുപ്പം (V) | 28 ആർക്‌മിനിറ്റ് |
നക്ഷത്രരാശി | ധനു |
ഭൗതിക സവിശേഷതകൾ | |
മറ്റ് പേരുകൾ | ട്രിഫിഡ് നെബുല, NGC 6514,[1] Sharpless 30, RCW 147, Gum 76 |
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae | |
ചരിത്രം
തിരുത്തുക1750-ൽ ഗിയോം ലെ ജെന്റിൽ ആണ് ഈ നീഹാരികയെ കണ്ടെത്തിയത്. ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ ഇരുപതാമത്തെ അംഗമായി ചേർത്തു. ജോൺ ഹെർഷലാണ് ഇതിന് ട്രിഫിഡ് നെബുല എന്ന പേര് നൽകിയത്.
നിരീക്ഷണം
തിരുത്തുകട്രിഫിഡ് എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് എന്നാണർത്ഥം. നീഹാരികയെ സാമാന്യം വലിയ ദൂരദർശിനിയിലൂടെ നിരീക്ഷിച്ചാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതുപോലെ കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
മെസ്സിയർ 20 വിവിധതരം ജ്യോതിശാസ്ത്രവസ്തുക്കളുടെ സംയോഗമാണ്. ഒരു തുറന്ന താരവ്യൂഹം, താഴെ ചുവന്ന നിറത്തിൽ കാണുന്ന ഒരു എമിഷൻ നീഹാരിക, മുകളിൽ നീലനിറത്തിൽ കാണുന്ന ഒരു പ്രതിഫലനനീഹാരിക, നീഹാരികയെ മൂന്നായി വിഭജിക്കുന്ന ഇരുണ്ട നീഹാരിക (ബർണാർഡ് 85 എന്നതാണ് ഇതിന്റെ ബർണാർഡ് സംഖ്യ) എന്നിവ ചേർന്നതാണ് M20. ചെറിയൊരു ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ഇത് എന്നതിനാൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് പ്രിയപ്പെട്ടതാണ്.[3] 6.3 ആണ് ദൃശ്യകാന്തിമാനം.
വളരെയധികം ജ്യോതിശാസ്ത്രവസ്തുക്കളുള്ള ആകാശഭാഗത്താണ് മെസ്സിയർ 20 സ്ഥിതിചെയ്യുന്നത്. ലഗൂൺ നെബുല ഇതിന് 2 ഡിഗ്രി മാത്രം അകലെയാണ്.
സവിശേഷതകൾ
തിരുത്തുകഭൂമിയിൽ നിന്ന് 5,200 പ്രകാശവർഷം അകലെയായാണ് M20 നിലകൊള്ളുന്നത്.
1997-ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ഹൈഡ്രജൻ, അയണീകൃത സൾഫർ, ഇരട്ട അയണീകൃത ഓക്സിജൻ എന്നിവയിൽ നിന്നുള്ള പ്രസരണം വേർതിരിക്കുന്ന ഫിൽട്ടറുകളുപയോഗിച്ച് നീഹാരികയെ നിരീക്ഷിക്കുകയും ഈ ചിത്രങ്ങളെ കൂട്ടിച്ചേർത്ത് കണ്ണുകൾക്ക് നീഹാരിക എങ്ങനെ ദൃശ്യമാകും എന്ന് സൂചിപ്പിക്കുന്ന ഒരു ഫാൽസ് കളർ ചിത്രം സൃഷ്ടിക്കുകയും ചെയ്തു.
ഭ്രൂണാവസ്ഥയിലുള്ള നക്ഷത്രങ്ങൾ നിറഞ്ഞ പൊടിയും വാതകങ്ങളും കൊണ്ട് സാന്ദ്രമായ ഒരു നക്ഷത്രരൂപീകരണമേഖല ഈ ചിത്രങ്ങളിൽ കാണാനാകും. നീഹാരികയുടെ കേന്ദ്രനക്ഷത്രത്തിൽ നിന്ന് 8 പ്രകാശവർഷം അകലെയാണ് ഈ സാന്ദ്രമേഘത്തിന്റെ സ്ഥാനം. 0.75 പ്രകാശവർഷം നീളമുള്ള ഒരു വാതകജെറ്റ് മേഘത്തിൽ നിന്ന് പുറത്തുവരുന്നു. നക്ഷത്രരൂപീകരണത്തിന്റെ ഭാഗമായി പുറത്തുവരുന്ന വാതകങ്ങളാണ് ജെറ്റുകളാവുന്നത്, മേഘത്തിനകത്ത് സ്ഥിതിചെയ്യുന്ന പ്രായം കുറഞ്ഞ ഒരു നക്ഷത്രവസ്തുവാണ് ജേറ്റിന്റെ ഉത്ഭവസ്ഥാനം. നീഹാരികയുടെ കേന്ദ്രനക്ഷത്രത്തിൽ നിന്നുള്ള വികിരണങ്ങൾ ജെറ്റ് പ്രശോഭിക്കാൻ കാരണമാകുന്നു.
വാതകജെറ്റിന് വലതുഭാഗത്തായി വിരൽ രൂപത്തിലുള്ള ഒരു ഘടനയും ചിത്രങ്ങളിൽ നിന്ന് ദൃശ്യമായി. മേഘത്തിൽ നിന്ന് നീഹാരികയുടെ കേന്ദ്രത്തിലെ നക്ഷത്രത്തിന്റെ ദിശയിലേക്കാണ് ഈ വിരൽ ചൂണ്ടിനിൽക്കുന്നത്. ബാഷ്പീകരിക്കപ്പെടുന്ന വാതകഗ്ലോബ്യൂളുകൾക്ക് (Evaporating gaseous globule/EGG) ഉദാഹരണമാണിത്. ഇതിന്റെ അറ്റത്തായി വളരെ സാന്ദ്രമായ ഒരു വാതകഭാഗമുള്ളതിനാലാണ് നക്ഷത്രത്തിന്റെ ശക്തിയേറിയ വികിരണം മൂലം ഈ ഭാഗം നശിച്ചുപോകാത്തത്.
ദൃശ്യപ്രകാശം വഴി കാണാനാകാത്ത 30 ഭ്രൂണാവസ്ഥയിലുള്ള നക്ഷത്രങ്ങളെയും 120 പുതുതായി ജനിച്ച നക്ഷത്രങ്ങളെയും 2005 ജനുവരിയിൽ നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി M20-ൽ നിരീക്ഷിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for NGC 6514. Retrieved 2006-11-16.
- ↑ "Star formation in the Trifid Nebula" (PDF). Astronomy&Astrophysics 489, 157–171 (2008). Retrieved 2011-10-09.
- ↑ "Science Daily". Science Daily article on Trifid Nebula. Retrieved 2010-07-06.