മെറ്റ്‌സമോർ
മെറ്റ്‌സമോർ (Armenian: Մեծամոր, Armenian pronunciation: [mɛt͡sɑˈmoɾ]), അർമേനിയയിലെ അർമാവിർ പ്രവിശ്യയിലെ ഒരു പട്ടണവും ഒരു നഗര മുനിസിപ്പൽ സമൂഹവുമാണ്. ട്രാൻസ്‌കാക്കേഷ്യൻ മേഖലയിലെ ഏക ആണവ നിലയമായ അർമേനിയയിലെ മെറ്റ്‌സമോർ ആണവ നിലയത്തിന്റെ കേന്ദ്രമെന്ന നിലയിൽ ഇത് പ്രശസ്തമാണ്. 2011 ലെ സെൻസസ് രേഖകൾ പ്രകാരം പട്ടണത്തിൽ 9,191 ജനസംഖ്യയുണ്ടായിരുന്നു. 2016 ലെ ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം മെറ്റ്‌സമോറിൽ ഏകദേശം 8,000 ജനസംഖ്യയുണ്ടായിരുന്നു.
മെറ്റ്‌സമോർ Մեծամոր | |
---|---|
Metsamor | |
Coordinates: 40°08′34″N 44°06′59″E / 40.14278°N 44.11639°E | |
Country | Armenia |
Marz (Province) | Armavir |
Founded | 1969 |
• ആകെ | 9.12 ച.കി.മീ.(3.52 ച മൈ) |
ഉയരം | 855 മീ(2,805 അടി) |
(2011 census) | |
• ആകെ | 9,191 |
• ജനസാന്ദ്രത | 1,000/ച.കി.മീ.(2,600/ച മൈ) |
സമയമേഖല | UTC+4 ( ) |
Sources: Population[1] |
പദോൽപ്പത്തി
തിരുത്തുകപട്ടണത്തിന് സമീപത്തുകൂടി ഒഴുകുന്ന നദിയായ മെറ്റ്‌സമോറിൽ നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിച്ചത്.
ചരിത്രം
തിരുത്തുക1969-ൽ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ഹോക്ടെംബെറ്യാൻ റയോണിനുള്ളിൽ മെറ്റ്‌സമോർ അധിവാസകേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. മെറ്റ്‌സമോർ ആണവനിലയത്തിലെ ജീവനക്കാരുടെ താമസസ്ഥലമെന്ന നിലയിലാണ് ഇത് പ്രധാനമായും സ്ഥാപിക്കപ്പെട്ടത്. 1972-ൽ പൂർത്തിയാക്കപ്പെട്ട റെസിഡൻഷ്യൽ ജില്ലയ്ക്ക് ഒരു നഗര ജനവാസകേന്ദ്രമെന്ന പദവി നൽകപ്പെട്ടു. പ്രധാന വാസ്തുശില്പിയായ മാർട്ടിൻ മികയേലിയൻ, ആർക്കിടെക്റ്റുമാരായ ജി. ഹോവ്സെപ്യാൻ, കെ. തിരാതുര്യൻ എന്നിവരുടെ പിന്തുണയോടെയാണ് നഗരത്തിന്റെ നിർമ്മാണം രൂപകൽപ്പന ചെയ്തത്. 1972 വരെ അർമേനിയൻ ആണവ നിലയത്തിന്റെ വാസസ്ഥലം എന്നറിയപ്പെട്ടിരുന്ന ഇത് അടുത്തുള്ള നദിയുടെ പേരിൽ മെറ്റ്‌സമോർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ആണവ നിലയത്തിന്റെ നിർമ്മാണം 1969-ൽ ആരംഭിച്ചു. യൂണിറ്റ് 1 പ്ലാന്റ് 1976 ഡിസംബർ 22-നും യൂണിറ്റ് 2, 1980 ജനുവരി 5-നും കമ്മീഷൻ ചെയ്തു.[2] എന്നിരുന്നാലും, 1988 ലെ അർമേനിയൻ ഭൂകമ്പത്തെത്തുടർന്ന് പാരിസ്ഥിതിക കാരണങ്ങളാൽ 1989-ൽ ഇത് താൽക്കാലികമായി അടച്ചുപൂട്ടി. അടച്ചുപൂട്ടൽ മൂലമുണ്ടായ ഊർജ്ജക്ഷാമം 1993-ൽ ആണവ നിലയം വീണ്ടും തുറക്കാൻ അർമേനിയൻ സർക്കാരിനെ നിർബന്ധിതരാക്കി. യൂണിറ്റ് 2 റിയാക്ടർ 1995 ഒക്ടോബർ 26-ന് വീണ്ടും പ്രവർത്തനക്ഷമമാക്കി. ഇക്കാലത്ത്, അർമേനിയയുടെ ഊർജ്ജാവശ്യത്തിന്റെ 40 ശതമാനം ഉത്പാദിപ്പിക്കുന്നത് മെറ്റ്സാമോർ പ്ലാന്റാണ്.[3] 2003-നും 2015-നും ഇടയിൽ പ്ലാന്റ് വൻതോതിൽ നവീകരിക്കുകയും പുനർവികസനം നടത്തുകയും ചെയ്തു. 2026-ഓടെ പഴയ റിയാക്ടറുകൾക്ക് പകരമായി ഒരു മൂന്നാം യൂണിറ്റിന്റെ നിർമ്മാണം ആസൂത്രണം ചെയ്തിട്ടുണ്ട്.
1991-ൽ അർമേനിയയുടെ സോവിയറ്റ് യൂണിയനിൽനിന്നുള്ള സ്വാതന്ത്ര്യത്തെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം, പുതുതായി രൂപീകരിച്ച അർമാവീർ പ്രവിശ്യയ്ക്കുള്ളിൽ മെറ്റ്‌സമോർ ഒരു നഗര വാസസ്ഥലമെന്ന പട്ടണത്തിന്റെ പദവി നിലനിർത്തി.
ഭൂമിശാസ്ത്രം
തിരുത്തുകമധ്യ അർമേനിയയുടെ പടിഞ്ഞാറ് ഭാഗത്ത് അരാരത്ത് സമതലത്തിൽ, സമുദ്രനിരപ്പിൽ നിന്ന് ശരാശരി 855 മീറ്റർ ഉയരത്തിലാണ് മെറ്റ്‌സമോർ പട്ടണം സ്ഥിതി ചെയ്യുന്നത്. ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടങ്ങളാൽ വലയം ചെയ്യപ്പെട്ട ഈ നഗരം, തലസ്ഥാനമായ യെറിവാനിൽ നിന്ന് 35 കിലോമീറ്റർ ദരെ പടിഞ്ഞാറ് ഭാഗത്തായും പ്രവിശ്യാ കേന്ദ്രമായ അർമാവീറിൽ നിന്ന് 6 കിലോമീറ്റർ ദൂരെ കിഴക്കുഭാഗത്തായുമാണ് സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ ജനവാസ മേഖലയ്ക്ക് വടക്ക് ഏകദേശം 4 കിലോമീറ്റർ അകലെയാണ് പട്ടണത്തിലെ ആണവ നിലയം സ്ഥിതി ചെയ്യുന്നത്. പ്രധാന നഗര പദ്ധതി പ്രകാരം, 3 ജില്ലകളായി തിരിച്ചിരിക്കുന്ന പട്ടണത്തിലെ താമസ മേഖലയിൽ സെൻട്രൽ ജില്ലയിൽ ടൗൺ ഹാൾ, സെൻട്രൽ പാർക്ക്, സാംസ്കാരിക ഭവനം, തപാലോഫീസ്, മറ്റ് സേവന, മുനിസിപ്പൽ കെട്ടിടങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നു.
ജനസംഖ്യാശാസ്ത്രം
തിരുത്തുക1970-ൽ ആണവ നിലയത്തിൽ ജോലി ചെയ്യുന്നതിനായി പട്ടണത്തിൽ എത്തിയ അർമാവീർ പ്രവിശ്യയിലെ നിരവധി ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് മെറ്റ്‌സമോർ പട്ടണത്തിലെ ജനസംഖ്യ രൂപപ്പെട്ടത്. നിലവിൽ, പട്ടണത്തിൽ പ്രധാനമായും അർമേനിയക്കാരും റഷ്യക്കാർ, യസീദികൾ, അസീറിയക്കാർ എന്നിവരുടെ ചെറു സമൂഹങ്ങളും താമസിക്കുന്നു.