മെറ്റമോർഫോസിസ്
ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജർമ്മൻ സാഹിത്യകാരൻ ഫ്രാൻസ് കാഫ്കയുടെ ഏറ്റവും അറിയപ്പെടുന്ന രചനകളിലൊന്നാണ് മെറ്റമോർഫോസിസ് (രൂപപരിണാമം; ജർമ്മൻ: Starke Verwandlung). ഒരു ലഘുനോവൽ (നോവെല്ല) അല്ലെങ്കിൽ ദീർഘകഥയാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യഭാവനയിൽ പിറന്ന ഏറ്റവും തികവുറ്റ മഹദ്‌രചനകളിൽ ഒന്നെന്ന് എലിയാസ് കാനേറ്റി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ കാലത്തെക്കുറിച്ച് ഷേയ്ക്സ്പിയർ എന്ന പോലെ ഈ കൃതിയിൽ കാഫ്ക നമ്മുടെ കാലത്തെക്കുറിച്ചു പറയുന്നു എന്ന് ഡബ്ലിയൂ എച്ച് ഓഡണും(W.H.Auden) ഇതിനെ പുകഴ്ത്തി.[1] 1912-ൽ എഴുതിയ ഈ നോവൽ1915-ൽ ആണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
കർത്താവ് | ഫ്രാൻസ് കാഫ്ക |
---|---|
യഥാർത്ഥ പേര് | ഡി വെർവാൻഡ്ലങ് |
രാജ്യം | ഓസ്ട്രിയ-ഹങ്കറി |
ഭാഷ | ജർമ്മൻ ഭാഷ |
സാഹിത്യവിഭാഗം | ദാർശനിക നോവൽ ദീർഘകഥ, 'അസംബന്ധ'-കഥ |
പ്രസാധകർ | കുർട്ട് വുൾഫ്, വെർലാഗ്, ലീപ്സിഗ് |
പ്രസിദ്ധീകരിച്ച തിയതി | 1916 |
രൂപപരിണാമം
തിരുത്തുകഅച്ഛനമ്മമാരോടും സഹോദരിയോടുമൊപ്പം ജീവിച്ചിരുന്ന ഒരു സേൽസ് റെപ്രസന്റേറ്റീവായിരുന്നു ഗ്രിഗർ സംസാ. ഒരു പ്രഭാതത്തിൽ അസ്വസ്ഥമായ ഒരു സ്വപ്നത്തിനിടയിൽ ഉറക്കമുണർന്ന അയാൾ, താൻ ഒരു വലിയ കീടമായി[൧] മാറിയിരിക്കുന്നതായി കാണുന്നതു പറഞ്ഞാണ് ഈ കഥയുടെ തുടക്കം. വീർത്തു വിലക്ഷണമായ വയറും നേർത്ത കാലുകളുമുള്ള തന്റെ വൃത്തികെട്ട രൂപം, കിടക്കയിൽ കിടന്നുകൊണ്ടു തല ഉയർത്തി നോക്കിയ അയാൾക്കു കാണാൻ കഴിഞ്ഞു. ഈ രൂപപരിണാമം അയാളെ മറ്റുള്ളവരിൽ നിന്ന് ക്രൂരമാം വിധം അകറ്റിയെങ്കിലും പുതിയ രൂപത്തിലും അയാൾക്കുള്ളിൽ മനുഷ്യചേതന കുടികൊള്ളുന്നുണ്ടായിരുന്നു. എന്നാൽ ഇത് ആരും തിരിച്ചറിഞ്ഞില്ല.
കീടത്തിന്റെ ജീവിതം
തിരുത്തുകമറ്റുള്ളവർ മുറിയിൽ വരുമ്പോൾ അവരെ ഭയപ്പെടുത്താതിരിക്കാനായി മറഞ്ഞിരിക്കുകയാണ് 'കീടം' ചെയ്തിരുന്നത്. രണ്ടുമാസം കഴിഞ്ഞ് ഒരു ദിവസം, ഗ്രിഗറിന് ഇഴഞ്ഞുനടക്കാൻ കൂടുതൽ ഇടം കിട്ടാനായി സാമാനങ്ങൾ മാറ്റി മുറിയിൽ വെളിയിൽ കൊണ്ടു പോകാൻ തീരുമാനിച്ച സഹോദരി അമ്മയുടെ കൂടി സഹായം തേടി. ആ ജോലിക്കിടെ ഗ്രിഗറിനെ തെളിവായി കാണാനിടയായ അമ്മയ്ക്ക് ബോധക്ഷയം വന്നു. ബോധം തിരികെ വരുത്താനായി ചൊറുക്കയോ മരുന്നോ അന്വേഷിച്ച് അടുത്ത മുറിയിലേക്കു പോയ സഹോദരിക്കൊപ്പം ഗ്രിഗറും, കൂടുതൽ ആലോചിക്കാതെ ഇറങ്ങിച്ചെന്നു. ഇതിനിടെ വീട്ടിൽ മടങ്ങി വന്ന അച്ഛനെ ഇത് അരിശപ്പെടുത്തി. അയാൽ ഗ്രിഗറിനെ, തിന്നാൽ കയ്യിൽ കരുതിയിരുന്ന ആപ്പിൾ കൊണ്ട് എറിഞ്ഞു. അത് ഗ്രിഗറിന്റെ പുറത്ത് മുറിവുണ്ടാക്കി അവിടെ തറച്ചിരുന്നു. ഒടുവിൽ ഗ്രിഗറിനെ തിരികെ മുറിയൽ കയറ്റി അവർ വാതിൽ അടച്ചു. ഈ മാറ്റത്തിന്റെ തുടക്കത്തിൽ അയാളെ സഹതാപത്തോടെ കണ്ടിരുന്ന സഹോദരി പോലും ക്രമേണ സഹോദരനെ അവഗണിക്കുകയും ഒടുവിൽ വെറുക്കുകയും ചെയ്തു. വീട്ടിൽ സംഭവിച്ച കാര്യത്തെക്കുറിച്ചു സൂചന കിട്ടിയ രണ്ടു വേലക്കാരികൾ വീടുവിട്ടുപോയി. ഗ്രിഗറിനെ ഒരുതരം മാനക്കേടായി കണ്ട കുടുംബം അയാളെ ഒരു മുറിയിൽ അടച്ചിട്ടു. വല്ലപ്പോഴും സഹോദരി എന്തെങ്കിലും ഭക്ഷണം മുറിയിലേക്കു തള്ളി വച്ചു കൊടുത്തു. ആദ്യമൊക്കെ അതിൽ വല്ലതുമൊക്കെ കഴിച്ചിരുന്ന ഗ്രിഗറിന് ഒടുവിലായപ്പോൾ ഒന്നും വേണ്ടാതായി.
അന്ത്യം
തിരുത്തുകവീട്ടിലെ മുറികളിലൊന്നിൽ താമസിക്കാൻ തുടങ്ങിയിരുന്ന മൂന്നു വാടകക്കാർക്കു വേണ്ടി, ഒരു സായാഹ്നത്തിൽ സഹോദരി നടത്തിയ വയലിൻ ആലാപനത്തിന്റെ ആകർഷണത്തിൽ അയാൾ അറിയാതെ മുറിക്കു വെളിയിൽ വന്നത് വലിയ കോലാഹലത്തിനു കാരണമായി. കീടത്തെ പുറത്തു കണ്ടതോടെ വീട്ടുകാർക്ക് അതിനോട് കടുത്ത അമർഷമായി. വീടൊഴിഞ്ഞു പോകുമെന്ന് വാടകക്കാർ ഭീഷണിപ്പെടുത്തി. കീടം തന്റെ സഹോദരനല്ലെന്നും ആയിരുന്നെങ്കിൽ, അച്ഛനമ്മമാർക്കും സഹോദരിക്കും തന്റെ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാക്കുന്ന കഷ്ടത അറിഞ്ഞ് അവൻ വീടുവിട്ടുപോകുമായിരുന്നെന്നും സഹോദരി പറഞ്ഞു. ഇതൊക്കെ കേട്ട ഗ്രിഗർ, തന്റെ മുറിയിൽ തിരികെ ഇഴഞ്ഞു കയറി. വളരെ ബദ്ധപ്പെട്ടാണ് അയാൾ അതു ചെയ്തത്. പുറത്ത് ആപ്പിളിന്റെ ഏറുകൊണ്ടായ മുറിവും ഏറെനാളത്തെ പട്ടിണിയും അയാളെ ക്ഷീണിപ്പിച്ചിരുന്നു. ഗ്രിഗർ അകത്തു കയറിയ ഉടനേ സഹോദരി മുറി പുറത്തു നിന്ന് പൂട്ടി. അവിടെ ദുഃഖഭരിതവും നിദ്രാരഹിതവുമായ ഒരു രാത്രി കൂടി കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. പിറ്റേന്ന് മുറി വൃത്തിയാക്കാൻ ചെന്ന പരിചാരികയാണ് ജഡം ആദ്യം കണ്ടത്. വീട്ടുകാർ ആവശ്യപ്പെടാതെ തന്നെ അവൾ അതിനെ വീട്ടിനു പുറത്തു കളയുകയും ചെയ്തു. വീട്ടുകാർക്കും ആശ്വാസവും സന്തോഷവുമായി. അന്ന് അവർ ഏറെ നാളുകൾക്കു ശേഷം വെളിയിൽ സവാരിക്കു പോയി. വഴിക്ക് തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചപ്പോൾ, അത് മോശമല്ലെന്ന് അവർക്കു മനസ്സിലായി.[2]
ജന്തുബിംബം
തിരുത്തുക1912 നവംബർ 17-ആം തിയതി ഞായറാഴ്ച രാവിലെ, കാമുകി ഫെലിസ് ബൗറിന്റെ കത്തുമായി താപാൽക്കാരൻ വരുന്നതും കാത്തു കിടക്കുമ്പോഴാണ് ഈ നോവലിന്റെ ആശയം കാഫ്കയുടെ മനസ്സിലുദിച്ചത്. മകനെ നികൃഷ്ടജീവിയെന്ന മട്ടിൽ കൈകാര്യം ചെയ്യുകയും ജന്തുനാമങ്ങളുപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്ത പിതാവിന്റെ സ്വാധീനം ഈ ജന്തുബിംബത്തിന്റെ കണ്ടെത്തലിനു പിന്നിൽ കാണുന്നവരുണ്ട്.[3]
കുറിപ്പുകൾ
തിരുത്തുക൧ ^ ഏതു തരം കീടമായാണ് പരിവർത്തനം എന്നു വ്യക്തമല്ല. കഥയിൽ ഒരിടത്ത് ഒരു പരിചാരിക ഗ്രിഗറിലെ ചാണകവണ്ട് (Dung Beetle) എന്നു വിളിക്കുന്നുണ്ട്.[4]
അവലംബം
തിരുത്തുക- ↑ The Folio Society, Metamorphosis and other stories
- ↑ കെ.പി. അപ്പൻ, ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന പുസ്തകത്തിലെ, "കഫ്ക: മുഖം മൂടിയില്ലാതെ" എന്ന ലേഖനം
- ↑ 'K' A Biography of Kafka, റൊണാൾഡ് ഹേമാൻ, പുറം 150
- ↑ "Come over here for a minute, you old dung beetle": കാഫ്കയുടെ ലഘുനോവലായ മെറ്റമോർഫോസിസിന് സ്റ്റാൻലി കോൺഗോൾഡിന്റെ ആമുഖത്തോടെ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷ (ബന്ധാം ക്ലാസിക് - പുറം 45).