മൃഗചരിതം
1860-ൽ റവ. ജെ.ജി. ബ്യൂട്ട്‌ലർ രചിച്ച് കോട്ടയം സി.എം.എസ്. പ്രസ് പ്രസിദ്ധീകരിച്ച ജന്തുശാസ്ത്ര ഗ്രന്ഥമാണ് മൃഗചരിതം. ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 167 താളുകളുള്ള ഈ പുസ്തകം 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു. മലയാളം അച്ചടിയിൽ കളർ ചിത്രങ്ങൾ ഉൾപ്പെട്ട ആദ്യത്തെ പുസ്തകമാണ് മൃഗചരിതം. റവ. ജെ.ജി. ബ്യൂട്ട്‌ലർ തൃശൂരിനടുത്തുള്ള കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു സി.എം.എസ്. മിഷനറി ആയിരുന്നു. ഫ്രാൻസെസ് ആനി ബേക്കർ ആണ് ഇതിലെ ചിത്രങ്ങൾ വരച്ചത്.[1]
കർത്താവ് | റവ. ജെ.ജി. ബ്യൂട്ട്‌ലർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ജന്തുശാസ്ത്രം |
പ്രസിദ്ധീകരിച്ച തിയതി | 1860 |
ഏടുകൾ | 167 |
മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മുലകുടിപ്പിക്കുന്ന ജന്തുക്കൾ, പക്ഷികൾ, ഇഴജന്തുക്കൾ, മത്സ്യങ്ങൾ, രക്തമില്ലാത്ത ജന്തുക്കൾ, ഇറുക്കുന്ന പുഴുക്കൾ എന്നിങ്ങനെ 6 വിഭാഗങ്ങളാണ് പുസ്തകം. ഗ്രന്ഥകാരൻ നിരവധി മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പ്രയോഗങ്ങളും കണ്ടെടുത്ത് ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. അതിനാൽ തന്നെ പിൽക്കാലത്ത് ഹെർമ്മൻ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം അവലംബമായി ഉപയോഗിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "മുണ്ടക്കയം:മലയാളം അച്ചടിയിലെ അറിയപ്പെടാത്ത ചരിത്രം". Retrieved 29 നവംബർ 2020.