മൂലൂർ എസ്. പത്മനാഭപ്പണിക്കർ

(മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യനായകനും കവിയുമായിരുന്നു മൂലൂർ എസ്. പത്മനാഭപ്പണിക്കർ. സരസകവി എന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധനായത്.

മൂലൂർ എസ്. പത്മനാഭപ്പണിക്കർ

ജീവചരിത്രം

തിരുത്തുക

മാന്നാറിനു സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്തകുഞ്ഞമ്മയുടേയും പുത്രനായി 1869ൽ ജനനം (കൊല്ലവർഷം: കുംഭം 27, 1044). മൂലൂരിന്റെ മാതൃകുടുംബം ആയൂർവ്വേദ ചികിത്സയ്ക്കും പിതൃകുടുംബം കളരിയഭ്യാസത്തിനും പേരുകേട്ടതായിരുന്നു. പിതാവിൽ നിന്നും കുട്ടിക്കാലത്തുതന്നെ മൂലൂർ സംസ്കൃതം, കളരി, ആയുർവ്വേദം എന്നിവ പഠിച്ചെടുത്തു. സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് 1914ൽ അദ്ദേഹത്തിന് ശ്രീമൂലം പ്രജാസഭയിൽ അംഗത്വം ലഭിച്ചു. ഈ സ്ഥാനത്തിരുന്ന് അദ്ദേഹത്തിന്റെ സേവനങ്ങൾ കീഴാളവർഗത്തിന്റെ സമുദ്ധാരണത്തിനു വേണ്ടിയായിരുന്നു. അധഃകൃത സമുദായങ്ങളുടെ സമുദ്ധാരണം അദ്ദേഹത്തിന് ജീവിതവ്രതമായിരുന്നു. അധഃകൃത സമുദായങ്ങളിൽ നിന്ന് നിരവധി പേരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജാതിവ്യവസ്ഥയ്ക്കെതിരെ ശ്രീനാരായണഗുരു, ഡോക്ടർ പല്പു, കുമാരനാശാൻ എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ അദ്ദേഹം സമുദായപരിഷ്കരണ പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായതോടെ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ സന്ദേശവാഹകരിൽ പ്രധാനിയായി. കേരള കൗമുദിയിലെ ആദ്യത്തെ പത്രാധിപരായിരുന്നു മൂലൂർ. കേരളവർമ്മ വലിയകോയി തമ്പുരാനാണ് സരസകവിപ്പട്ടം മൂലൂരിന് 1913-ൽ നൽകിയത്. മെഴുവേലിയിലെ ആനന്ദഭൂതേശ്വരം ക്ഷേത്രവും പദ്മനാഭോദയം ഇംഗ്ളീഷ് സ്കൂളും സ്ഥാപിച്ചത് മൂലൂരാണ്. ദീർഘകാലം എസ്.എൻ.ഡി.പി യോഗം ഡയറക്‌‌‌ടറായും ഉപാദ്ധ്യക്ഷനായും സമുദായ സേവന പ്രവർത്തനങ്ങളിൽ മുഴുകി. അനുഷ്ഠിച്ച സേവനങ്ങൾ കണക്കിലെടുത്ത് എസ്.എൻ.ഡി.പി യോഗം അദ്ദേഹത്തിന് കീർത്തിമുദ്ര‌യും സ്വർണമോതിരവും നൽകി ആദരിച്ചു. 1931ൽ(കൊല്ലവർഷം: മീനം 09, 1106) മൂലൂർ അന്തരിച്ചു.

മൂലൂരിന്റെ വാസഗൃഹമായ കേരളവർമ്മസൗധം (സുഹൃത്തായ കേരളവർമ്മ വലിയകോയി തമ്പുരാനോടുള്ള ബഹുമാനത്താൽ നൽകിയനാമം) 1989 മുതൽ സരസകവി മൂലൂർ സ്മാരകം ആണ്. ഇലവുംതിട്ടയിലെ ഈ വീട് ഇപ്പോൾ കേരള സാംസ്കാരികവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.

 
മൂലൂർ സ്മാരകം, ഇലവുംതിട്ട

കുട്ടിക്കാലം മുതൽക്കേ തന്നെ മൂലൂർ രചനകളാരംഭിച്ചിരുന്നു. 55-ൽ അധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. അദ്ദേഹത്തിന്റെ രചനകളിൽ പ്രമുഖമായ കിരാതം (അമ്മാനപ്പാട്ടുകൾ) കൗമാരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കപ്പെട്ടതാണ്. ഇരുപത്തിയഞ്ചാം വയസ്സിൽ മലയാളത്തിലെ പ്രശസ്‌ത കവികളെ രാമായണകഥാപാത്രങ്ങളോട് സാദൃശ്യപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം എഴുതിയ കൃതിയാണ് ‘കവിരാമായണം’. ഈ ഗ്രന്ഥത്തെ സാഹിത്യത്തിലെ ഊർജ്ജമുൾക്കൊണ്ടാണ് 1936-ൽ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചത്. ഹരിശ്ചന്ദ്രോപാഖ്യാനം കിളിപ്പാട്ട്, സ്ത്രീ ധർമ്മം, നളചരിതം, കൃഷ്ണാർജ്ജുനവിജയം, ആസന്നമരണ ചിന്താശതകം, കുചേലവൃത്തം ആട്ടക്കഥ, കോകിലസന്ദേശം, അവസരോക്തിമാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ, കവിതാനിരൂപണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗചന്ദ്രിക, ധർമപദം കിളിപ്പാട്ട് (പരിഭാഷകൾ), സുഭദ്രാഹരണം (നാടകം) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് രചനകൾ.[1]

സ്മാരകം

തിരുത്തുക

9°16′37.04″N 76°42′22.46″E / 9.2769556°N 76.7062389°E / 9.2769556; 76.7062389 സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവർമ്മസൗധം 1989 മാർച്ച് 9 മുതൽ സരസകവി മൂലൂർ സ്മാരകമായി സംരക്ഷിച്ചുപോരുന്നു. കേരളവർമ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് ഈ സ്മാരകത്തിനായിട്ടുള്ളത്. മാസം തോറും സെമിനാറുകൾ മൂലൂരിന്റെ കവിതകൾ സി.ഡിയിലാക്കി സാധാരണക്കാർക്ക് എത്തിക്കുക എന്നതാണ് നിലവിലുള്ള പ്രധാന പ്രവർത്തനം. ഇലവുംതിട്ടയിലെ ഈ വീട് ഇപ്പോൾ കേരള സാംസ്കാരികവകുപ്പിന്റെ ചുമതലയിലുള്ള സംരക്ഷിത സ്മാരകമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മൂലൂർ എസ്. പത്മനാഭപ്പണിക്കർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. https://www.manoramaonline.com/literature/literaryworld/2019/03/04/centenary-of-malayalam-poet-mooloor.html. {{cite news}}: Missing or empty |title= (help)