മുഹ്‌യദ്ദീൻ മാല

അറബി മലയാള സാഹിത്യകാവ്യം
(മുഹിയുദ്ദീൻ മാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീൻ മാല

മാല എന്ന മാലപ്പാട്ട്[1]. കോഴിക്കോട് ഖാളിയും,ഖാദിരിയ്യ സൂഫി യതിയും, അറബി മലയാള ഭാഷാകവിയും, ഗ്രന്ഥകാരനുമായിരുന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം.[2] എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിന്റെ അഞ്ച് വർഷം മുമ്പാണ് മുഹ്‌യിദ്ദീൻ മാലയുടെ രചന പൂർത്തിയായത്.മുഹ്‌യിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാ‍ളത്തിലുണ്ടായി.

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യിദ്ദീൻ മാല.ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യിദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്. മുഹ്‌യിദ്ദീൻ (മുഹ്‌യി +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഖാദിരിയ്യ സൂഫി സരണി സ്ഥാപകനായ ഈ സൂഫി സന്യാസിയുടെ ഫുതൂഹുൽ ഗൈബ്, ഗുൻയ, ബഹ്ജ തുടങ്ങിയ ഗ്രന്ഥങ്ങളിലെയും പ്രഭാഷണങ്ങളിലെയും, അയ്‌നിയ്യ, നൂനിയ്യ, ബാഇയ്യ, ഗൗസിയ്യ, ലാമിയ്യ എന്നീ കാവ്യങ്ങളിലെയും വചനങ്ങൾ ആസ്പദമാക്കിയാണ് ഖാസി മുഹമ്മദ് ഈ മാല രചിച്ചിരിക്കുന്നത്.[3]

പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. മുഹ്യുദ്ധീൻ മാല പാരായണം ചെയ്‌താൽ ദൈവാനുഗ്രഹവും മുഹ്യുദ്ധീൻ ശൈഖിൻറെ സ്നേഹവും ലഭിക്കുമെന്ന വിശ്വാസം രൂഢമായിരുന്നു. 2007-ൽ മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം ആഘോഷിച്ചിരുന്നു.

"കൊല്ലം ഏഴുന്നൂറ്റീ ‍ഏൺപത്തി രണ്ടിൽ ഞാൻ
കോർത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാൻ
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ"

മുഹ്‌യുദ്ദീൻ മാലയിൽനിന്ന് അല്പം വരികൾ

തിരുത്തുക

മുഹ്‌യദ്ദീൻ മാലയുടെ പ്രത്യേകത

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മുഹ്‌യദ്ദീൻ മാല എന്ന താളിലുണ്ട്.

ഗദ്യവും പദ്യവും കോർത്തിണക്കിയ രീതിയിലാണ് മുഹ്യുദ്ധീൻ മാലയുടെ രചന നിർവഹിച്ചിരിക്കുന്നത്. പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈർഘ്യം 150-നും 300 ഇനും ഇടയ്ക്ക് വരികളാണെങ്കിൽ മുഹ്‌യദ്ദീൻ മാലയിൽ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളിൽ 'അലിഫ്' എന്ന മാണിക്യവും (പ്രാർത്ഥന) , ഗദ്യത്ത്തിലുള്ള പ്രാർത്ഥനയും പദ്യത്തിലുള്ള മുനാജാത്തും(ആത്മസംഭാഷണം) അടങ്ങിയിരിക്കുന്നു.ആത്മസംഭാഷണത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും. “അള്ളാതിരുപേരും സ്തുതിയും സലാവാത്തുംഅതിനാൽ തുടങ്ങുവാൻ അരുൾചെയ്ത വേദാമ്പർ” എന്ന സ്തുതി കീർത്തനത്തിലൂടെ കാവ്യം ആരംഭിക്കുകയും “നല്ലെ സലാവാത്തും നല്ലെ സലാമെയും നിന്റെ മുഹമ്മദിനേകണം നീ അള്ളാ” എന്ന പ്രവാചക കീർത്തനത്തോടെ” അവസാനിക്കുകയും ചെയ്യുന്ന ഈ കാവ്യത്തിൽ വരമൊഴികൾക്ക് പകരം അക്കാലത്തെ വാമൊഴിയാണ്‌ കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്.

കോയീന്റെ മുള്ളോട് ‌കൂകെന്ന് ചൊന്നാറെ
കൂസാതെ കൂകിപ്പരപ്പിച്ചു വിട്ടോവർ

"ചൊന്നവാറെ", "വന്നവാറെ" തുടങ്ങിയ പ്രാചീനമലയാളഭാഷാപ്രയോഗങ്ങളുടെ തദ്ഭവമായ "ചെന്നാരെ", "വന്നാരെ" എന്നിങ്ങനെ മാലയിൽ കാണുന്ന പ്രയോഗങ്ങളും, പഴയ മലയാളം "അന്നാറെ", "എന്നാറെ" തുടങ്ങിയ പദങ്ങളും തമ്മിലുള്ള സാജാത്യം ശ്രദ്ധേയമാണ്‌. അറബിയിലെ ”ഖഫീഫ്” വൃത്തത്തോടും മലയാളത്തിലെ ”കാകളി”യോടും അറബിത്തമിഴിലെ ”നന്തിർവാരകണ്ണി”യോടും ഒരുപോലെ സാദൃശ്യം പുലർത്തുന്നുണ്ട് മുഹ്യുദീൻ മാല.[4]

ഭാഷാപരമായ പ്രത്യേകത

തിരുത്തുക

പുണ്യാത്മാക്കളുടെ ജീവാപദാനങ്ങളാണ് മാലപ്പാട്ടുകളുടെ ഉള്ളടക്കം. മാലപ്പാട്ടുകൾ കീർത്തനകാവ്യ വിഭാഗത്തിൽപ്പെടുന്നവയാണ്. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെശൈലി (കോർവ്വ) പിന്തുടർന്നു കൊണ്ടാണ് അറബി മലയാളത്തിലെ കാവ്യങ്ങൾ രചിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. [5]

സൂഫി കവികൾ സമൂഹത്തിലെ മേൽത്തട്ടുകാരേക്കാൾ ശ്രോതാക്കളായി കണ്ടിരുന്നത് അടിത്തട്ടുകാരായ കീഴാളരെയായിരുന്നു. അതിനാൽ തന്നെ വട്ടെഴുത്ത്‌ ശൈലിയും, തമിഴിലെ സൂഫി കവികൾ സ്വീകരിച്ചിരുന്ന ചെന്തമിഴെന്ന തമിഴ് പുലവന്മാരുടെ ഭാഷാശൈലികളും രചയിതാവിനെയും സ്വാധീനിച്ചിട്ടുണ്ട് . ഒരളവ് വരെ മുഹ്‌യദ്ദീൻ മാലയിലും ഇവ പ്രകടമായി കാണാം. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അറബിത്തമിഴിൽ രചിക്കപ്പെട്ട "മുഹ്‌യദ്ദീൻ ആണ്ടവർ‌ മാലൈ" തുടങ്ങിയ കൃതികളിലൂടെ സൂഫി കവികൾ പുലവരിൽ ഇസ്ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നു. [6][7] പുരാതനകാലത്തെ താളിയോലകൾ , ശിലാശാസനങ്ങൾ എന്നിവയിൽആലേഖനം ചെയ്യപ്പെട്ട പ്രാചീന ഭാഷാചമ്പുക്കളിലും, സന്ദേശകാവ്യങ്ങളിലുമെല്ലാം ഇത്തരം തമിഴ് ചുവ കാണുന്നതിനാൽ മുഹ്‌യദ്ദീൻ മാലയിലെ പല പ്രയോഗങ്ങളും അക്കാലത്തെ വ്യവഹാരഭാഷയിലുണ്ടായിരുന്നതാണെന്ന് അനുമാനിക്കപ്പെടുന്നു.[8] [9]മുത്തും മാണിക്യവും ചേർത്തു കോർക്കുന്നതുപോലെയാണ്‌ മാല കോർക്കുന്നതെന്ന രചയിതാവിൻറെ ഏറ്റു പറച്ചിൽ വിവിധ ഭാഷാ ശൈലിയുടെയും ഗ്രന്ഥങ്ങളുടെയും സ്വാധീനം വ്യക്തമാക്കുന്നുണ്ട്.

സാമൂഹിക സ്വാധീനം

തിരുത്തുക

പോർച്ചുഗീസ് സൈന്യവുമായി കോഴിക്കോട് മുസ്ലിങ്ങൾ പോരടിക്കുന്ന കാലത്താണ് മുഹ്‌യുദ്ദീൻ മാലയുടെ രചന നടക്കുന്നത്. പോർച്ചുഗീസ് സൈന്യത്തോട് പടപൊരുതിയ കുഞ്ഞാലി മൂന്നാമനും, നാലാമനും ഖാദിരിയ്യ പാതയിൽ പ്രവേശിച്ചവരായിരുന്നു. മുഹ്‌യുദ്ധീൻ മാല രചയിതാവായ ഖാസി മുഹമ്മദും പോർച്ചുഗീസ് വിരുദ്ധ പോരാളിയായിരുന്നു. ഇക്കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പിന്നീട് നടന്ന അധിനിവേശ വിരുദ്ധ സമരങ്ങളിൽ എല്ലാം തന്നെ മുഹ്യുദ്ധീൻ മാല ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. കാവ്യം എന്നതിലുപരിയായി ആത്മീയ ഗീതമായിട്ടായിരുന്നു മാപ്പിളമാർ മാലയെ സ്വീകരിച്ചിരുന്നത്. മാല പാരായണം ചെയ്യുന്നവർക്ക് ദൈവാനുഗ്രഹവും, ദൈവിക പ്രതിഫലവും ലഭിക്കുമെന്നും മുഹ്യുദീൻ ശൈഖിൻറെ കടാക്ഷം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.[10] ആയതിനാൽ മുസ്ലിം വീടുകളിൽ ഇവ സ്ഥിരമായി പ്രതേകിച്ചും രാത്രി നേരങ്ങളിൽ പാരായണം ചെയ്യപ്പെടുക പതിവായി മാറി. ബ്രിട്ടീഷുകാർ അടക്കം പിന്നീട് വന്ന അധിനിവേശക്കാർക്കും, നാടുവാഴികൾക്കും എതിരെ പിൽകാലത്ത് നടന്ന മലപ്പുറം പട അടക്കമുള്ള പോരാട്ടങ്ങളിലും, മാപ്പിള ലഹളകൾ അടക്കമുള്ള കലാപങ്ങളിലും പോരാട്ടത്തിന് മുൻപ് മാപ്പിള യോദ്ധാക്കൾ മുഹ്‌യുദ്ദീൻ മാല പാരായണം ചെയ്ത് പ്രാർത്ഥിക്കാറുണ്ടായിരുന്നു.മലബാർ ജില്ല കളക്ടർ കനോലി കൊലപാതകത്തിന് മുൻപ് കൃത്യത്തിൽ പങ്കെടുത്ത മാപ്പിളപ്പോരാളികൾ തലേനാൾ മുഹ്യുദീൻ മാല പാരായണം ചെയ്തു സദ്യ വിളമ്പിയിരുന്നു. [11] വിവാഹ കമ്പോളത്തിൽ ഖുർആനും, മുഹ്‌യുദ്ദീൻ മാലയും അറിയുന്ന പെൺകിടാങ്ങൾക്ക് പ്രാധ്യാന്യമുണ്ടായിരുന്നു. ഇതൊക്കെയും സാമൂഹികമായി. ആചാരമായും മാല നേടിയ സ്വാധീനമാണ് വരച്ചു കാട്ടുന്നത്. മുൻകാലങ്ങളിൽ ഖാദിരിയ്യ സരണിയിൽ പെട്ട സന്യാസികൾക്ക് കേരളമുസ്ലിങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിക്കാൻ മുഹ്‌യുദ്ദീൻ മാലയും ഒരു ചാലക ശക്തിയായി വർത്തിച്ചിട്ടുണ്ട്.[12] [13]

മുഹ്‌യദ്ധീൻ മാലയിൽ സവർണ്ണ വ്യവഹാര ഭാഷയായ സംസ്കൃത സ്വാധീനം അശേഷം ഇല്ലാത്തത് കീഴാള ജനതയെയും, അറബി പാശ്ചാത്തലമുള്ള മറ്റുള്ള മുസ്ലിങ്ങളെയുമാണ് ശ്രോതാക്കളായി രചയിതാവ് കണ്ടിരുന്നത് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. നവ മുസ്ലിങ്ങളെ ശിഷ്യന്മാരാക്കി സ്വീകരിച്ചു മുഹ്യുദീൻ ശൈഖ് കുലമഹിമയുള്ളവരുടെ അഹങ്കാരം കളഞ്ഞു എന്ന് സൂചിപ്പിക്കുന്ന വരികൾ ഇസ്ലാമിൽ ഉച്ച നീചത്വങ്ങളിലെന്നും മനുഷ്യർ എല്ലാം സമാമന്മാരാണെന്നെയും വ്യക്തമാക്കുന്നു. കീഴാള ജാതിയിൽ നിന്നും മതപരിവർത്തനം ചെയ്തവരെയും, മുസ്ലിം വ്യാപാര പ്രമുഖരെയും ഈ വരികൾ ലാക്കാക്കുന്നുവെന്നു പിൽക്കാല വിലയിരുത്തലുകൾ കണ്ടെത്തിയിട്ടുണ്ട്. [14]

പാരായണ ക്രമം

തിരുത്തുക

മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ എന്ന പ്രാർത്ഥനയും കുടെയുണ്ട്.

  • ദൈവത്തെ സ്തുതിക്കുന്നു
  • അന്ത്യ പ്രവാചകനായ നബിയെ വാഴ്ത്തുന്നു. [15]
  • പാരായണം ചെയ്യാൻ പോകുന്ന ഖുർആൻ സൂക്തങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു.[16]
  • ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു.
  • അൽ ഇഖ്‌ലാസ്, അൽ ഫലഖ്, അൽ നാസ് തുടങ്ങിയ അധ്യായങ്ങൾ ഓതുന്നു.
  • ദു‌ആ ചൊല്ലുന്നു
  • മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു.
  • പ്രാർത്ഥന
  1. P Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 3. Archived from the original (PDF) on 2020-07-26. Retrieved 1 ഡിസംബർ 2019.
  2. [സാംസ്‌കാരികകാര്യ വകുപ്പ്/ കേരള സർക്കാർ/ നാടൻ കലാരൂപങ്ങൾ/ മാപ്പിളപ്പാട്ട് http://www.keralaculture.org/malayalam/mappila-paattu/666]
  3. അവർ ചൊന്ന ബൈത്തിന്നും ബഹ്ജാകിതാബിന്നുംഅങ്ങനെ തക്മീല തന്നിന്നും കണ്ടോവർ/ മുഹ്യുദ്ധീൻ മാല 29 / 30 വരികൾ
  4. അന്വേഷണം അബ്ബാസ് കാളത്തോട്/ ലക്ഷ്യപ്രാപ്തിയുടെ അടയാളമാണ്/ തേജസ് ദിനപത്രം / 20th November 2015
  5. Balakrishnan Vallikkunnu, Dr. Umar Taramel/ മാപ്പിളപ്പാട്ട് പാഠവും പഠനവും/ Other Books
  6. അറബിത്തമിഴ്, തോപ്പിൽ മുഹമ്മദ് മീരാൻ, അറബിമലയാള സാഹിത്യപഠനങ്ങൾ ലീഡ് ബുക്‌സ്, കോഴിക്കോട് (2014)
  7. തമിഴ് സാഹിത്യ ചരിത്രം (1999). ഡോ. ടി.പി മീനാക്ഷി സുന്ദരൻ. കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്. തിരുവനന്തപുരം.
  8. അറബിത്തമിഴ്, തോപ്പിൽ മുഹമ്മദ് മീരാൻ, അറബിമലയാള സാഹിത്യപഠനങ്ങൾ, ലീഡ് ബുക്‌സ്, കോഴിക്കോട്
  9. പ്രബന്ധസമാഹാരം (2015),കേരളത്തിലെ സ്വൂഫി ഗാന പാരമ്പര്യം. സമീർ ബിൻസി , കേരള മുസ്‌ലിം ഹിസ്റ്ററി കോൺഗ്രസ്സ്
  10. https://www.academia.edu/71277496/Muhuyudd%C4%ABn_M%C4%81la_Macrocosms_in_Microcosm_Making_Sense_of_a_Sufi_Text_in_the_Materialities_of_17_th_Century_Malabar?email_work_card=view-paper. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)
  11. വില്യം ലോഗൻ മലബാർ മാന്യുവൽ മാതൃഭൂമി ബുക്സ്, 2004, പേജ്.629
  12. അറബി മലയാളം. പുറം 27 ഡോ: സി കെ കരീം ഇൻസ്റ്റിറ്റൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ്.തൃശൂർ R
  13. വില്യം ലോഗൻ/ മലബാർ മാന്വൽ/ പേ. 574
  14. Bava K.“Works of Moyinkutty Vaidyar: Language and discource ”Thesis. Department of Malayalam and Kerala studies, Universityof Calicut, 2015
  15. അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും,അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ/ മുഹ്യുദീൻ മാലയിലെ ആദ്യ ഈരടികൾ
  16. സുമ്മ ഇലാ ഹള്‌റത്തി ശൈഖുനാ വ ശൈഖുൽ മ‌ശ്‌രിഖി വൽ മഗ്‌രിബി ഗൌസുൽ അ‌അലം ഖുതു ബിൽ അഖ്ത്താബി സുൽത്താൻ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർ‌റഹുൽ അസീസ് വനഫ അ‌അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി/മുഹ്‌യുദ്ദീൻ മാല തുടങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന ശകലം

"https://ml.wikipedia.org/w/index.php?title=മുഹ്‌യദ്ദീൻ_മാല&oldid=4121342" എന്ന താളിൽനിന്ന് ശേഖരിച്ചത്