പുണ്യാത്മാക്കളുടെ ജീവാപദാനങ്ങൾ വാഴുത്തുന്ന കീർത്തന കാവ്യ വിഭാഗത്തിൽ പെടുന്ന പാട്ടുകളാണു മാലപ്പാട്ടുകൾ. [1]കേരളത്തിൽ ഇസ്‌ലാമിലെ വ്യത്യസ്ത സൂഫീ മാർഗ്ഗങ്ങൾ (ത്വരീഖത്ത്) ശക്തമായിരുന്ന കാലഘട്ടത്തിലാണ് മാലപ്പാട്ടുകൾ ധാരാളമായി ഉണ്ടായത്. 13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സൂഫീ ദർശനങ്ങൾ മാലപ്പാട്ടിന് പ്രചോദനമായി ഭവിച്ചു.[2] തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ ശൈലി (കോർവ്വ)പിന്തുടർന്നു കൊണ്ടായിരുന്നു അറബി മലയാളത്തിലെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടത് എന്നഭിപ്രായമുണ്ട്.

മാലപ്പാട്ടിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ശൈഖിന്റെ (പുണ്യപുരുഷൻ) അപദാനങ്ങളെ വാഴ്ത്തുന്നതാണ് ഒന്നാം ഭാഗം. ശൈഖിനെ മുൻ നിർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് (ഇടതേട്ടം) രണ്ടാം ഭാഗം (ഇരവ്).

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാലപ്പാട്ടാണു മുഹിയിദ്ദീൻ മാല[3]. ഖാസി മുഹമ്മദ് ആണ് മുഹിയിദ്ദീൻ മാലയുടെ കർത്താവ്. മുഹിയിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാ‍ട്ടുകൾ അറബി മലയാളത്തിലും മലയാളത്തിലും ഉണ്ടായി.

ഇച്ച മസ്താന്റെ ബുഖാരി മാല, കൊടഞ്ചേരി മരക്കാർ മുസ്‌ലിയാരുടെ ബദർ മാല, കെ.ടി. ആസിയയുടെ "ഖദീജാ ബീവിയുടെ വഫാത്ത് മാല"[4], മുഹമ്മദ് മറ്റത്തിന്റെ ഖുദ്‌റത്ത് മാല, എം.ബാവക്കുട്ടി മൌലവിയുടെ ലോകനീതി മാല, പി.കെ.ഹലീമയുടെ ചന്ദിര സുന്ദര മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസിദ്ധമാണ്. എം.എൻ.കാരശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഒരു ബഷീർ മാലയും പണിതിട്ടുണ്ട്.

  1. "കേരളത്തിലെ മാലപ്പാട്ടുകൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2017-01-01. Retrieved 2023-07-28.
  2. https://www.ripublication.com/ijhss19/ijhssv9n1_05.pdf. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)
  3. "മാലപ്പാട്ട് – Mahakavi Moyinkutty Vaidyar Mappila Kala Academy". Retrieved 2023-07-28.
  4. http://catalogue.mappilaheritagelibrary.com:8001/cgi-bin/koha/opac-detail.pl?biblionumber=2329. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മാലപ്പാട്ട്&oldid=3949895" എന്ന താളിൽനിന്ന് ശേഖരിച്ചത്