നേപ്പാളിലെ മുസ്താങ് ജില്ലയിൽ താഴ്വരകളുടെ വശങ്ങളിൽനിന്ന് കുഴിച്ചെടുത്ത 10,000 മനുഷ്യനിർമിത ഗുഹകളുടെ ഒരു ശേഖരമാണ് മുസ്താങ് ഗുഹകൾ.[1] നേപ്പാളിലെ ആകാശ ഗുഹകൾ എന്നും ഇവ അറിയപ്പെടുന്നു. നിരവധി പുരാവസ്തു ഗവേഷകർ ഈ ഗുഹകൾ പര്യവേക്ഷണം നടത്തുകയും ഭാഗികമായി മമ്മീകൃതമായ മനുഷ്യശരീരങ്ങളും കുറഞ്ഞത് 2,000-3,000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.[2] ഈ ഗുഹകളിൽ നടത്തിയ പര്യവേക്ഷണങ്ങൾ 12 മുതൽ 14 വരെ നൂറ്റാണ്ടുകളിലെ വിലപ്പെട്ട ബുദ്ധ ചിത്രങ്ങളും ശിൽപങ്ങളും കൈയെഴുത്തുപ്രതികളും നിരവധി പുരാവസ്തുക്കളും കണ്ടെത്തുന്നതിലേക്ക് നയിച്ചു.[3][4] അപ്പർ മുസ്താങ്ങിലെ കാളി ഗണ്ഡകി നദിക്ക് സമീപമുള്ള കുത്തനെയുള്ള താഴ്‌വരയുടെ വശങ്ങളിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഗവേഷക സംഘങ്ങൾ ഈ ഗുഹകളിൽ അന്വേഷണം തുടരുകയാണ്. എന്നാൽ ആരാണ് ഈ ഗുഹകൾ നിർമ്മിച്ചതെന്നോ എന്തിനാണ് അവ നിർമ്മിക്കപ്പെട്ടതെന്നോ ഇനിയും മനസ്സിലായിട്ടില്ല. 1996 മുതൽ മുസ്താങ് ഗുഹകൾ യുനെസ്കോയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.[5]

മുസ്താങ് ഗുഹകൾ
ബാൽമോ എന്ന രാക്ഷസനെ ഗുരു റിംപോച്ചെ ഉച്ചാടനം ചെയ്ത ഗുഹകൾ
ബാൽമോ എന്ന രാക്ഷസനെ ഗുരു റിംപോച്ചെ ഉച്ചാടനം ചെയ്ത ഗുഹകൾ
മുസ്താങ് ഗുഹകൾ is located in Nepal
മുസ്താങ് ഗുഹകൾ
മുസ്താങ് ഗുഹകൾ
Upper Mustang, Nepal where the Sky Caves are located
Coordinates: 28°55′48″N 83°54′36″E / 28.93000°N 83.91000°E / 28.93000; 83.91000

ചരിത്രം

തിരുത്തുക

മുസ്താങ് മുൻകാലത്ത് വടക്കൻ നേപ്പാളിലെ ലോ രാജ്യമായിരുന്നു. അതിൻ്റെ തലസ്ഥാനം ലോ മാന്താങ്ങിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഈ രാജ്യം നേപ്പാളിനോട് കൂട്ടിച്ചേർക്കപ്പെട്ടു. അപ്പർ മുസ്താങ് 1992 വരെ ഒരു ഡീ-മിലിറ്ററൈസ്ഡ് പ്രദേശമായിരുന്നു. പുറം ലോകത്തിൽ നിന്നുള്ള ഒറ്റപ്പെടൽ കാരണം ഈ പ്രദേശം ലോകത്തിലെ ഏറ്റവും സംരക്ഷിത പ്രദേശങ്ങളിലൊന്നായിത്തീർന്നു. ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും പരമ്പരാഗത ടിബറ്റിക് ഭാഷകൾ സംസാരിക്കുന്നു.[6] നേപ്പാൾ ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി മാറിയതിന് ശേഷം നേപ്പാൾ സർക്കാരിൻറെ ഉത്തരവനുസരിച്ച് 2008 ഒക്ടോബർ 7-ന് മുസ്താങ്ങിലെ രാജവാഴ്ച ഇല്ലാതായി.[7]

ആകാശഗുഹകൾ
ഛുസാങിലെ ഗുഹകൾ
ഛൊസെറിലെ ഗുഹകൾ
തെതാങിലെ ഗുഹകൾ

മുസ്താങിലെ മനുഷ്യാവശിഷ്ടങ്ങൾ

തിരുത്തുക

1990-കളുടെ മധ്യത്തിൽ, നേപ്പാളിലെയും കൊളോൺ സർവ്വകലാശാലയിലെയും പുരാവസ്തു ഗവേഷകർ അടുക്കായി നിലകൊള്ളുന്ന ഈ ഗുഹകൾ പര്യവേക്ഷണം ചെയ്യാൻ തുടങ്ങി. കുറഞ്ഞത് 2,000 വർഷമെങ്കിലും പഴക്കമുള്ള നിരവധി ഡസൻ ഭാഗികമായി മമ്മി ചെയ്യപ്പെട്ട മനുഷ്യശരീരങ്ങൾ ഇവിടെ കണ്ടെത്തി. [2]

2010-ൽ, പർവതാരോഹകരുടെയും പുരാവസ്തു ഗവേഷകരുടെയും ഒരു സംഘം സാംഡ്‌സോങ്ങിനടുത്തുള്ള രണ്ട് വലിയ ഗുഹകളിൽ നിന്ന് 27 മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തി. താരതമ്യേന കേടുകൂടാത്ത ഈ അസ്ഥികൂടങ്ങൾ 3-ആം നൂറ്റാണ്ട് മുതൽ 8-ആം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലേതായിരുന്നു. അതായത് ബുദ്ധമതം മുസ്താങ്ങിലേക്ക് വരുന്നതിന് മുമ്പുള്ള മനുഷ്യരുടെ അസ്ഥികൂടങ്ങളായിരുന്നു ഇവ. ഇവയുടെ അസ്ഥികളിൽ മുറിവുകളുണ്ടായിരുന്നു. ഈ ശവസംസ്‌കാര ചടങ്ങ് ബോൺ-ബുദ്ധിസ്റ്റ് സ്കൈ ബറിയലുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. [8] ഇക്കാലത്തും, മുസ്താങ്ങിലെ ഒരാൾ മരിക്കുമ്പോൾ, ശരീരം ചെറിയ കഷണങ്ങളാക്കി, എല്ലുകൾ ഉൾപ്പെടെ നുറുക്കി, കഴുകന്മാർക്ക് ഭക്ഷണമായി കൊടുക്കുകയാണ് ചെയ്യുന്നത്. മുസ്താങ്ങിലെ ജോംസോം വിമാനത്താവളത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് നടന്നാൽ മുസ്താങ് ഇക്കോ മ്യൂസിയം കാണാം. അവിടെ മുസ്താങ് ഗുഹകളിൽ നിന്ന് കണ്ടെത്തിയ മുത്തുകൾ, അസ്ഥികൾ, പെൻഡൻ്റുകൾ എന്നിവയുടെ ഒരു ശേഖരം പ്രദർശിപ്പിച്ചിരിക്കുന്നു. [9]

മത ചിഹ്നങ്ങൾ

തിരുത്തുക

2007-ൽ, അമേരിക്ക, ഇറ്റലി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പര്യവേക്ഷകർ 13-ാം നൂറ്റാണ്ടിൽ ലോ മാന്താങ്ങിനടുത്തുള്ള മുസ്താങ് ഗുഹകളിൽ നിന്ന് പുരാതന ബുദ്ധമത അലങ്കാര കലകളും പെയിൻ്റിംഗുകളും കയ്യെഴുത്തുപ്രതികളും മൺപാത്രങ്ങളും കണ്ടെത്തി.[3] 2008-ലെ രണ്ടാമത്തെ പര്യവേഷണത്തിൽ 600 വർഷം പഴക്കമുള്ള നിരവധി മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തുകയും വിലയേറിയ കൈയെഴുത്തുപ്രതികൾ വീണ്ടെടുക്കുകയും ചെയ്തു. ബുദ്ധമതത്തിൻ്റെയും ബോൺ ആരാധന സമ്പ്രദായത്തിന്റെയും രചനകൾ ഉൾക്കൊള്ളുന്ന ഇല്യൂമിനേഷൻസ് എന്നറിയപ്പെടുന്ന ചെറിയ പെയിൻ്റിംഗുകൾ ആയിരുന്നു ഇവയിൽ ചിലത്. [10]

അപ്പർ മുസ്താങ്ങിലെ ഗുഹകളുടെ ഉപയോഗത്തെ ശാസ്ത്രജ്ഞർ മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ബിസി 1000-ൽ തന്നെ ഈ ഗുഹകൾ ശ്മശാന അറകളായി ഉപയോഗിച്ചിരുന്നു. പത്താം നൂറ്റാണ്ടിൽ, ഈ പ്രദേശം ഇടയ്ക്കിടെ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നതായി കരുതപ്പെടുന്നു. തൽഫലമായി, സൗകര്യത്തേക്കാൾ സുരക്ഷക്ക് മുൻതൂക്കം നൽകി, കുടുംബങ്ങൾ ഗുഹകളിലേക്ക് മാറുകയും അവയെ താമസ സ്ഥലങ്ങളാക്കി മാറ്റുകയും ചെയ്തു. 1400-കളോടെ, ഗുഹകൾ ധ്യാനമുറികളായി ഉപയോഗിക്കപ്പെട്ടു. [11]

  1. Finkel, Michael. "Sky Caves of Nepal". National Geographic. Archived from the original on September 20, 2012. Retrieved 27 August 2013.
  2. 2.0 2.1 BBC. "The ancient mysteries of Mustang's caves". BBC. Retrieved 29 December 2016.
  3. 3.0 3.1 Sharma, Gopal. "Explorers find ancient caves and paintings in Nepal". Reuters. Archived from the original on March 5, 2016. Retrieved 3 January 2017.
  4. Rahman, Maseeh. "Shepherd leads experts to ancient Buddha cave paintings". The Guardian. Retrieved 3 January 2017.
  5. "Cave architecture of Muktinath Valley of Mustang". UNESCO World Heritage Centre.
  6. Kaushik. "The mysterious caves of Mustang, Nepal". Amusing Planet. Retrieved 29 December 2016.
  7. Xinhua News Agency. "Nepali deputy PM asks district "king" to step down". China View News. Archived from the original on March 4, 2009. Retrieved 3 January 2017.
  8. Rongmei, Precious. "Sky caves of Nepal's Mustang have secrets you need to know about". The Times of India. Retrieved 2024-01-13.
  9. "ABC Travel Guide: Museums of Nepal".
  10. Owen, James. ""Shangri-La" caves yield treasures, skeletons". National Geographic. Archived from the original on November 19, 2009. Retrieved 3 January 2017.
  11. Milligan, Mark (2020-09-05). "The Mysterious Sky Caves of Nepal". HeritageDaily - Archaeology News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-01-14.
"https://ml.wikipedia.org/w/index.php?title=മുസ്താങ്_ഗുഹകൾ&oldid=4139824" എന്ന താളിൽനിന്ന് ശേഖരിച്ചത്