മുഫ്തി സദ്രുദ്ദീൻ ഖാൻ

1857-ലെ ലഹളക്കാലത്ത് ദില്ലിയിൽ ജീവിച്ചിരുന്ന രാഷ്ട്രീയക്കാരനും മതപണ്ഡിതനും കവിയും

പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന ഒരു പ്രശസ്ത കവിയും,[1] മുഗൾ രാജസഭാംഗവും, ന്യായാധിപനും, മദ്രസ അദ്ധ്യാപകനുമായിരുന്നു മുഫ്തി സദ്രുദ്ദീൻ ഖാൻ (ജീവിതകാലം: ഉദ്ദേശം 1804[2] - 1868). ആസുർദാ എന്ന പേരിലും അറിയപ്പെടുന്നു.[3] മുപ്പതു വർഷത്തോളം അദ്ദേഹം ഡെൽഹിയിലെ സദർ അമീനും (മുഖ്യ മുസ്ലീം ന്യായാധിപൻ), മുഗൾ സഭയിലെ പ്രധാനപ്പെട്ട കവികളിലൊരാളും മുഫ്തിയും ആയിരുന്നു.[4]

മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിന്റെയും, പ്രശസ്ത കവിയായിരുന്ന മിർസ ഗാലിബിന്റെയും അടുത്ത സുഹൃത്തായിരുന്നു ആസുർദാ. ഡെൽഹിയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാരുടെയും മുഗൾ പ്രഭുക്കന്മാരുടെയും പ്രധാന ഇടനിലക്കാരനായിരുന്നു.[3] ഇംഗ്ലീഷുകാരോട് ചെറിയ ആഭിമുഖ്യവുമുണ്ടായിരുന്ന അദ്ദേഹം ഡേവിഡ് ഒക്റ്റർലോണിയുടെ സുഹൃത്തും അനുകൂലിയുമായിരുന്നു.[4] മുസ്ലീങ്ങൾ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ജോലിയേറ്റെടുക്കുന്നത് മുസ്ലീം നിയമപ്രകാരം തെറ്റല്ലെന്നും, ബ്രിട്ടീഷുകാർ, പൂർണ്ണമായ മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതിനാൽ അവർക്കെതിരെ ഒരു ജിഹാദ് ഉയർത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് അദ്ദേഹം ആദ്യമൊക്കെ വാദിച്ചിരുന്നത്.[4] എന്നാൽ ജോൺ ജെന്നിങ്സിന്റെ നേതൃത്വത്തിലുള്ള തീവ്രമായ മതപരിവർത്തനപരിപാടികൾ 1852-ൽ ഡെൽഹിയിൽ ആരംഭിച്ചതിനെത്തുടർന്ന് ആസുർദാ ഈ നിലപാട് ഉപേക്ഷിച്ചു. അദ്ദേഹം ഡെൽഹി കോളേജിലെ തന്റെ ശിഷ്യന്മാരോട് ക്രിസ്ത്യൻ മതപ്രചരണത്തിന്റെ വലയിൽ വീഴാതിരിക്കാൻ ഉപദേശിച്ചു.[4] മിഷണറികളെ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയുടെ നടപടികളുടെ ഫലമായി 1857-ലെ ലഹളക്കാലത്ത് അദ്ദേഹം വിമതരോടൊപ്പം നിലകൊണ്ടു. 1857 ഓഗസ്റ്റ് 1 ഈദ് ദിനത്തിൽ പശുവിനെ കൊന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ജിഹാദികളെയും ശിപായികളെയും രാജസഭയെയും അനുനയിപ്പിച്ച് വിമതർക്കുള്ളിൽ ഒരു പ്രക്ഷോഭമുണ്ടാകുന്നതിനെ തടയുന്നതിൽ പ്രധാനപങ്കുവഹിച്ചു.[3]

അവലംബം തിരുത്തുക

  1. ആബിദ സമിയുദ്ദീൻ - എൻസൈക്ലോപീഡിയാക് ഡിക്ഷ്ണറി ഓഫ് ഉർദു ലിറ്റ്രേച്ചർ, വാല്യം 1, താൾ 553
  2. "മുഫ്തി സദ്രുദ്ദീൻ ഖാൻ ആസുർദാ". ബയോഗ്രഫിക്കൽ ഡിക്ഷ്ണറി. സലാം.കോ.യുകെ. Archived from the original on 2015-09-05. Retrieved 2013 ജൂലൈ 13. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 3.2 ലാസ്റ്റ് മുഗൾ[൧], താൾ: XIX
  4. 4.0 4.1 4.2 4.3 ലാസ്റ്റ് മുഗൾ[൧], താൾ: 75

ഗ്രന്ഥങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുഫ്തി_സദ്രുദ്ദീൻ_ഖാൻ&oldid=3807285" എന്ന താളിൽനിന്ന് ശേഖരിച്ചത്