വിവാദമായ മീററ്റ് ഗൂഢാലോചനയും വിചാരണയും എന്നറിയപ്പെടുന്നത് ബ്രിട്ടിഷ് ഇന്ത്യയിൽ 1929 കാലത്തുണ്ടായ സമരപരിപാടികളും, ബ്രിട്ടീഷ് അധീശത്വത്തിനെതിരായി മീററ്റിലുണ്ടായ പ്രക്ഷോഭവുമായിരുന്നു.. നിരവധി തൊഴിലാളി യൂണിയനുകൾ ഇതിൽ പങ്കെടുക്കുകയുണ്ടായി. ഇതു സംബന്ധിച്ച കോടതി വിചാരണകൾ 1933 പര്യവസാനിക്കുയും കുറ്റക്കാരെന്നാരോപിച്ച് തൊഴിലാളി നേതാക്കൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.[1] റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പടെ നിരവധി നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് മീററ്റ് പ്രക്ഷോഭപരിപാടികൾ തൊഴിലാളികൾക്കിടയിൽ പാർട്ടിയ്ക്ക് ഗണ്യമായ സ്വാധീനം നേടുന്നതിനു കാരണമായിത്തീർന്നു. പ്രക്ഷോഭം 1929 മാർച്ച് 20 നു ഡാങ്കേ ഉൾപ്പെടെ 31 പ്രവർത്തകരുടെ അറസ്റ്റിനും വിചാരണയ്ക്കും വഴിവയ്ക്കുകയും ചെയ്തു.[2]

ഗൂഢാലോചനാ കേസ് തിരുത്തുക

1929 ലാണ് മീററ്റ് ഗൂഢാലോചനാ കേസ് നടക്കുന്നത്. രണ്ട് ഇംഗ്ലീഷുകാരടക്കം, കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ 31 പേരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. വളരെയധികം വൈകാതെ തന്നെ മുപ്പത്തിരണ്ടാമനായി ഹ്യൂ ലിസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷുകാരനെക്കൂടി കേസിൽ പ്രതിയായി ചേർത്തു. ഇന്ത്യൻ പീനൽ കോഡിലെ 121(A)[൧] പ്രകാരമുള്ള കുറ്റമാണ് ഈ പ്രതികൾക്കു നേരെ ആരോപിച്ചിരുന്നത്.[2] ഇന്ത്യയിലെ അറിയപ്പെടുന്ന എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു, കൂടാതെ ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റിയിലെ അംഗങ്ങളും മീററ്റ് ഗൂഢാലോചനാ കേസിൽ പ്രതികളായിരുന്നു.[3] ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ, പാർട്ടി അംഗത്വമില്ലെങ്കിലും കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ, കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും തൊഴിലാളി-കർഷകപാർട്ടികളിലും, തൊഴിലാളി പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവർ എന്നിങ്ങനെ നാലു വിഭാഗക്കാരായിരുന്നു കേസിലെ പ്രതികളെന്നു മുദ്രകുത്തപ്പെട്ടവർ.[4] ഡാങ്കെ, മുസഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി എന്നിവർ മുമ്പു നടന്ന കാൺപൂർ ഗൂഢാലോചനാ കേസിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു, ബാക്കിയുള്ളവരെല്ലാം ആദ്യമായിട്ടായിരുന്നു ഒരു ഗൂഢാലോചനാ കേസിൽ പ്രതികളാവുന്നത്.

വിചാരണ തിരുത്തുക

വിചാരണ പൂർത്തിയാകാൻ മൂന്നരകൊല്ലക്കാലമെടുത്തു. 320 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. [5] മൂവായിരത്തോളം വരുന്ന തെളിവുകൾ കോടതിക്കുമുമ്പാകെ ഹാജരാക്കി. കോടതിചെലവ് പതിനഞ്ച് ലക്ഷത്തോളം രൂപ വന്നു എന്നു കണക്കാക്കപ്പെടുന്നു. തൊഴിലാളി-കർഷകപാർട്ടി രൂപം കൊണ്ടത് കൽക്കട്ടയിലും, അതിന്റെ വളർച്ച ബോംബെയിലുമായിരുന്നെങ്കിലും കേസിന്റെ വിചാരണ നടന്നത് മീററ്റിലാകാനുള്ള കാരണം കേസിൽ ബ്രിട്ടീഷുകാരായ പ്രതികൾ കൂടി ഉൾപ്പെട്ടിരുന്നു എന്നതായിരുന്നു. കൽക്കട്ടയിലോ ബോംബെയിലോ വെച്ച് വിചാരണ നടത്തിയാൽ അന്നത്തെ നിയമമനുസരിച്ച് ജൂറിമാർ കൂടി വിചാരണയിൽ പങ്കാളികളാവണമായിരുന്നു, കോടതിയിൽ ഇവരുടെ സാന്നിദ്ധ്യം സർക്കാരിനും അസൗകര്യമായിരിക്കുമെന്ന് കരുതിയാണ് വിചാരണ മീററ്റിലേക്കു മാറ്റിയത്.[6] വിചാരണ സമയത്ത് പ്രതികളിലൊരാളായ പി.സി.ജോഷി തനിക്ക് പരീക്ഷ എഴുതുവാൻ വേണ്ടി കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. പകരം, അലഹബാദ് ജയിലിൽ വെച്ച് പരീക്ഷ എഴുതുവാനുള്ള സൗകര്യം കോടതി ചെയ്തുകൊടുത്തു. വിചാരണകാലത്ത് ഇവരെ സാധാരണ തടവുകാരായല്ല പരിഗണിച്ചിരുന്നത്. ഇവർക്ക് വായിക്കാൻ കമ്മ്യൂണിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നൽകിയിരുന്നു. കൂടാതെ, ഇവർക്കു വേണ്ടി കൊണ്ടു വന്നിരുന്ന പുസ്തകങ്ങൾ യാതൊരു പരിശോധനയും കൂടാതെ വിട്ടുകൊടുത്തിരുന്നു.[7] വിചാരണ സമയത്തു തന്നെ, പ്രതികളിലൊരാൾ, 68 വയസ്സുണ്ടായിരുന്ന തേജസി വാർദ്ധക്യസഹജമായ അസുഖങ്ങൾകൊണ്ട് മരണമടഞ്ഞു.

സംയുക്ത മൊഴി തിരുത്തുക

കേസിന്റെ വിചാരണ സമയത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ പതിനെട്ടുപേർ സംയുക്തമായാണ് കോടതിക്കുമുമ്പാകെ ഒപ്പിട്ട മൊഴി നൽകിയത്. ആ സമയത്ത് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്ന ഡാങ്കെ വ്യക്തിപരമായി മറ്റൊരു മൊഴി നൽകിയിരുന്നു. ഇംഗ്ലീഷുകാരനായ ബെൻ ബ്രാഡ്ലി, പതിനെട്ടു പേരുടെ സംയുക്തമൊഴിയിലൊപ്പിട്ടതു കൂടാതെ വ്യക്തിപരമായി മറ്റൊരു മൊഴിയും കൂടി രേഖപ്പെടുത്തി നൽകിയിരുന്നു.[8]

  • ഒന്നാം ഭാഗം - ഞങ്ങളുടെ സാമൂഹ്യസിദ്ധാന്തം (106 മുതൽ 102 വരെയുള്ള പുറങ്ങൾ).
  • രണ്ടാഭാഗം - മുതലാളിത്തം (112 മുതൽ 137 വരെയുള്ള പുറങ്ങൾ) - മാർക്സ്, ഏംഗൽസ്, ലെനിൻ മുതലായവരുടെ കൃതികളിൽ നിന്നുമുള്ള ഭാഗങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
  • മൂന്നാം ഭാഗം - സോഷ്യലിസവും സോവിയറ്റ് യൂണിയനും (138 മുതൽ 179 വരെയുള്ള പുറങ്ങൾ)
  • നാലാം ഭാഗം - ദേശീയ വിപ്ലവം (179 മുതൽ 277 വരെയുള്ള പുറങ്ങൾ)
  • അഞ്ചാം ഭാഗം - കാർഷിക പ്രശ്നം (278 മുതൽ 293 വരെയുള്ള പുറങ്ങൾ)
  • ആറാം ഭാഗം -ട്രേഡ് യൂണിയൻ പ്രസ്ഥാനം (393 മുതൽ 459 വരെയുള്ള പുറങ്ങൾ)
  • ഏഴാം ഭാഗം - വിപ്ലവത്തിന്റെ അടവുകൾ (459 മുതൽ 486 വരെയുള്ള പുറങ്ങൾ)
  • എട്ടാം ഭാഗം - കമ്മ്യൂണിസവും ബൂർഷ്വാ സാമൂഹ്യസ്ഥാപനങ്ങളും (468 മുതൽ 521 വരെയുള്ള പുറങ്ങൾ)[9]

കോടതി വിധി തിരുത്തുക

വിചാരണ സമയത്തു സമർപ്പിച്ച തെളിവുകൾ തന്നെ ഇരുപത്തഞ്ച് ഭാഗങ്ങളായി അച്ചടിക്കേണ്ടി വന്നു. കോടതിയുടെ വിധി തന്നെ ഏതാണ്ട് 676 പുറങ്ങൾ ഉണ്ടായിരുന്നു.[10] 1933 ജനുവരി 16 ന് മീററ്റ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട വിധി പ്രസ്താവിക്കുകയുണ്ടായി. മുസ്സാഫർ അഹമ്മദിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഡാങ്കെ, ഘാട്ടെ, ജോഗ്ലെക്കർ, നിംകർ, സ്പാറ്റ് എന്നിവർക്ക് പന്ത്രണ്ടു വർഷത്തെ തടവുശിക്ഷയും, ബ്രാഡ്ലെ, മിരജ്കർ, ഉസ്മാനി എന്നിവർക്ക് പത്തു വർഷം വീതം വരുന്ന തടവും കോടതി വിധിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു വർഷമായിരുന്നു.[11] വിവിധങ്ങളായ അപ്പീലിന്മേൽ കോടതി ശിക്ഷ ഇളവു ചെയ്യുകയും പ്രതികളെല്ലാം തന്നെ 1933 അവസാനത്തോടെ ജയിൽ മോചിതരാവുകയും ചെയ്തു.[12]


മീററ്റ് ഗൂഢാലോചനാ കേസിൽ പ്രതികളായവരോട് അനുഭാവമുള്ള ജനങ്ങളും, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളും തടവിലാക്കപ്പെട്ടവർക്കുവേണ്ടി രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ നടത്തി. മോട്ടിലാൽ നെഹ്രു, ആശയപരമായ കമ്മ്യൂണിസത്തിനെതിരേ ആയിരുന്നെങ്കിലും മീററ്റ് കേസ് സർക്കാർ നടത്തുന്നതിനെതിരേ നിയമസഭയിൽ ശക്തമായി വാദിച്ചു. മറ്റൊരു നേതാവായ മുഹമ്മദാലി ജിന്നയും ഈ കേസിനെതിരേ സർക്കാരിനു പ്രതികൂലമായി പ്രതിഷേധിക്കുകയുണ്ടായി. ഇതു മൂലം നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെട്ടു.[13] ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐൻസ്റ്റീനെപ്പോലുള്ള പ്രശസ്തർ വരെ മീററ്റ് തടവുകാരെ മോചിപ്പിക്കുക എന്ന ആവശ്യത്തിനു പിന്തുണ നൽകി. [14] ഐൻസ്റ്റീന്റെ സുഹൃത്തും, ബെർലിനിൽ വെച്ചുള്ള സഹപ്രവർത്തകനുമായ ഗംഗാധർ അധികാരിയും മീററ്റ് ഗൂഢാലോചനാ കേസിൽ പ്രതിയായിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണം എന്നു കാണിച്ച് ഐൻസ്റ്റീൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്തയച്ചിരുന്നു.[15]

കുറിപ്പുകൾ തിരുത്തുക

  • ^ ഇന്ത്യയിൽ നിലവിലിരിക്കുന്ന ഭരണകൂടത്തിനെതിരേ യുദ്ധമോ , അല്ലെങ്കിൽ യുദ്ധപ്രഖ്യാപനമോ നടത്തുന്നത് കുറ്റകരമാണ്. ഈ പ്രക്രിയക്കായി പ്രവർത്തിക്കുന്നതുപോലും നിയമം മൂലം നിരോധിച്ചിരിക്കുന്നു

അവലംബം തിരുത്തുക

  • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2008). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0522-9.
  • മാർഷൽ, വിൻമില്ലർ (1959). കമ്മ്യൂണിസം ഇൻ ഇന്ത്യ. ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്.
  1. പ്രതിക, ദാഗ. "ഷോർട്ട് നോട്ട്സ് ഓൺ മീററ്റ് ആന്റ് ലാഹോർ കോൺസ്പിറസി കേസ്". പ്രിസർവ് ആർട്ടിക്കിൾസ്. മൂലതാളിൽ നിന്നും 2014-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-16.
  2. 2.0 2.1 "മീററ്റ് ഗൂഢാലോചനാ കേസ്". ബ്രിട്ടീഷ് ഓൺലൈൻ ആർക്കൈവ്.
  3. കമ്മ്യൂണിസം ഇൻ ഇന്ത്യ - വിൻമില്ലർ പുറം 135
  4. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 22
  5. കമ്മ്യൂണിസം ഇൻ ഇന്ത്യ - വിൻമില്ലർ പുറം 136
  6. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 22
  7. കമ്മ്യൂണിസം ഇൻ ഇന്ത്യ - വിൻമില്ലർ പുറം 136
  8. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 22
  9. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 24-25
  10. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 26
  11. ലെസ്റ്റർ, ഹച്ചിൻസൺ. കോൺസ്പിറസി അറ്റ് മീററ്റ്. പുറം. 165.
  12. കമ്മ്യൂണിസം ഇൻ ഇന്ത്യ - വിൻമില്ലർ പുറം 136
  13. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 23
  14. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 27
  15. "റിമംമ്പറിംഗ് ശ്രീ.ഗംഗാധർ അധികാരി". ജിയോസിറ്റീസ്.

പുറം കണ്ണികൾ തിരുത്തുക