മയ്യഴിയുടെ വടക്കേ അതിരാണ് മാഹി പാലം. മയ്യഴി പട്ടണത്തിനു പുറമെ ചാലക്കര, ചെമ്പ്ര, നാലുതറ, പള്ളൂർ, പന്തക്കൽ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് മയ്യഴി. പട്ടണത്തിനു പുറത്തുള്ള ദേശങ്ങൾ മയ്യഴിപ്പുഴയുടെ വടക്കു വശത്താണ്. ഈ ദേശങ്ങളുമായി ബന്ധം പുലർത്താൻ സഹായിക്കുന്ന പാലം നിർമ്മിച്ചത് ബ്രിട്ടീഷുകാരാണ്. മയ്യഴിയും കേരളത്തിലെ കണ്ണൂർ ജില്ലയുടെ തെക്കേ അതിരായ ന്യൂ മാഹി പഞ്ചായത്തും മാഹി പാലത്തിനു രണ്ടു വശങ്ങളിലുമായി നിലകൊള്ളുന്നു.

ചരിത്രം

തിരുത്തുക

ഫ്രഞ്ച് മയ്യഴിയെ ബ്രിട്ടീഷ് അധീനതയിലുള്ള അയൽപ്രദേശങ്ങളുമായി വേർതിരിച്ചിരുന്ന അതിര് മയ്യഴിപ്പുഴയായിരുന്നു. തൊട്ടടുത്ത നഗരമായ തലശ്ശേരിയുമായും അയൽഗ്രാമങ്ങളുമായും ബന്ധപ്പെടാൻ നാട്ടുകാർ തോണികളും ചങ്ങാടങ്ങളുമായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് മയ്യഴിപ്പുഴയുടെ കരകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഒരു മരപ്പാലം നിർമ്മിക്കപ്പെട്ടു. എന്നാൽ മഴക്കാലത്ത് ആ പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. മയ്യഴിയിൽ നിന്നും പുതുച്ചേരിയിലെ ഫ്രഞ്ച് അസംബ്ലിയിൽ അംഗമായിരുന്ന നാലുപുരയിൽ സഹദേവൻ 1926 നവംബർ 30-ന് ചെയ്ത അസംബ്ലി പ്രസംഗത്തിൽ ഒലിച്ചുപോയ മരപ്പാലത്തിനു പകരം പുതിയ മരപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടതായി കാണുന്നു.

കഠിനമായ കാലാവസ്ഥയും ഒഴുക്കും ചെറുത്തുനില്ക്കാൻ ശക്തമായ ഒരു പാലം പണിയുക എന്ന ആശയം ഫ്രഞ്ച്-ബ്രിട്ടീ‍ഷ് സഹകരണത്തോടെയാണ് സാക്ഷാത്കരിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള മാർഗ്ഗം എന്ന നിലയിൽ ബ്രിട്ടീഷ് മുൻകൈയിലാണ് പാലത്തിന്റെ നിർമ്മാണം നടന്നത്. മയ്യഴിയിലെ ഫ്രഞ്ച് ഭരണാധികാരികൾ പാലം നിർമ്മിക്കുന്നതിന്റെ ചിലവിന്റെ ഒരു ഭാഗം നല്കി.

നിർമ്മാണം

തിരുത്തുക

1928-ൽ സെമീന്ദാർ ഓഫ് കുമരമംഗലം (പിൽക്കാലത്ത് കേന്ദ്രമന്ത്രിയായ മോഹൻ കുമരമംഗലത്തിന്റെ പിതാവ്) പാലം പണിക്ക് തറക്കല്ലിട്ടു. കരിങ്കല്ല് കൊണ്ടുള്ള തൂണുകളിൽ നിർമ്മിക്കപ്പെട്ട ഇരുമ്പു പാലമായിരുന്നു അത്. 1933-ൽ പാലം നിർമ്മാണം പൂർത്തിയായി.‍സർ സി.ശങ്കരൻനായരാണ് 1933 മാർച്ച് 2-ന് പാലം ഉദ്ഘാടനം ചെയ്തത്.

പുനരുദ്ധാരണം

തിരുത്തുക

കാലപ്പഴക്കം കൊണ്ട് ദുർബ്ബലമായ പാലം 1971 ഒക്ടോബറിൽ ‍പുതുക്കി പണിതു. നേരത്തെ ഉണ്ടായിരുന്ന പാലത്തിന്റെ കരിങ്കൽ തൂണുകൾ അതേപടി നിലനിർത്തി കോൺക്രീറ്റ് പാലമാണ് കേരള സർക്കാരിന്റെ സഹകരണത്തോടെ നിർമ്മിച്ചത്. 380 അടി നീളമുള്ള പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാതയുണ്ട്.

പുതുച്ചേരി കേരള സംസ്ഥാനങ്ങളുടെ അതിരുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പാതി ദൂരം വരെയേ ഓരോ സംസ്ഥാനത്തിനും അധികാരമുള്ളൂ എന്ന കൗതുകകരമായ വസ്തുത ഈ പാലത്തെ ശ്രദ്ധേയമാക്കുന്നു.

ചിത്രശാല

തിരുത്തുക


11°42′23″N 75°32′01″E / 11.7064668°N 75.5336344°E / 11.7064668; 75.5336344 (മാഹി പാലം)

"https://ml.wikipedia.org/w/index.php?title=മാഹി_പാലം&oldid=2845291" എന്ന താളിൽനിന്ന് ശേഖരിച്ചത്