രോഗപ്രതിരോധവ്യവസ്ഥയിൽ പങ്കെടുക്കുന്ന കണികാമയകോശങ്ങളിൽ (granulocyte) പ്രധാനപ്പെട്ടതും പ്രത്യൂർജ്ജത, തീവ്രഗ്രാഹി പ്രതിപ്രവർത്തനങ്ങൾ എന്നിവയുടെ മുഖ്യമധ്യസ്ഥകോശവുമാണ് മാസ്റ്റ് കോശങ്ങൾ.ചർമ്മീയ പ്രതലങ്ങളിലും ഉപശ്ലേഷ്മകലകളിലും സിരികകൾക്ക് (venules) സമീപം ധാരാളമായി കാണപ്പെടുന്ന മാസ്റ്റ് കോശങ്ങൾ ജന്തുശരീരത്തിൽ പ്രവേശിക്കാനിടയാവുന്ന അപദ്രവ്യങ്ങൾക്കും അന്യവസ്തുക്കൾക്കും എതിരേ ഒന്നാംനിരപ്രതിരോധം തീർക്കുന്ന സഹജപ്രതിരോധസംവിധാനത്തിന്റെ പോരാളി കോശമാണ്.

സൂക്ഷ്മദർശിനിയിലൂടെ കാണുന്ന മാസ്റ്റ് കോശങ്ങളുടെ അസൽ ചിത്രം. നീലനിറത്തിൽ കാണുന്നത് കോശമർമ്മം. കടും ചുവപ്പിലും വയലറ്റിലുമായി കാണുന്നത് ജൈവരസങ്ങൾ നിറഞ്ഞ കണികകളാണ്. ഇടതുവശത്തു കാണുന്ന ചില നിറം മങ്ങിയ കോശങ്ങൾ രസവിസർജ്ജനം കഴിഞ്ഞതിനെത്തുടർന്ന് വികണീകരിക്കപ്പെട്ടതാണ്

കൃത്യമായ ഉത്തേജകങ്ങളുടെ സാന്നിധ്യത്തിൽ സക്രിയമാക്കപ്പെടുന്ന മാസ്റ്റ് കോശങ്ങൾ അതിന്റെ കണികകളിൽ സംഭരിച്ചിട്ടുള്ള ഹിസ്റ്റമീൻ, മാംസ്യലയനികകൾ (proteases), ജലവിശ്ലേഷികൾ (hydrolases) തുടങ്ങിയ ജൈവരസങ്ങളെ ഉത്സർജ്ജിക്കുന്നു. ഹിസ്റ്റമീനും പ്രൊസ്റ്റഗ്ലാൻഡിൻ-ഡി2, ല്യൂകോട്രൈയീനുകൾ എന്നിവയും ചേർന്ന് സമീപസ്ഥ സിരകളെ വികസിപ്പിക്കുകയും തദ്വാരാ പ്രതിരോധപൂരകങ്ങളുടെയും (complement), ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും പാരഗമ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൈറ്റോകൈനുകളും ചില ല്യുക്കോട്രൈയീനുകളും ചേർന്ന് മറ്റ് പ്രതിരോധകോശങ്ങളെ ആ പ്രദേശത്തേയ്ക്ക് രാസാനുചലനത്തിലൂടെ ആകർഷിക്കുന്നു. ല്യുക്കോട്രൈയീൻ ബി-4ന്റെ പ്രവർത്തനം ശ്വേതരക്താണുക്കളെ രക്തക്കുഴലുകളുടെ അന്തഃസ്തരത്തിൽ ഒട്ടിപ്പിടിക്കാനും (കോശ-ആസംജനം) സഹായിക്കുന്നു.

കോശജ്വലനവുമായി ബന്ധപ്പെട്ട മാസ്റ്റ് കോശ പ്രതിപ്രവർത്തനങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗത്ത് വിവിധ പ്രതികരണങ്ങളാണുളവാക്കുന്നത്. പ്രത്യൂർജ്ജകങ്ങൾക്ക് എതിരേ ചർമ്മത്തിലുണ്ടാകുന്ന മാസ്റ്റ് കോശ പ്രതികരണം മൂലം ചൊറിച്ചിലും തടിപ്പുമാണു കാണാറ്. നാസാചർമ്മത്തിലെ പ്രതികരണം മൂക്കൊലിപ്പിനു കാരണമാകുന്നു. ശ്വാസകോശത്തിനുള്ളിലാകട്ടെ മാസ്റ്റ് കോശം തുടക്കമിടുന്ന പ്രതിക്രിയകൾ ശ്വാസനാളത്തിലെ മൃദുലപേശികളുടെ സങ്കോചത്തിനും ശ്വാസം മുട്ടലിനും കാരണമാകുന്നു. പ്രത്യൂർജ്ജത, തീവ്രഗ്രാഹിത, ആസ്മ, ത്വക്കിനെയും സന്ധികളെയുമൊക്കെ ബാധിക്കുന്ന ചില സ്വയം‌പ്രതിരോധാവസ്ഥാ രോഗങ്ങൾ (autoimmune disorders) എന്നിവയും മാസ്റ്റോസൈറ്റോസിസ് പോലുള്ള അർബുദാവസ്ഥകളും മാസ്റ്റ് കോശങ്ങളുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രപ്രാധാന്യമുള്ളവയാണ്.

മാസ്റ്റ് കോശവും അതിന്റെ ഉല്പന്നങ്ങളും
"https://ml.wikipedia.org/w/index.php?title=മാസ്റ്റ്_കോശം&oldid=1700042" എന്ന താളിൽനിന്ന് ശേഖരിച്ചത്