അണുക്കൾ, മുറിവുകൾ, കേടുപാടുകൾ സംഭവിച്ച കോശങ്ങൾ, പലതരം പ്രകോപനങ്ങൾ തുടങ്ങിയവയിൽ നിന്ന് ശരീരത്തിന് ആകെയോ ശരീരഭാഗങ്ങൾക്ക് വിശേഷിച്ചോ ഉണ്ടാവുന്ന ഹാനികളെത്തുടർന്ന് രക്തകലകളിൽ നിന്നുണ്ടാകുന്ന സങ്കീർണമായ ജൈവപ്രതികരണങ്ങളുടെ ആകെത്തുകയെ ആണ് കോശജ്വലനം എന്ന് പറയുന്നത്. ഹാനികാരകമായ ഉല്പ്രേരകങ്ങളെ നീക്കം ചെയ്യാനും കലകളിലെ കേടുപാടുകളെയും മുറിവുകളെയും പൊറുപ്പിക്കാനുമുള്ള പ്രക്രിയയുടെ ഭാഗമായാണു ജീവജാലങ്ങളിൽ കോശജ്വലനം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ ജൈവ കരണപ്രതികരണങ്ങൾ വളരെയധികം ഘടകങ്ങളാൽ സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്നുണ്ട്. കോശജ്വലനപ്രക്രിയയുടെ അഭാവത്തിൽ മുറിവുകളും അണുബാധകളും പൊറുക്കുന്നത് താമസിക്കുന്നു. കോശജ്വലനം അമിതമാകുമ്പോഴാകട്ടെ അത് മുഖക്കുരു മുതൽ സന്ധിവാതമോ അഥീറോസ്ക്ലീറോസിസോ ആസ്മയോ വരെയുള്ള രോഗങ്ങൾക്ക് കാരണമാകാറുമുണ്ട്.

അകത്തേയ്ക്ക് വളർന്ന കാൽനഖത്തിനടിയിലെ അണുബാധ ഉണ്ടാക്കിയ കോശജ്വലനം: തീവ്രകോശജ്വലനത്തിന്റെ കാതൽ ലക്ഷണങ്ങളായ “ചുവക്കൽ”, നീരുവന്ന്“വീർക്കൽ” എന്നിവ ശ്രദ്ധിക്കുക

കോശജ്വലനവും അണുബാധയും പഴുക്കലോ ഒന്നല്ല. അണുബാധയുടെ ഫലമായി, ഉണ്ടാകുന്ന മുഖ്യ ശാരീരിക പ്രതികരണങ്ങളിലൊന്നാണ് കോശജ്വലനം. പഴുപ്പ് എന്നത് ശ്വേതരക്താണുക്കൾ, ചത്തകോശങ്ങൾ, നശിച്ച കലകൾ, ചലം എന്നിവ ചേർന്ന് രൂപപ്പെടുന്ന ദ്രവരൂപത്തിലെ ഒരു വിസർജ്യമാണു. അത് കോശജ്വലനത്തിന്റെ ഭാഗമായി ജന്തുശരീരത്തിൽ കാണാം. പഴുക്കൽ ഇല്ലാതെയും കോശജ്വലനം കാണാറുണ്ട്.

കോശജ്വലനത്തെ അതിന്റെ കാലദൈർഘ്യം അടിസ്ഥാനമാക്കി തീവ്രം എന്നും സനാതനമെന്നും വർഗീകരിക്കാം. തീവ്ര കോശജ്വലനമെന്നത് ജന്തുശരീരത്തിനു നേർക്കുള്ള ഹാനികാരകമായ എല്ലാ ഉല്പ്രേരകങ്ങളോടും ഉടനടിയുണ്ടാകുന്ന പ്രതികരണമാണ്. രക്തത്തിന്റെ ദ്രവഭാഗമായ പ്ലാസ്മയും ഗ്രാനുലോസൈറ്റ് ശ്വേതരക്താണുക്കളും രക്തക്കുഴലുകളിൽ നിന്ന് ഹാനിയുണ്ടായ കലകളിലേക്ക് കൂടുതലായി നീങ്ങുകയും തുടർന്ന് ഹാനിയുണ്ടായ കലകളിലെയും കോശങ്ങൾ, അവിടത്തെ രക്തചംക്രമണസംവിധാനം, രോഗപ്രതിരോധസംവിധാനം എന്നിവയുൾപ്പെട്ട ജൈവതന്മാത്രാതലത്തിലെ ഒരു പിടി കരണപ്രതികരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നതാണ് തീവ്ര കോശജ്വലനത്തിന്റെ കാതൽ. ഇത് ഏതാനും നിമിഷങ്ങൾ മുതൽ കുറച്ചുദിവസങ്ങൾ വരെ നീളാം. ആദ്യഘട്ടത്തിലെ കോശജ്വലനപ്രക്രിയ ഒരു പരിധിക്കപ്പുറം നീണ്ട് പോകുമ്പോൾ ആദ്യമാദ്യം പ്രതികരിച്ചിരുന്ന കോശങ്ങൾ മാറി പുതിയവ വരുകയും സനാതനമായ ഒരു പ്രതികരണക്രമം രൂപപ്പെടുകയും കലകൾ കൂടുതലായി നശിക്കുകയും ചെയ്യുന്നു. നശിക്കൽ പ്രക്രിയയും പൊറുക്കൽ പ്രക്രിയയും ഏതാണ്ടൊരേ സമയം തുടരുന്ന അവസ്ഥയും ക്രമേണ സംജാതമാകുന്നു. ഈ ഘട്ടത്തിൽ ഇതിനെ സനാതന കോശജ്വലനമെന്ന് വിളിക്കാം. സനാതന കോശജ്വലനം മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കുന്നതാണ്.

തീവ്രകോശജ്വലനം

തിരുത്തുക

തീവ്ര കോശജ്വലനത്തിന്റെ കാതൽ ലക്ഷണങ്ങൾ എന്ന് കണക്കാക്കപ്പെടുന്നത് ഇവയെയാണ്: ചുവക്കൽ (rubor), തപിക്കൽ (calor), വീർക്കൽ (tumor), വേദനിക്കൽ (dolor), പ്രവൃത്തിനഷ്ടം (Laesus Functionis അഥവാ Functio Laesa).

"https://ml.wikipedia.org/w/index.php?title=കോശജ്വലനം&oldid=1693307" എന്ന താളിൽനിന്ന് ശേഖരിച്ചത്