തിരുവനന്തപുരം നഗരത്തിനുള്ളിലെ ഒരു സാംസ്കാരിക ഇടനാഴിയാണ് മാനവീയം വീഥി. മ്യൂസിയം - വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാാപിച്ചിരിക്കുന്നിടത്തു നിന്നും ആൽത്തറ ജംഗ്ഷനിലെ ജി. ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീ. നീളത്തിലുള്ള ഈ തെരുവിെന്റെ കിഴക്കുഭാഗത്ത് കെൽട്രോൺ ഓഫീസ് സമുച്ചയവും പടിഞ്ഞാറു ഭാഗത്ത് വാട്ടർ അതോറിറ്റി സമുച്ചയവും സ്ഥിതി ചെയ്യുന്നു. ഈ വീഥി സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ടതാണ്. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്കാരിക സംഘങ്ങളുുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്.[1]

2001ൽ കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായി ഈ വീഥിക്ക് മാനവീയം വീഥി എന്ന് നാമകരണം ചെയ്യുകയും അതേ വർഷം ഏപ്രിൽ മാസം 22ാം തീയതി മുതൽ അഭിനയ തീയേറ്റർ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇവിടെ സാംസ്കാരിക സന്ധ്യകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അന്നത്തെ നിയമസഭാ സ്പീക്കർ എം. വിജയകുമാറാണ് മാനവീയം സാംസ്കാരിക വീഥി ഉദ്ഘാടനം ചെയ്തത്.[2] തുടക്കത്തിൽ നാടകം മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. ജി. ശങ്കപ്പിള്ളയുടെ ‘ചിറകടിയൊച്ചകൾ’, ‘അവനവൻ കടമ്പ’, ‘ഗദ്ദികക്കാരന്റെ തീപ്പന്തം’ തുടങ്ങിയ നാടകങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഒ.എൻ.വി., സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ തുടങ്ങി കേരളത്തിൻറെ സാംസ്കാരിക രംഗത്തുള്ളവരെല്ലാം ഈ വീഥിയിലെത്തി പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. മാനവീയംവീഥിയിലെ ചുവരുകളിൽ വരയ്ക്കാൻ ആർട്ടിസ്റ്റ് നമ്പൂതിരി അടക്കമുള്ള പ്രഗല്‌ഭർ എത്തിയിട്ടുണ്ട്‌. ചുവരൊപ്പുകളാണ് മറ്റൊന്ന്. രാത്രി മുഴുവൻ ഇവിടെ സജീവമായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

അവലംബം തിരുത്തുക

  1. http://www.thehindu.com/news/cities/Thiruvananthapuram/manaveeyam-veedhi-now-has-its-website/article8299953.ece
  2. http://www.mathrubhumi.com/thiruvananthapuram/nagaram/-malayalam-news-1.1042166[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാനവീയം_വീഥി&oldid=3986793" എന്ന താളിൽനിന്ന് ശേഖരിച്ചത്