കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിലെ മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് മാടായിക്കോട്ട. തെക്കിനാക്കീൽ കോട്ട എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട. 1765-68 കാലഘട്ടത്തിൽ ഹൈദരലിയുടെയും കോലത്തുരാജാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത്‌ ഇതിന് സമീപമുള്ള പാളയം ഗ്രൗണ്ടിലാണ്‌. അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ട പിന്നീട് തകരുകയായിരുന്നു.

മാടായിക്കോട്ടയുടെ പുനരുദ്ധരിച്ച ഒരു ഭാഗം

ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്. ഉള്ളിലായി ആഴമേറിയ മൂന്നു കിണറുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പിൽക്കാലത്ത് വിവിധ പ്രകൃതി ക്ഷോഭങ്ങളിൽ കോട്ടക്ക് കേടുപാടുകൾ സംഭവിച്ചു മുക്കാൽ ഭാഗവും ഇല്ലാതായി. സമീപത്ത് വേറെയും ചില കോട്ടകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കാലക്രമേണ അവശിഷ്ടങ്ങൾ പോലുമില്ലാത്ത രീതിയിൽ നശിച്ചു കഴിഞ്ഞു.

ചരിത്രം

തിരുത്തുക
 
കോട്ടയുടെ അവശിഷ്ടം

ഏഴിമല രാജവംശത്തിന്റെ രാജസ്ഥാനങ്ങളിലൊന്നായ ഉപസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്നു മാടായിക്കോട്ടയെന്നു ചരിത്രത്തിൽ കാണാം. ഏഴിമല രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് ഈ കോട്ട.

പിൽകാലത്ത് കോലത്തിരി രാജാവിന്റെ പടനായകനായ മുരിക്കഞ്ചേരി കേളുവിന്റെ അധീനതയിലായിരുന്നു ഈ കോട്ട (ഉറുമി എന്ന മലയാള ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കേളു നായനാർ ആധാരമാക്കിയത് മുരിക്കഞ്ചേരി കേളു നായനാരെയായിരുന്നു). പാരമ്പര്യമായി കോലത്തിരി രാജാവിന്റെ മന്ത്രിസ്ഥാനം വഹിച്ചിരുന്നവരാണ്‌ മുരിക്കഞ്ചേരി കുടുംബക്കാർ. പല നാടൻ പാട്ടുകളിലും മുരിക്കഞ്ചേരി കുടുംബത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌.

സമീപകാലം

തിരുത്തുക

വടക്കൻ കേരളത്തിലെ കോട്ടകൾ പുതുക്കിപ്പണിയാനായി പുരാവസ്തു വകുപ്പിന്റെ തീരുമാനിച്ച പ്രകാരം 2010ൽ കോട്ടയുടെ ചില ഭാഗങ്ങൾ പുരാവസ്തു വകുപ്പ് പുനരുദ്ധരിക്കുകയുണ്ടായി. എന്നാൽ ഉദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കപ്പെട്ടില്ല[1]. കോട്ടയുടെ ഭാഗങ്ങൾ മാത്രമാണ് കല്ലുകെട്ടി നവീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം ജൂതക്കുളവും ചതുരക്കുളവും നവീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. സംരക്ഷണം ഏറ്റെടുക്കാൻ വന്ന കേന്ദ്ര പുരാവസ്തു വകുപ്പ് ഉപേക്ഷിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോൾ കോട്ട ഭാഗികമായി കാടുമൂടിക്കിടക്കുകയാണ്. ജൈവ സമ്പത്തുകളുടെ കലവറയും പ്രകൃതി രമണീയവുമായ മാടായിപ്പാറയിലെ ഈ കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. മാടായി പഞ്ചായത്ത് പരിധിയിൽ വരുന്ന കോട്ട ചിറക്കൽ ദേവസ്വത്തിന്റെ കീഴിൽ നിന്നും ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന അഭിപ്രായം ഉയർന്നു വന്നു കഴിഞ്ഞു.

പുറം കണ്ണികൾ

തിരുത്തുക
  1. "മാടായിക്കോട്ട നവീകരണം പാതിവഴിയിൽ". തേജസ്. 10 ജൂലൈ 2010. Archived from the original on 23 Jun 2015.
"https://ml.wikipedia.org/w/index.php?title=മാടായിക്കോട്ട&oldid=3967052" എന്ന താളിൽനിന്ന് ശേഖരിച്ചത്