മഹ്മൂദ് താർസി

(മഹ്മൂദ് തർസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഗാനിസ്താനിലെ ഒരു മഹാനായ പണ്ഡിതനും, രാഷ്ട്രീയനേതാവുമായിരുന്നു മഹ്മൂദ് ബെഗ് താർസി (1865 ഓഗസ്റ്റ് 23 - ഗസ്നി - 1933 നവംബർ 22 - ഇസ്താംബൂൾ) എന്ന മഹ്മൂദ് താർസി (പഷ്തു: محمود طرزۍ, പേർഷ്യൻ: محمود بیگ طرزی). അഫ്ഗാൻ പത്രപ്രവർത്തനത്തിന്റെ പിതാവായും ഇദ്ദേഹം അറിയപ്പെടുന്നു. ഒരു ആധുനികചിന്തകനായിരുന്ന ഇദ്ദേഹം, തുർക്കിയിലെ കമാൽ അത്താത്തുർക്കിന്റെ പാത പിന്തുടർന്ന് അഫ്ഗാനിസ്താനിൽ ആധുനികവൽക്കരണത്തിനും മതേതരമൂല്യങ്ങൾക്കുമായും നിലകൊള്ളുകയും മതതീവ്രവാദത്തെയും മതാതിഷ്ഠിത പിന്തിരിപ്പൻ ആശയങ്ങളേയും ശക്തമായി എതിർക്കുകയും ചെയ്തു. അമീർ ഹബീബുള്ള, അമാനുള്ള എന്നിവരുടെ ഭരണകാലത്ത്, അഫ്ഗാൻ രാഷ്ട്രീയത്തിൽ നിർണായകസ്വാധീനം ചെലുത്താൻ ഇദ്ദേഹത്തിനായി. അമാനുള്ള ഖാന്റെ കാലത്ത് തയ്യാറാക്കപ്പെട്ട അഫ്ഗാനിസ്താന്റെ ആദ്യത്തെ ഭരണഘടനയായ നിസാം നാമെ, മഹ്മൂദ് താർസിയുടെ ആശയങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.

മഹ്മൂദ് തർസിയും ഭാര്യ അസ്മ രസ്മിയയും

പാൻ ഇസ്ലാമിസത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന മഹ്മൂദ്, വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പരിഷ്കരണവാദത്തിന്റേയ്യും വക്താവായിരുന്നു. 1838-1897 കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ പരിഷ്കരണവാദി സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെ പാതയായിരുന്നു മഹ്മൂദ് ബെഗ് പിന്തുടർന്നിരുന്നത്. ഈ ആശയങ്ങളെ പിന്തുടർന്ന് മഹ്മൂദ് താർസി, രാജ്യത്ത് ആധുനികവൽക്കരണത്തിന് പ്രാധാന്യം നൽകി. ഭരണകൂടം ഇസ്ലാമിന്റെ നവോത്ഥാനത്തിനു വേണ്ടി നിലകൊള്ളുന്നതിനാൽ, ഇസ്ലാമിനെ ശക്തിപ്പെടുത്തുന്നതിന് വിശ്വാസികൾ ഭരണകൂടത്തെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ദേശീയത എന്ന ആശയത്തെ മതത്തിനോടു കൂടെ വിളക്കിച്ചേർത്തു.

അഫ്ഗാനിസ്താന്റെ വിദേശനയങ്ങളിൽ കൈകടത്തിയിരുന്ന ബ്രിട്ടീഷുകാർക്കെതിരെ തീർത്തും ശക്തമായ നിലപാടാണ് താർസി കൈക്കൊണ്ടിരുന്നത്. തന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പത്രങ്ങളിലൂടെ സ്വന്തം പാൻ ഇസ്ലാമികവീക്ഷണങ്ങളും, ബ്രിട്ടീഷ് വിരുദ്ധനിലപാടുകളും അദ്ദേഹം പ്രകടിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് നിഷ്പക്ഷനിലപാടെടുക്കാനാണ് അമീർ ഹബീബുള്ള ആഗ്രഹിച്ചത്. അമീറിന്റെ സഹോദരൻ നാസറുള്ളയേയും അമീറിന്റെ മകൻ ഇനായത്തുള്ളയേയും കൂട്ടുപിടിച്ച് മഹ്മൂദ് താർസി, ബ്രിട്ടീഷുകാർക്കെതിരെ പോരാടാനാഹ്വാനം ചെയ്തു. ഡ്യൂറണ്ട് രേഖക്കിരുവശവുമുള്ള വിവിധ പഷ്തൂൺ ഗോത്രങ്ങളുടെ പിന്തുണയും ഇക്കാലത്ത് ഇവർക്ക് ലഭിച്ചു.[1]

ജീവചരിത്രം

തിരുത്തുക

കവിയും എഴുത്തുകാരനുമായിരുന്ന ഗുലാം മുഹമ്മദ് താർസിയുടെ (1830-1900) പുത്രനായി, ഗസ്നിയിലായിരുന്നു 1865 ഓഗസ്റ്റ് 23-ന് മഹ്മൂദ് ജനിച്ചത്. മഹ്മൂദിന്റെ മുത്തച്ഛൻ റഹ്മദിൽ ഖാൻ, ദോസ്ത് മുഹമ്മദിന്റെ ഒരു അർദ്ധസഹോദരനും കന്ദഹാർ സർദാർമാരിൽ ഒരാളുമായിരുന്നു.

അബ്ദുർറഹ്മാൻ ഖാൻ, കാബൂളിന്റെ അമീർ ആയി സ്ഥാനമേറ്റതിനെത്തുടർന്ന്, മഹ്മൂദിന്റെ പിതാവ്, ഗുലാം മുഹമ്മദിന് 1881-ൽ രാജ്യം വിട്ട് പോകേണ്ടി വന്നിരുന്നു. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം മദ്ധ്യപൂർവ്വദേശത്തേക്ക് യാത്രയാകുകയും അവിടെ ഓട്ടൊമൻ ഖലീഫ, അബ്ദ് അൽ ഹമീദിന്റെ പക്കൽ അഭയം പ്രാപിക്കുകയും ചെയ്തു.

മഹ്മൂദും തന്റെ പിതാവിനൊപ്പം വിദേശത്തേക്ക് കടന്നിരുന്നു. ദമാസ്കസിൽ ഓട്ടൊമൻ തുർക്കികൾക്കായി ജോലി ചെയ്ത മഹ്മൂദ്, തന്റെ പിതാവിന്റേയും അമീർ അബ്ദ് അൽ റഹ്മാന്റേയും മരണശേഷം 1905-ൽ അഫ്ഗാനിസ്താനിൽ തിരികെയെത്തി.

ഹബീബ് അള്ളായുടേയും മകൻ അമാൻ അള്ളായുടേയും കാലത്ത് ഭരണത്തിലെ ഉന്നതപദവികൾ മഹ്മൂദ് താർസിക്ക് ലഭിച്ചു. ഇതിനു പുറമേ മഹ്മൂദിന്റെ സുറയ്യ എന്ന മകളെ അമാൻ അള്ളായും മറ്റൊരു പുത്രിയെ അമാൻ അള്ളായുടെ സഹോദരൻ ഇനായത്ത് അള്ളായും വിവാഹം ചെയ്തു. 1919-ൽ തന്റെ മരുമകൻ അമാൻ അള്ളാ അധികാരത്തിലെത്തിയപ്പോൾ, 1919-22 കാലത്തും 1924-27 കാലത്തും മഹ്മൂദ് താർസി വിദേശകാര്യമന്ത്രിയായിരുന്നു. 1929-ൽ അമാൻ അള്ളാ അധികാരത്തിൽനിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് മഹ്മൂദ് രാജ്യം വിടുകയും 1933-ൽ ഇസ്താംബൂളിൽ വച്ച് മരണമടയുകയും ചെയ്തു.[1]

പത്രപ്രവർത്തനം

തിരുത്തുക

1911-ൽ മഹ്മൂദ് താർസി, പേർഷ്യൻ ഭാഷയിൽ ഒരു ദ്വൈമാസ പത്രിക പുറത്തിറക്കി. സിറാജ് അൽ അക്ബാർ-ഇ അഫ്ഗാനിയ്യ (അഫ്ഗാനിസ്താനിലെ വാർത്തകളുടെ പന്തം) എന്നായിരുന്നു ഈ വാർത്താപത്രികയുടെ പേര്. പത്രത്തിലൂടെയുള്ള താർസിയുടെ ബ്രിട്ടീഷ് വിരുദ്ധനിലപാടുകളും പാൻ ഇസ്ലാമിക വീക്ഷണങ്ങളും അമീറിന് അസഹനീയമാം വിധം വർദ്ധിച്ചത്തിനെത്തുടർന്ന് 1918-ൽ ഈ പത്രത്തിന്റെ പ്രവർത്തനം നിലച്ചു.[1]

  1. 1.0 1.1 1.2 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 273–274. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മഹ്മൂദ്_താർസി&oldid=3229192" എന്ന താളിൽനിന്ന് ശേഖരിച്ചത്