മുഹമ്മദ്‌ നബി മക്കയിൽ നിന്നും മദീനയിൽ ആദ്യമായി കാൽകുത്തിയ സ്ഥാനത്ത് നിർമിച്ച പള്ളിയാണ്[1] മസ്ജിദ് ഖുബാ (അറബി: مسجد قباء).

മസ്ജിദ് ഖുബാ
അടിസ്ഥാന വിവരങ്ങൾ
സ്ഥലംസൗദി അറേബ്യ മദീന, സൗദി അറേബ്യ
നിർദ്ദേശാങ്കം24°26′21″N 39°37′02″E / 24.43917°N 39.61722°E / 24.43917; 39.61722 (Quba Mosque)
മതവിഭാഗംഇസ്‌ലാം
പ്രവിശ്യമദീന
Regionഹിജാസ്
രാജ്യംസൗദി അറേബ്യ
വെബ്സൈറ്റ്Quba Mosque Foundation and Islamic Center
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
പൂർത്തിയാക്കിയ വർഷം622
Specifications
മകുടം6
മിനാരം4

ചരിത്രം

തിരുത്തുക

പ്രവാചകലബ്ധി ലഭിച്ച മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ അനുയായികളെയും ജനിച്ചുവളർന്ന മക്കയിലെ ഖുറൈഷികൾ ദ്രോഹിക്കാൻ തുടങ്ങിയതോടെ നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. അനുയായികളിലധികം പേരെയും നേരത്തെ തന്നെ യാത്രയയച്ച മുഹമ്മദ് നബി അബൂബക്കർ സിദ്ദീഖിനൊപ്പമാണു മദീനയിലേക്കു ഹിജ്‌റ നടത്തിയത്. മക്കയിൽ നിന്നുള്ള ഹിജ്റയുടെ വാർത്തകേട്ട മദീന നിവാസികൾ മുഹമ്മദ്‌ നബിയെ പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മദീനയുടെ വെളിയിലുള്ള ഹർറയിൽ ചെന്ന് കാത്തുനിൽക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു യഹൂദിയാണ് മദീനയിലെ മലമുകളിൽവെച്ച് മുഹമ്മദ്‌ നബി വരുന്നത് കണ്ടത്. അയാൾ മലമുകളിൽ കയറി എല്ലാവരെയും വിളിച്ചു. ജന്മനാടായ മക്കയിലെ ജീവിതം അസഹനീയമായിത്തീർന്ന സന്ദർഭത്തിൽ പലായനം (ഹിജ്‌റ: 622) ചെയ്ത് മദീനയിലെത്തിച്ചേർന്ന നബിയെ ദേശവാസികൾ മുഴങ്ങുന്ന തുകൽവാദ്യങ്ങൾ മുട്ടിയും മനോഹരമായ സ്വാഗതഗീതികൾ ആലപിച്ചും സ്വീകരിച്ചാനയിച്ചു. ഇതാ, ഞങ്ങൾക്കുമേൽ പൂർണചന്ദ്രൻ വന്നുദിച്ചിരിക്കുന്നു (അശ്‌റക്കൽ ബദറൂ അലെയ്‌നാ) എന്നാണവർ മധുരമായി പാടിത്തുടങ്ങിയത്. ആ വരവേല്പിനെ അനുസ്മരിച്ചും ബാലികമാരുടെ അന്നത്തെ ഈണത്തെ അനുകരിച്ചും ഇന്നും കേരളമടക്കമുള്ള പ്രദേശങ്ങളിൽ പ്രവാചകന്റെ പിറന്നാളിന് സ്വാഗതമോതിക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മമാസത്തിൽ നബികീർത്തനങ്ങൾ പാടിപ്പോരുന്നുണ്ട്.

ഖുബായിലുള്ള ഇംറുഉൽ ഖൈസിന്റെ മകൻ കുത്സൂമിന്റെ വീട്ടിൽ മുഹമ്മദ്‌ നബി എത്തി. വീടിന്റെ മുറ്റത്ത് അവരുടെ കാരക്ക ഉണക്കുന്ന ഒരു തരിശു നിലം മുഹമ്മദ്‌ നബി ഏറ്റെടുത്തു അവിടെ ഒരു പള്ളി പണികഴിപ്പിച്ചു. മുആദുബിൻ ജബലിനെ അവിടെ ഇമാമാക്കി നിശ്ചയിക്കുകയും ചെയ്തു. ആ പള്ളിയാണ് പിന്നീട് മസ്ജിദ് ഖുബാ എന്നാ പേരിൽ പ്രശസ്തമായത്‌. തുടർന്ന് മസ്ജിദുന്നബവി നിൽക്കുന്ന സ്ഥാനം കേന്ദ്രമാക്കി പള്ളി നിർമിച്ചു അവിടെ താമസമാക്കി. എങ്കിലും തുടർന്നും ആദ്യപള്ളിക്ക് മുഹമ്മദ്‌ അർഹമായ സ്ഥാനം നൽകി ആദരിച്ചു. എല്ലാ ശനിയാഴ്ചയും മുഹമ്മദ്‌ നബി അവിടെ പോവുകയും നിസ്കരിക്കുകയും ചെയ്തിരുന്നു ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്..

പുനരുദ്ധാരണ പ്രവർത്തനങ്ങൾ

തിരുത്തുക

മുഹമ്മദ്‌ നബിയുടെ നിർമ്മാണ ശേഷം ഖുബാ പള്ളി പലതവണ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്[2]. ഉമയ്യാദ് ഖലീഫ അബ്ദുൽ മലിക് മസ്ജിദുന്നബവി വികസിപ്പിച്ചശേഷം ഖുബാ മസ്ജിദും പുനരുദ്ധരിക്കുകയുണ്ടായി. പിൽക്കാലത്ത് ഒട്ടോമാൻ ഭരണകൂടം ഇത് വളരെ വിപുലീകരിച്ചു. അവസാനമായി 1986-ൽ ഫഹ്ദ് രാജാവ് പുതുക്കി പണിത പള്ളിയാണ് ഇപ്പോഴുള്ളത്

സന്ദർശനം

തിരുത്തുക

മുഹമ്മദ്‌ നബി മദീനയിൽ ആദ്യമായി കാൽകുത്തിയ സ്ഥാനത്ത് അദ്ദേഹം തന്നെ നേതൃത്വം നൽകി നിർമിച്ച പള്ളിയാണ് മസ്ജിദ് ഖുബാ. മുഹമ്മദ്‌ നബി മരണം വരെ മസ്ജിദ് ഖുബാ സന്ദർശനം നടത്തിയിരുന്നു. മസ്ജിദു ഖുബായിൽ വെച്ചുള്ള നിസ്കാരം ഉംറയോട് തുല്യമാണെന്ന് നബി പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഇന്ന് മസ്ജിദ് ഖുബാ സന്ദർശനബഹുലമാണ്. മുഹമ്മദ്‌ നബി മരണപ്പെട്ട ശേഷം മറ്റു സ്വഹാബിമാർ ഈ പള്ളി സന്ദർശിക്കുകയും നിസ്കരിക്കുകയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-25. Retrieved 2013-02-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-06. Retrieved 2013-02-13.
"https://ml.wikipedia.org/w/index.php?title=മസ്ജിദ്_ഖുബാ&oldid=3811002" എന്ന താളിൽനിന്ന് ശേഖരിച്ചത്