മഹാമഹോപാധ്യായൻ ടി. ഗണപതി ശാസ്ത്രികളെ (1860-1926) തിരുവിതാംകൂർ കൊട്ടാരത്തിലെ മാനുസ്ക്രിപ്റ്റുകൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിനായി മൂലം തിരുനാൾ മഹാരാജാവ് നിയോഗിച്ചു. ശേഷം അദ്ദേഹം സംസ്കൃതകോളേജിന്റെ പ്രിൻസിപ്പളായി. യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ മനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ ഹെഡുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതുവരെ കാണാത്താനവധി സംസ്കൃതകൃതികൾ ലോകം കണ്ടു. രാജാവ് മഹാമഹോപാധ്യായൻ എന്ന ബഹുമതി അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ Trivandrum Sanskrit Series എന്ന് ഇംഗ്ലീഷിലും അനന്തശയനഗ്രന്ഥാവലി എന്ന് സംസ്കൃതത്തിലും തിരുവനന്തപുരം രൂപകങ്ങൾ എന്ന് മലയാളത്തിലും പേരിൽ ഒരു കൂട്ടം സംസ്കൃതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഭാസനാടകങ്ങൾ കണ്ടെടുത്തു എന്നതാണ് അദ്ദേഹത്തിനുള്ള പ്രസിദ്ധി എങ്കിലും അവ മാത്രമായിരുന്നില്ല അദ്ദേഹം സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചത്. അതിൽ ഒന്നാണ് മഹേന്ദ്രവിക്രമ വർമ്മ എന്ന പല്ലവ രാജാവിന്റെ മത്തവിലാസപ്രഹസനം. അനന്തശയനഗ്രന്ഥാവലിയിലെ 55 ആം നമ്പർ ആയി 1917ലാണ് ഇത് പ്രസിദ്ധീകരിയ്ക്കുന്നത്.[1]

പ്രഹസനം തിരുത്തുക

പ്രഹസനം എന്ന് പറയുന്നത് ഒന്നോ രണ്ടോ രംഗങ്ങളുള്ള നാടകങ്ങൾ ആണ്. ഹാസ്യമായിരിക്കും മുഖ്യരസം. നായകനും നായികയും എല്ലാം സാധാരണക്കാർ. പുരാണങ്ങളിൽ നിന്നും എടുത്ത കഥാതന്തു അല്ലാതെ, തികച്ചും ലൗകികമായ കഥാതന്തു ആയിരിക്കും പ്രഹസനരചനയിൽ ഉപയോഗിക്കുന്നത്. പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ആണ് മത്തവിലാസപ്രഹസനം രചയിതാവ്. അദ്ദേഹത്തിന്റെ തലസ്ഥനം കാഞ്ചീപുരം ആയിരുന്നു.

കഥ തിരുത്തുക

ശിവഭക്തരിലെ ഒരു വിഭാഗമാണ് കപാലികളും പാശുപതന്മാരും. കപാലിയും ഭാര്യയും കൂടെ മദ്യഭിക്ഷയ്ക്കായി നടക്കുമ്പോൾ ഭിക്ഷാപാത്രമായ കപാലം കാണാതാവുന്നു. അത് അന്വേഷിച്ച് നടന്ന് ലഭിക്കാത്തതിനാൽ കപാലി, കപാലം എടുത്തത് ഒരു നായയോ അല്ലെങ്കിൽ ഒരു ബുദ്ധഭിക്ഷുവോ എന്ന് സംശയിക്കുന്നു. തൊട്ട് മുന്നിൽ കണ്ട ബുദ്ധഭിക്ഷുവിനെ സംശയിക്കുകയും അദ്ദേഹവുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്യുന്നു. തർക്കത്തിനിടയിൽ പാശുപതൻ അരങ്ങത്ത് വരുന്നു. മദ്ധ്യസ്ഥം വഹിക്കാൻ നോക്കിയെങ്കിലും തർക്കും തീർക്കാൻ പറ്റാതെ കോടതിയിലേക്ക് പോകാം എന്ന് നിർദ്ദേശിയ്ക്കുന്നു. അതിനിടയ്ക്ക് ഒരു ഭ്രാന്തൻ, നായയുടെ വായയിൽ നിന്നും കിട്ടിയ കപാലവുമായി പ്രത്യക്ഷപ്പെടുന്നു. ഭ്രാന്തന്റെ കയ്യിൽ നിന്നും കപാലം ഒരുവിധം കപാലി കൈക്കലാക്കുന്നു. കപാലം തിരിച്ച് കിട്ടിയ സന്തോഷത്തോടെ ബുദ്ധസംന്യാസിയോട് മാപ്പ് പറഞ്ഞ് കപാലിയും ഭാര്യയും രംഗത്ത് നിന്ന് പോകുന്നു. കഥ ശുഭപര്യവസായിയായി സമാപിക്കുന്നു.

ഇത് കൂടിയാട്ടത്തിൽ അവതരിപ്പിക്കുമ്പോൾ മുൻ ചൊന്ന കഥയിൽ നിന്നും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭ്രാന്തൻ, ബുദ്ധസംന്യാസി എന്നിവരൊന്നും മത്തവിലാസം കൂത്തിൽ പ്രത്യക്ഷപ്പെടുന്നില്ല.

മലയാളത്തിൽ തിരുത്തുക

കെ.പി. നാരായണപ്പിഷാരോടി മത്തവിലാസപ്രഹസനം മലയാളത്തിലേയ്ക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. https://archive.org/details/Trivandrum_Sanskrit_Series_TSS
"https://ml.wikipedia.org/w/index.php?title=മത്തവിലാസപ്രഹസനം&oldid=4077735" എന്ന താളിൽനിന്ന് ശേഖരിച്ചത്