യാഥാർഥ്യവുമായി അല്പം പോലും ബന്ധമില്ലാത്ത വിശ്വാസമാണ് മതിഭ്രമം അഥവാ ഡില്യൂഷൻ. ഇതിനെ മിഥ്യാബോധമെന്നും വിളിക്കാം. മനോരോഗ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡില്യൂഷനുകളുടെ പ്രമേയങ്ങൾ പലപ്പോഴും വളരെ വിചിത്രമായിരിക്കും. തങ്ങൾ ദൈവദൂതന്മാരാണെന്നും, ഭൂമിയിലെ തങ്ങളുടെ ദൗത്യത്തെ സംബന്ധിച്ച സന്ദേശങ്ങൾ ദൈവം നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണെന്നും ചില മനോരോഗികൾ കരുതാറുണ്ട്. തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വസ്തുതകളും തെളിവുകളും എത്ര തന്നെ ലഭിച്ചാലും ഇവർ തങ്ങളുടെ മതിഭ്രമം മുറുകെ പിടിച്ചുകഴിയുന്നു.

മതിഭ്രമം
സ്പെഷ്യാലിറ്റിസൈക്യാട്രി, മനഃശാസ്ത്രം Edit this on Wikidata

മതിഭ്രമം പലരൂപത്തിൽ

തിരുത്തുക

ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് മതിഭ്രമം രൂപം കൊളളുന്നത്. അപൂർവം ചിലപ്പോൾ വ്യക്തിയുടെ അനുഭവങ്ങളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത മതിഭ്രമങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. ഡില്യൂഷനുകൾ പല തരത്തിലുണ്ടാകാം. തന്നെ ആരോ നിരന്തരം പീഡിപ്പിക്കുന്നു എന്നും, ആളുകളെല്ലാം തന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നും, അവർ തന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കുവാൻ ശ്രമിക്കുന്നു എന്നും ഒരു മനോരോഗിക്ക് അനുഭവപ്പെടാം. താൻ അമാനുഷസിദ്ധികളുളള ഒരാളാണെന്നും ലോകത്തിന്റെ ചുക്കാൻ തന്റെ കയ്യിലാണെന്നും കരുതുന്ന മനോരോഗികളുമുണ്ട്. സ്വശരീരത്തെക്കുറിച്ചും മനോരോഗികൾക്ക് വിഭ്രമങ്ങൾ ഉണ്ടാകാറുണ്ട്. തനിക്ക് രൂപാന്തരം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നോ, സംഭവിച്ചുകഴിഞ്ഞുവെന്നോ ഒരു മനോരോഗിക്ക് തോന്നിയേക്കാം. പ്രപഞ്ചം ശൂന്യമാണെന്നും ജീവിതം മിഥ്യയാണെന്നും മറ്റും ചില മനോരോഗികൾക്ക് അനുഭവപ്പെടാറുണ്ട്. ഏതു രീതിയിലുളള മതിഭ്രമത്തിലും രോഗിയുടെ ഉപബോധമനസ്സിലെ ആഗ്രഹങ്ങളും ഉത്ക്കണ്ഠകളും പ്രതിഫലിക്കും.

മതിഭ്രമത്തിന്റെ വിശകലനം

തിരുത്തുക

കെന്നത്ത് കെൻഡ്ലർ എന്ന മന:ശാസ്ത്രജ്ഞൻ മതിഭ്രമത്തിന് അഞ്ച് മാനങ്ങൾ ഉളളതായി പറയുന്നു.

  1. ദൃഢത
  2. വ്യാപ്തി
  3. വൈചിത്ര്യം
  4. ക്രമരാഹിത്യം
  5. സമ്മർദം

എന്നിവയാണിവ.

  • ഭ്രമാത്മക വിശ്വാസത്തിന്റെ ബലമാണ് ദൃഢത.
  • രോഗിയുടെ വ്യക്തിപരമായ അനുഭവങ്ങൾ എത്രത്തോളം ഈ വിശ്വാസത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നു കാണിക്കുന്നത് വ്യാപ്തി. *വിശ്വാസത്തിന്റെ ഉളളടക്കത്തിലെ അസ്വാഭാവികതയും അസംഭവ്യതയുമാണ് വൈചിത്ര്യം.
  • വിശ്വാസത്തിന്റെ അടുക്കില്ലായ്മ ക്രമരാഹിത്യം.
  • സമ്മർദം മതിഭ്രമം ഏതളവിലാണ് പ്രവൃത്തികൾക്ക് പ്രചോദനമാകുന്നത് എന്നു സൂചിപ്പിക്കുന്നു.

സിക്സോഫ്രീനിയ എന്ന മനോരോഗം

തിരുത്തുക

സിക്‌സോഫ്രീനിയ എന്ന മനോരോഗത്തിന്റെ പ്രധാന ലക്ഷണമാണ് മതിഭ്രമം. ഉന്മാദം, വിഷാദരോഗം, പാരനോയിയ, തുടങ്ങിയ രോഗങ്ങളിലും മതിഭ്രമം ഉണ്ടാകാറുണ്ട്. ഡില്യൂഷനുകൾ പലപ്പോഴും രോഗിയുടെ സ്വഭാവത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. മസ്തിഷ്കത്തിലെ ഡോപമൈൻ പ്രവാഹത്തിന്റെ വേഗത കുറയ്ക്കുന്ന ക്ലോസാരിൽ (Clozaril) പോലെയുളള ന്യൂറോലെപ്റ്റിക് മരുന്നുകളാണ് ഡില്യൂഷൻ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

മതിഭ്രമങ്ങളെക്കുറിച്ച് മന:ശാസ്ത്രജ്ഞർ

തിരുത്തുക

ഡില്യൂഷനുകളെക്കുറിച്ച് മന:ശാസ്ത്രജ്ഞർ വ്യത്യസ്ത സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വികലമായ പ്രത്യക്ഷണങ്ങളെ (Perception) ന്യായീകരിക്കുവാനുളള ശ്രമത്തിൽ നിന്നുമാണ് ഡില്യൂഷനുകൾ രൂപം കൊളളുന്നത് എന്ന് പ്രത്യക്ഷണ വൈകല്യസിദ്ധാന്തത്തിൽ (Perceptual deficit theory) പറയുന്നു. എന്നാൽ ഈ സിദ്ധാന്തം സാധൂകരിക്കുവാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ചില പ്രത്യേക അന്ത:ചോദനകൾ മൂലം സ്വാഭാവിക പ്രത്യക്ഷണം തെറ്റായി വ്യഖ്യാനിക്കപ്പെടുന്നതിൽ നിന്നുമാണ് ഡില്യൂഷൻ ഉണ്ടാകുന്നത് എന്ന മറ്റൊരു വീക്ഷണവും നിലവിലുണ്ട്. വിക്ഷുബ്ധമായ വൈകാരികാവസ്ഥയിൽ, ഒരു വ്യക്തിയുടെ പൂർവസ്മൃതികളും നൈരാശ്യവും, അഭിലാഷങ്ങളും, ഭാവിപ്രതീക്ഷകളും മറ്റും സ്വാഭാവിക ചിന്താഗതിയെ നിയന്ത്രിക്കുകയും, അതുമായി ഇടകലരുകയും ചെയ്യുന്നു. ഇതോടെ വ്യക്തിക്ക് സത്യവും മിഥ്യയും തിരിച്ചറിയുവാനുളള കഴിവ് നഷ്ടപ്പെടുകയും മനോരോഗത്തിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. എല്ലാ മനുഷ്യരിലും ആഗ്രഹങ്ങളും ദുഃഖങ്ങളും മറ്റും ചിന്തകൾക്ക് നിറം പകരാറുണ്ടെങ്കിലും, വളരെ കുറച്ചുപേർ മാത്രമേ മനോരോഗികളായിത്തീരുന്നുളളൂ. ആത്മപരിശോധനയിലും നിയന്ത്രണത്തിലുമുണ്ടാകുന്ന അപര്യാപ്തതയാണ് ഡില്യൂഷനുകൾക്ക് വഴി തെളിക്കുന്നത്. ഒരു വ്യക്തിക്ക് ഡില്യൂഷനുകൾ ഉണ്ടാകാനുളള പ്രവണതയുണ്ടോ എന്ന് നിർണയിക്കുന്നതിന്, പാരമ്പര്യം, വളർന്നു വന്ന സാഹചര്യം എന്നിവയെക്കുറിച്ചുളള അറിവ് സഹായകമാകും. മസ്തിഷ്കഘടനയും ഡില്യൂഷനുകളും തമ്മിലുളള ബന്ധത്തെക്കുറിച്ചും ഉപരി പഠനങ്ങൾ നടക്കുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡില്യൂഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മതിഭ്രമം&oldid=2926745" എന്ന താളിൽനിന്ന് ശേഖരിച്ചത്