മണ്ണൂർ മഹാദേവക്ഷേത്രം
കോഴിക്കോട് ജില്ലയിലെ കടലുണ്ടിക്കെടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് മണ്ണൂർ മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ [1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അത്യുഗ്രമൂർത്തിയായ പരമശിവനാണ്. ഭഗവാൻ പടിഞ്ഞാറ് ദർശനം നൽകി കുടികൊള്ളുന്നു.
മണ്ണൂർ മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°9′9″N 75°50′1″E / 11.15250°N 75.83361°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോഴിക്കോട് |
പ്രദേശം: | കടലുണ്ടി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
ചരിത്രം
തിരുത്തുകഅധികം ചരിത്രത്താളുകളിലൊന്നും ഇടം നേടാൻ മണ്ണൂർ മഹാദേവക്ഷേത്രത്തിനായിട്ടില്ലങ്കിലും ആയിരം വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ എഴുതി ചേർക്കാൻ കഴിയുന്ന മാഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. കോഴിക്കോട് കടലുണ്ടിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മാണശൈലി കേരളാ-ദ്രാവിഡ-പരമ്പരാഗത രീതിയിലാണ്. ക്ഷേത്ര ചുമരുകളിൽ ഇന്നും കാണുന്ന വട്ടെഴുത്തു ലിപികൾ [2]കണ്ടെടുത്ത് പഠന വിധേയമാക്കിയാലേ ക്ഷേത്ര-ചരിത്രത്താളുകളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും അതു മനസ്സിലാക്കി ചരിത്ര പ്രാധാന്യം കണ്ടെടുക്കാനും കഴിയുകയുള്ളു. ക്ഷേത്രത്തിലെ വട്ടെഴുത്തു ശാസനങ്ങൾക്ക് 400-വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്.[3] ചുവപ്പ് കല്ലിനാൽ (ലാറ്ററൈറ്റ്) പണിതീർത്തിരിക്കുന്ന ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലിന്റെ നിർമ്മാണ വൈധഗ്ദ്യവും ചരിത്രാന്വേഷികൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. [4]
ഐതിഹ്യം
തിരുത്തുകവൈഷ്ണവാശഭൂതനായശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം[5]. ശ്രീപരമശിവന്റെ പഞ്ചമുഖങ്ങളായ ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയിലെ നടുവിലത്തേതായ അഘോരശിവനാണ് ഇവിടെ പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് പൂജാപടിത്തരങ്ങളും. ദക്ഷയാഗവും തുടർന്നുള്ള ശിവന്റെ സതി പരിത്യാഗവും മൂലം ദക്ഷപ്രജാപതിയ്ക്ക് തന്റെ ശിരസ്സ് നഷ്ടപ്പെടുകയും അജമുഖനാവുകയും ചെയ്തുവെന്ന് ശിവപുരാണം പറയുന്നു. ശിവന്റെ കോപം ശമിപ്പിച്ചത് സുദർശന ചക്രത്തിന്റെ സഹായത്തോടെ മഹാവിഷ്ണുവാണ്. തന്മൂലമാവാം ദക്ഷയാഗം കഴിഞ്ഞുള്ള മഹാദേവ സങ്കല്പത്തിലുള്ള മണ്ണൂരിലും മഹാവിഷ്ണു സാന്നിധ്യം വന്നത്.
ക്ഷേത്ര നിർമ്മിതി
തിരുത്തുകനൂറ്റാണ്ടുകൾ പഴക്കമേറിയതാണ് ഇവിടുത്തെ ശിവക്ഷേത്രവും മഹാവിഷ്ണുക്ഷേത്ര സമുച്ചയവും. ശിവക്ഷേത്രത്തിനാണു പഴക്കം കൂടുതൽ. കേരളത്തനിമ ഒട്ടു ചോരാതെ പരമ്പരാഗത ദ്രാവിഡീയ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നതാണ് ഇവിടുത്തെ പ്രധാന രണ്ടു ക്ഷേത്രങ്ങളും. ശിവക്ഷേത്ര ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലും, വിഷ്ണുക്ഷേത്ര ശ്രീകോവിൽ ചതുരാകൃതിയിലും ഇവിടെ നിർമ്മിച്ചിരിക്കുന്നു.[6]
ശ്രീകോവിൽ
തിരുത്തുകഇവിടുത്തെ ശ്രീകോവിൽ ഗജ പൃഷ്ഠാകൃതിയിൽ ഇരുനിലയിൽ പണിതീർത്തിരിക്കുന്നു. മുഖമണ്ഡപത്തോടു കൂടിയ ഇവിടുത്തെ ശ്രീകോവിലിന്റെ ഇരു നിലകളും ഓട് മേഞ്ഞിരിക്കുന്നു. പടിഞ്ഞാറോട്ട് ദർശനം നൽകി അഘോരമൂർത്തി ഇവിടെ ശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ചുവപ്പ് കല്ലിനാൽ നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളിൽ ധാരാളം ചിത്രപണികൾ നടത്തിയിട്ടുണ്ട്.[7]
നാലമ്പലം
തിരുത്തുകശിവക്ഷേത്രത്തിനു നാലമ്പലം പണിതീർക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പണിതീരാത്ത നാലമ്പലത്തിന്റെ അടിത്തറ അവിടെ നമ്മുക്ക് കാണാൻ സാധിക്കും. ശ്രീകോവിലിനു ചുറ്റുമായി ചെറിയ മതിൽകെട്ടി സംരക്ഷിച്ചിരിക്കുന്നു. മഹാവിഷ്ണുക്ഷേത്രത്തിനു കേരള പരമ്പരാഗത ശൈലിയിൽതന്നെ നാലമ്പലം നിർമ്മിച്ചിട്ടുണ്ട്.
പൂജാദി വിശേഷങ്ങൾ
തിരുത്തുക- നിത്യപൂജാക്രമം
രണ്ടു പൂജകൾ മാത്രമേ ഇവിടെ നിത്യേന പതിവുള്ളു.
- ആട്ടവിശേഷങ്ങൾ
ഇവിടെ മുറജപവും, പട്ടത്താനവും പണ്ട് നടത്തിയിരുന്നത്രേ. ഇന്ന് പ്രധാനമായും ധനുവിലെ തിരുവാതിര യും, കുംഭമാസത്തിലെ ശിവരാത്രി മാത്രം ആഘോഷിക്കുന്നു.
പ്രതിഷ്ഠകൾ
തിരുത്തുകഅഘോരമൂർത്തി
തിരുത്തുകപ്രധാനമൂർത്തിയായ മണ്ണൂരപ്പൻ പടിഞ്ഞാറോട്ട് ദർശനമായി രൗദ്രഭാവത്തിൽ വാഴുന്നു. ശിവലിംഗത്തിന് ഒരടിയോളം പൊക്കമുണ്ട്. ശ്രീകോവിലിൽ ഭഗവാൻ അഘോരമൂർത്തിഭാവത്തിൽ വിളങ്ങുന്നു. ഭക്തന്മാർ ദർശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലാണന്നു വിശ്വാസം.
മഹാവിഷ്ണു
തിരുത്തുകഅഘോരമൂർത്തീഭാവത്തിലുള്ള ശ്രീപരമശിവന്റെ രൗദ്രതയ്ക്ക് ശമനം വരുത്തുവാനണത്രേ പരശുരാമൻ തന്നെ മഹാവിഷ്ണുവിനേയും ഇവിടെ പ്രതിഷ്ഠിച്ചത്. ശിവക്ഷേത്രത്തിനു വടക്കു വശത്തായി ക്ഷേത്ര മൈതാനത്തുതന്നെ വേറെ നാലമ്പലവും, ശ്രീകോവിലോടുംകൂടി മഹാവിഷ്ണു കുടികൊള്ളുന്നു. പടിഞ്ഞാറു ദർശനമായാണ് വിഷ്ണു പ്രതിഷ്ഠ. [8]
ഉപദേവ പ്രതിഷ്ഠകൾ
തിരുത്തുക- ഗണപതി
- ശാസ്താവ്
അവലംബം
തിരുത്തുക- ↑ കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
- ↑ കേരളദേവാലയങ്ങൾ-കോഴിക്കോട്
- ↑ കേരളദേവാലയങ്ങൾ-കോഴിക്കോട്
- ↑ കേരളദേവാലയങ്ങൾ-കോഴിക്കോട്
- ↑ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-26. Retrieved 2013-07-05.
- ↑ കേരളദേവാലയങ്ങൾ-കോഴിക്കോട്
- ↑ കേരളദേവാലയങ്ങൾ-കോഴിക്കോട്