അനുതാപിക്കുന്ന മഗ്ദലനമറിയം, എൽ ഗ്രെക്കോയുടെ ചിത്രം

മലയാളഭാഷയിൽ വള്ളത്തോൾ നാരായണമേനോൻ (1878–1958) എഴുതിയ കാവ്യമാണ് മഗ്ദലനമറിയം. യേശുവിന്റെ ശിഷ്യയും സഹചാരിയുമായി ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ സുവിശേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മഗ്ദലനമറിയത്തിന്റെ കഥയായി സങ്കല്പിക്കപ്പെട്ടാണ് ഇതിനെ രചന. വള്ളത്തോളിന്റെ പ്രമുഖവും ഏറ്റവും മനോഹരവുമായ രചനകളിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു.[1]

കുരിശിൻ ചുവടോളം യേശുവിനെ അനുഗമിച്ചവളും ഉയിർത്തെഴുന്നേല്പിന്റെ ആദ്യസാക്ഷിയായവളുമായി സുവിശേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മഗ്ദലനയെ മാനസാന്തരം വന്ന കഠിനപാപിനിയായി കാണുന്ന സങ്കല്പം മദ്ധ്യകാല ക്രിസ്തീയതയുടെ വികലസൃഷ്ടിയാണെന്ന് സമ്മതിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ ചിത്രവുമായി ചേർന്നു പോകുന്നതാണ് വള്ളത്തോളിന്റെ കാവ്യം.

മഗ്ദലനമറിയം അതീവസുന്ദരിയായിരുന്നു എന്ന സാമാന്യസങ്കല്പം തന്റെ കവിതയിൽ വള്ളത്തോളും പിന്തുടരുന്നു. യേശുവിനെ കാണാനായി ഫരിസേയൻ ശിമയോന്റെ വീട്ടിലേക്കു നടന്നു പോകുന്ന അവളെ ആകാശത്തിലെ നക്ഷത്രങ്ങൾ സൂക്ഷിച്ചു നോക്കുന്നതായി വർണ്ണിക്കുന്ന കവി, "ഭംഗമാർന്നൂഴിയിൽ വീണുപോയ" ഒരു നക്ഷത്രമാണോ മഗ്ദലന എന്നു തിരക്കുന്നു.[2] "ദാരിദ്രശുഷ്കമാം പാഴ്ക്കുടിൽ ഒന്നിൽ" ജനിച്ചുവളർന്ന "ആ രുചിരാംഗി"-യെ സാഹചര്യങ്ങൾ വഴിപിഴപ്പിക്കുന്നു. തുടർന്നുള്ള അവളുടെ ജീവിതകഥയിലെ അദ്ധ്യായങ്ങളിൽ 'ചാരിത്രം' എന്ന വാക്കു തന്നെ ഇല്ലായിരുന്നെങ്കിലും ഒടുവിൽ "ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം നിസ്തുലകോമളവേണുഗാനം" അവൾക്ക് മാനസാന്തരം വരുത്തുന്നതായി വള്ളത്തോൾ സങ്കല്പിക്കുന്നു. "ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ" എന്ന മഗ്ദലനയുടെ യാചന കേട്ട് യേശുവിന്റെ "ഹൃദ്സരസ്സ് കൃപാമൃതത്താൽ" നിറയുന്നതും "ആപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം" എന്ന ന്യായത്തിൽ അവളെ അദ്ദേഹം പാപവിമുക്തയാക്കി "പൊയ്ക്കോൾക പെൺകുഞ്ഞേ....ദുഃഖം വെടിഞ്ഞുനീ" എന്നു യാത്രയാക്കുന്നതും കവി ചിത്രീകരിക്കുന്നു.[2]

അവലംബംതിരുത്തുക

  1. KM George, Western Influence On Malayalam Language And Literature (പുറങ്ങൾ 127-129)
  2. 2.0 2.1 മലയാളസംഗീതം, വള്ളത്തോൾ കവിതകൾ, 'താഴത്തേക്കെന്തിത്ര' മഗ്ദലനമറിയത്തിലെ വരികൾ
"https://ml.wikipedia.org/w/index.php?title=മഗ്ദലനമറിയം_(കാവ്യം)&oldid=1383424" എന്ന താളിൽനിന്ന് ശേഖരിച്ചത്