ഭഗവാൻ മഹാവീർ വികലാംഗ് സഹായ സമിതി (ബി.എം.വി.എസ്.എസ്)

രാജസ്ഥാനിലെ ജയ്‌പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ഭഗവാൻ മഹാവീർ വികലാംഗ സഹായതാ സമിതി (ബി.എം.വി.എസ്‌.എസ്‌). അംഗവിച്ഛേദനത്തിന്‌ ഇരയായവരെ പ്രത്യാശ നൽകി ജീവിതത്തിലേക്ക്‌ തിരികെയെത്തിക്കാൻ പ്രയത്‌നിക്കുന്ന സംഘടനയാണ്‌ ഇത്. ഇന്ത്യയിൽ അംഗവിച്ഛേദനത്തിന്‌ ഇരയായ അഞ്ചര ദശലക്ഷത്തോളം പേർ നിലവിലുള്ളതായാണ്‌ കണക്കാക്കപ്പെടുന്നത്‌. വർഷം തോറും 25,000 പേർ കൂടി രോഗങ്ങളും അപകടങ്ങളും കാരണം ഈ പട്ടികയിൽ ചേർക്കപ്പെടുന്നതായി ആരോഗ്യരംഗത്തുള്ളവർ പറയുന്നു. 1975 ൽ ഡി. ആർ. മെഹ്‌തയാണ് ബി.എം.വി.എസ്‌.എസ്. സ്ഥാപിച്ചത് . വികലാംഗർക്കുള്ള കൃത്രിമക്കാലുകൾ, ക്രച്ചസ്, വീൽചെയർ തുടങ്ങിയവയും മറ്റു സഹായങ്ങളും തികച്ചും സൗജന്യമായിത്തന്നെ ഈ സംഘടന ലഭ്യമാക്കുന്നു.[1][2]

ജയ്‌പൂർ പാദങ്ങൾ എന്നപേരിൽ പ്രശസ്തമായ കൃത്രിമ കാലുകൾക്ക്‌ പിന്നിൽ പി.കെ സേഥി, ഭഗവാൻ മഹാവീർ വികലാംഗ സഹായതാ സമിതി എന്നിവയാണ്. കൂടാതെ ഡി. ആർ. മെഹ്‌തയുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.

സേവനങ്ങൾ

തിരുത്തുക

ലോകത്തിലെ തന്നെ എറ്റവും വലിയ ലിമ്പ്‌ ഫിറ്റിംഗ്‌ സോസൈറ്റിയാണ്‌ ബി.എം.വി.എസ്‌.എസ്‌. ഇന്ത്യയിൽ ശ്രീനഗർ മുതൽ ചെന്നൈ വരെയും ഗുവാഹട്ടി മുതൽ അഹമ്മദാബാദ്‌ വരെയുമായി 22 സാറ്റലൈറ്റ്‌ സെന്ററുകളാണ്‌ ഈ നോൺ പ്രോഫിറ്റബിൾ സാമൂഹ്യ സംരംഭത്തിന്‌ ഉള്ളത്‌. കൂടാതെ മെട്രോ നഗരങ്ങളായ ഡൽഹി, പൂനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും ബിഎംവിഎസ്‌എസിന്‌ ഫിറ്റിംഗ്‌ സെന്ററുകളുണ്ട്‌. 1.3 മില്യൺ ആളുകൾക്ക്‌ ഈ സംഘടന പുതു ജീവൻ നൽകിക്കഴിഞ്ഞു. പ്രതിവർഷം ശരാശരി 65,000 പേർക്ക്‌ ബിഎംവിഎസ്‌എസ്‌ പ്രോസ്‌തറ്റിക്‌ സഹായം നൽകുന്നു. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക്‌ സൗജന്യ നിരക്കിലാണ്‌ സംഘടന കാലുകളും മറ്റു കൃത്രിമ ശരീരഭാഗങ്ങളും വെച്ച്‌ നൽകുന്നത്‌. [3]

തുടക്കം

തിരുത്തുക

സ്വന്തം ജീവിതാനുഭവമാണ്‌ ഡി.ആർ മെഹ്‌തയെ മഹത്തായ ഇത്തരമൊരു സംരംഭത്തിലേക്ക്‌ തിരിയാൻ പ്രേരിപ്പിച്ചത്‌. 1969 ൽ പൊഖ്‌റാനിൽ ഉണ്ടായ അപകടത്തിൽ അദ്ദേഹത്തിന്‌ ഗുരുതമായി പരുക്കേറ്റു. 43 കഷ്‌ണങ്ങളായി ചിതറിയ അദ്ദേഹത്തിന്റെ തുടയെല്ല്‌ കൂട്ടിച്ചേർക്കാൻ വൈദ്യശാസ്‌ത്രത്തിനായില്ല. അഞ്ചു മാസത്തെ ആശുപത്രിവാസത്തിനുശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക്‌ പോകവേയാണ്‌ അദ്ദേഹം ജയ്‌പൂർ കാലുകളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കുന്നത്‌. സ്വന്തം അനുഭവത്തിൽ നിന്നും വികലാംഗരുടെ ദുഃഖം തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട്‌ അതിന്റെ പരിഹാരത്തിനായുള്ള പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു.

1968 ൽ പണ്ഡിത്‌ റാം ചന്ദ്ര ശർമ എന്ന ശിൽപ്പിയാണ്‌ ജയ്‌പൂർ പാദങ്ങൾ ഡിസൈൻ ചെയ്യുന്നത്‌. ജയ്‌പൂർ സവായ്‌ മാൻസിംഗ്‌ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ്‌ വിഭാഗം തലവനായിരുന്ന മഗ്‌സസെ അവാർഡ്‌ ജേതാവ്‌ ഡോ. പി.കെ സേഥിന്റെ നേതൃത്വത്തിലായിരുന്നു അത്‌. ഈ കൃത്രിമ കാലുകളുടെ ഉപയോഗ ക്ഷമത തിരിച്ചറിഞ്ഞ ദേവേന്ദ്ര രാജ്‌ മെഹ്‌ത എന്ന ഐ.എ.എസുകാരൻ 1975 ലാണ്‌ ബി.എം.വി.എസ്‌.എസിന്‌ തുടക്കം കുറിച്ചത്‌. [4]

ചികിത്സ

തിരുത്തുക

പൊയ്‌ക്കാലുകൾ മാത്രമല്ല, കൃത്രിമ കൈകൾ, പോളിയോ ബാധിച്ചവർക്കുള്ള കാലിപേർസ്‌, അംഗ വിച്ഛേദം സംഭവിച്ചവർക്കായുള്ള ഫിസിയോ തെറാപ്പി ചികിത്സ, അവരെ സാധാരണ ജീവിതത്തിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള മാനസിക ചികിത്സകൾ എന്നിവയും ബി.എം.വി.എസ്‌.എസ്‌ നൽകുന്നു. ബി.എം.വി.എസ്‌.എസിൽ ചികിത്സ തേടിയെത്തുന്ന ഓരോ വ്യക്തിക്കും വളരെ ലളിതമായ പ്രക്രിയയിലൂടെ സംഘടനയുടെ വൈദ്യസഹായം ലഭിക്കുന്ന വിഭാഗത്തിന്റെ ഭാഗമാകാം. ഒരിക്കൽ ബി.എം.വി.എസ്‌.എസ്സിൽ പ്രവേശനം ലഭിച്ചാൽ പിന്നെ അവരുടെ പ്രോസ്‌തെസിസ്‌ ലഭിക്കും വരെയുള്ള ചികിത്സാ ചെലവുകൾ സംഘടന തന്നെ വഹിക്കും.

ഇതും കാണുക

തിരുത്തുക
  1. http://www.jaipurfoot.org/01_org_whoarewe.asp
  2. http://www.acronymfinder.com/Bhagwan-Mahaveer-Viklang-Sahayata-Samiti-%28limb_fitting-organization%3B-Jaipur,-India%29-%28BMVSS%29.html
  3. കേരള കൗമുദി [1] ശേഖരിച്ചത് 2019 ജൂലൈ 19
  4. വൺ ഇന്ത്യ മലയാളം [2] ശേഖരിച്ചത് 2019 ജൂലൈ 19