ജയ്‌പൂർ പാദങ്ങൾ
രാജസ്ഥാനിലെ ജയ്പൂരിൽ വൾകനൈസഡ് റബ്ബറിൽ നിർമ്മിക്കുന്ന കൃത്രിമ കാലുകളാണ് ജയ്‌പൂർ പാദങ്ങൾ എന്ന പേരിൽ രാജ്യാന്തര പ്രശസ്തി നേടിയത്. പി.കെ സേഥി എന്ന ഡോക്ടർ ആയിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവരും ജന്മനാ വികലാംഗരുമായ ആയിരക്കണക്കിനാളുകൾ സേഥിയുടെ ജയ്‌പൂർ പാദങ്ങൾ എന്ന കൃത്രിമ കാലുകൾ ഘടിപ്പിച്ച് ഇന്നും ജീവിതം നയിക്കുന്നുണ്ട്.[1] ജയ്‌പൂർ പാദങ്ങൾ വികസിപ്പിക്കുന്നതിനു മുമ്പുള്ള കൃത്രിമ കാലുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. എന്നാൽ ജയ്‌പൂർ പാദങ്ങളുടെ കണ്ടുപിടിത്തം ഒട്ടേറെ പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. [2]
തുടക്കം
തിരുത്തുക1969 ലാണ് ആദ്യമായി ചിലവ് കുറഞ്ഞതും കൂടുതൽ അനായസകരവുമായ കൃത്രിമ കാലുകൾ പി.കെ സേഥി നിർമ്മിച്ചെടുക്കുന്നത്. ജയ്‌പൂരിൽ നിന്ന് നിർമ്മിച്ച കാലുകൾ ‘ജയ്‌പൂർ പാദങ്ങൾ’ എന്ന പേരിൽ പ്രശസ്തി നേടാൻ അധികം കാലമെടുത്തില്ല.
രാജ്യാന്തര ശ്രദ്ധ
തിരുത്തുകഅസ്ഥി രോഗ ചികിത്സയിലെ ഇന്ത്യൻ ചുവടുവെയ്‌പ് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ വിദേശ രാജ്യങ്ങളിലേക്ക് ജയ്‌പൂർ കാലുകൾ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. ചെലവു കുറവും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് ജയ്‌പൂർ കാലുകളുടെ പ്രശ്‌സതി വർദ്ധിപ്പിച്ചത്. ഇതുപയോഗിച്ച് അനായാസമായി നടക്കാനും ജോലിയെടുക്കാനും സാധാരണ ജീവിതം നയിക്കാനും വികലാംഗർക്ക് കഴിയും. കേവലം അയ്യായിരം രൂപയിൽ താഴെ മാത്രം നിർമ്മാണ ചിലവ് വരുന്ന ഈ കൃത്രിമ കാലുകൾ ദേവേന്ദ്ര രാജ് മേത്ത സ്ഥാപിച്ച ജയ്‌പൂരിലുള്ള ഭഗവാൻ മഹാവീർ വികലാംഗ് സഹായ സമിതി (ബി.എം.വി.എസ്.എസ്) എന്ന ജീവകാരുണ്യ സന്നദ്ധ സംഘടന വഴി സൗജന്യമായാണ് നൽകപ്പെടുന്നത്. സംഘടനയ്‌ക്ക് ഇന്ത്യൻ ഗവൺമെന്റും സഹായ സഹകരണങ്ങൾ നൽകി പോരുന്നു. [3]
ജയ്‌പൂർ പാദങ്ങൾ ഉപയോഗിക്കുന്ന പ്രമുഖർ
തിരുത്തുകപ്രശസ്ത നർത്തകി സുധാ ചന്ദ്രന് കൗമാരപ്രായത്തിൽ ഒരു അപകടത്തിലൂടെ തന്റെ വലതു കാൽ നഷ്‌ടപ്പെട്ടു. പിന്നീട് ജയ്‌പൂർ കാലുകളിൽ വീണ്ടും അരങ്ങിലെത്തിയ സുധാ ചന്ദ്രൻ, സിനിമാക്കഥയെ വെല്ലുന്ന ജീവിത യാഥാർഥ്യങ്ങളിലൂടെയാണ് ജയ്‌പൂർ കാലുകളിലൂടെ നടന വിസ്‌മയങ്ങൾ തീർത്തത്.
നിർമ്മാണം
തിരുത്തുകഓരോ രോഗിക്കും പ്രത്യേകമായി അളവെടുത്താണ് പ്രോസ്‌തെസിസ് നിർമ്മിക്കുന്നത്. ഓരോ രോഗിയുടെയും സ്റ്റമ്പിൽ (മുറിച്ചു മാറ്റിയതിനു ശേഷമുള്ള ഭാഗം) ഒരു സോക്ക്‌സ് ധരിപ്പിച്ചു അതിനു മുകളിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് മോൾഡ് ഉണ്ടാക്കിയാണ് അളവെടുക്കുന്നത്.
ഈ സോക്കറ്റിൽ നിന്നും ഉണ്ടാക്കുന്ന പ്ലഗ് നമ്മുടെ കാലിന്റെ അതെ അളവായിരിക്കും. ഈ പ്ലഗിലേക്ക് ഹൈഡെൻസിറ്റി പോളി എത്തലീൻ ഉരുക്കി ഒഴിച്ച് സ്‌ട്രെ്‌ച് ചെയ്‌തെടുക്കുന്നു. ഇതിലേക്ക് വൾകനൈസഡ് (സൾഫർ ചേർത്ത് ബലവും ഇലാസ്‌തികതയും വർദ്ധിപ്പിച്ച) റബ്ബർ കൊണ്ടുള്ള പൊയ്‌ക്കാൽ ഘടിപ്പിക്കുന്നു. സാധാരണയായി അന്നുതന്നെ രോഗികൾക്ക് അവരുടെ പ്രോസ്‌തെസിസ് നൽകുന്നുവെന്നതും സവിശേഷതയാണ്. കൃത്രിമ അവയവം ശരീരത്തോട് ഘടിപ്പിച്ചു കുറച്ചു സമയം അതുമായി ഇണങ്ങാനുള്ള സമയം രോഗികൾക്ക് നൽകിയിട്ടെ ബിഎംവിഎസ്‌എസ് അവരെ യാത്രയാക്കുകയുള്ളു.
അഞ്ചു പേരുടെ ഒരു സംഘമാണ് ഓരോ ബിഎംവിഎസ്‌എസ് സെന്ററിലും കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്നത്. പ്രതിദിനം 15 കൃത്രിമ അവയവങ്ങൾ അവർ നിർമ്മിക്കുന്നു. മൂന്നര മില്യൺ യുഎസ് ഡോളറാണ് സ്ഥാപനത്തിന്റെ വാർഷിക ബജറ്റ്. സംഭാവനകളിലൂടെയും സർക്കാർ ഗ്രാന്റുകളിലൂടെയും ചികിത്സയിലൂടെയും കിട്ടുന്ന പണത്തിലൂടെയുമാണ് ഈ തുക കണ്ടെത്തുന്നത്.
നിർമ്മാണ ചെലവ്
തിരുത്തുകതാരതമ്യേന കുറഞ്ഞ ചെലവാണ് ജയ്‌പൂർ കാലുകളുടെ സവിശേഷത. വിദേശ രാജ്യങ്ങളിൽ പൊയ്‌ക്കാലുകൾ വെക്കാൻ വലിയ തുക ആവശ്യമാണ്. അമേരിക്കയിൽ ഒരു കൃത്രിമ കാൽ ഘടിപ്പിക്കുന്നതിന് 12000 ഡോളറാണ് ചെലവ്. എന്നാൽ ഇന്ത്യൻ പ്രകൃതിക്ക് നന്നായി ഇണങ്ങുന്ന ജയ്‌പൂർ കാലുകളുടെ ആകെ ചെലവാകട്ടെ 45 ഡോളറിലും താഴെയാണ്. ഇത് ധരിച്ച ഒരു വ്യക്തിക്ക് കൃഷി ഇടങ്ങളിൽ വേല ചെയ്യാനും ഓടാനും സൈക്കിൾ ചവിട്ടാനും നിലത്തു കുത്തി ഇരിക്കാനും മരത്തിൽ കേറാനും ഒക്കെ സാധിക്കും. വിദേശ നിർമിത വെപ്പുകാലുകളിൽ പലതും ഇത്തരത്തിൽ ഡിസൈൻ ചെയ്‌തവയല്ല. കൂടാതെ വാട്ടർ പ്രൂഫായ ജയ്‌പൂർ കാലുകൾക്ക് ഭാരം കുറവാണ് എന്നതും പ്രത്യേകതയാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.business-standard.com/health/jaipur-based-prosthetic-leg-fitment-centre-set-up-in-equatorial-guinea-123041400785_1.html
- ↑ വൺ ഇന്ത്യ മലയാളം [1] ശേഖരിച്ചത് 2019 ജൂലൈ 19
- ↑ ഡിസി ബുക്ക്സ് [2] Archived 2019-07-19 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 18