ബൈസിക്കിൾ തീവ്‌സ്

(ബൈസൈക്കിൾ തീവ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിറ്റോറിയോ ഡി സിക്ക 1948-ൽ സം‌വിധാനം ചെയ്ത ഇറ്റാലിയൻ നവറിയലിസ്റ്റിക് ചലച്ചിത്രമാണ്‌. ലാദ്രി ഡി ബൈസിക്ലെറ്റേ (Ladri di biciclette) (ഇംഗ്ലീഷിൽ ദ ബൈസിക്കിൾ തീഫ് അല്ലെങ്കിൽ ബൈസിക്കിൾ തീവ്‌സ് എന്ന പേരിൽ ഇറങ്ങി). ആ പ്രസ്ഥാനത്തിന്റെ വിജയ വൈജയന്തിയായി കൊണ്ടാടപ്പെടുന്ന സിനിമ. തന്റെ ജോലി ആവശ്യത്തിനുപയോഗിക്കുന്ന കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ തിരയുന്ന ഒരു ദരിദ്രമനുഷ്യന്റെ കഥയാണ്‌ ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം. ലാമ്പർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബൈസിക്കിൾ തീവ്‌സ്
ഇറ്റാലിയൻ പോസ്റ്റർ
സംവിധാനംവിറ്റോറിയോ ഡി സിക്ക
നിർമ്മാണംഗിയുസെപ്പേ അമാറ്റോ
രചനScreenplay:
വിറ്റോറിയോ ഡി സിക്ക
സെസാരെ സവറ്റിനി
സുസോ സേച്ചി ദ്‌അമികോ
ഗെരാഡോ ഗ്യുറീയേറി
ഒരെസ്റ്റേ ബിയാകോളി
അഡോൾഫോ ഫ്രാൻസി
Story:
ല്യൂഗി ബാർട്ടോലിനി
അഭിനേതാക്കൾലാമ്പർട്ടോ മാഗ്ഗിയോറനി
എൻസോ സ്റ്റായിയോള
ലിയനെല്ലാ കാരെൽ
വിറ്റോറിയോ ആന്റോനുസ്സി
സംഗീതംഅലേസ്സാണ്ട്രോ ഗിക്കോഗിനി
ഛായാഗ്രഹണംകാർലോ മോൺട്യുയോറി
ചിത്രസംയോജനംഎറാൾഡോ ഡാ റോമ
വിതരണംഇറ്റലി:
Ente Nazionale Industrie Cinematografiche
യു.എസ്. എ.:
Arthur Mayer
Joseph Burstyn
റിലീസിങ് തീയതിനവംബർ 24, 1948
(ഇറ്റലി)
ഡിസംബർ 12, 1949
(യു.എസ്. എ.)
രാജ്യംഇറ്റലി
ഭാഷഇറ്റാലിയൻ
ബജറ്റ്$133,000
സമയദൈർഘ്യം93 മിനിറ്റ്

നിരൂപകരുടെയും , സം‌വിധായകരുടെയും ശ്രദ്ധ വളരെയധികം ഈ ചിത്രം പിടിച്ചു പറ്റി. 1949-ൽ അക്കാദമി ഹോണററി പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. 1952-ൽ സൈറ്റ് & സൗണ്ട്സ് എന്ന മാസിക ചലച്ചിത്ര നിർമ്മാതാക്കളുടെയും,നിരൂപകരുടെയും ഇടയിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെ എക്കാലത്തെയും മികച്ച ചിത്രമായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.[1] പിന്നീട് 2002-ൽ ചലച്ചിത്ര പ്രവർത്തകരുടെ ഇടയിൽ നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ആറാമത്തേതായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

വിശദാംശങ്ങളിൽ പോലും പ്രകടമാകുന്ന ജീവിതാവബോധം, ഉള്ളുരുക്കുന്ന നൊമ്പരങ്ങൾക്കിടയിലും സ്വയമരിയാതെ ചിരി വിടർത്തുന്ന നർമ ബോധം, വാക്കിലോ പ്രവൃത്തിയിലോ പ്രതികരണങ്ങളിലൊ കൃത്രിമത്വത്തിന്റെ ലാഞ്ചന പോലുമില്ലാത്ത യഥാർത്ഥ മനുഷ്യരുടെ ചിത്രീകരണം, അഭിനയമെന്നു പേർ ചൊല്ലി വിളിക്കാൻ മടി തോന്നും വിധം യഥാതഥമായ അഭിനയം ഇങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണു ബൈസിക്കിൾ തീവ്‌സ്‌. ഇച്ചിത്രത്തിന്റെ ആകർഷണരഹസ്യങ്ങളിൽ ഏറ്റവും പ്രധാനം അതുൾകൊള്ളുന്ന പ്രമേയം തന്നെയാണു. സാധാരണക്കാരന്റെ പ്രത്യാശകളും നൊമ്പരങ്ങളും സമൂഹവും വിധിയും ഒരൊത്തുകളിയിലെന്ന പോലെ അവനെ പരാജയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും നാമിവിടെ കാണുന്നു.

കഥാസംഗ്രഹം തിരുത്തുക

മുഖ്യ കഥാപാത്രമായ റിച്ചി അന്തോണിയോക്ക് എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചിനു മുന്നിലുള്ള മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരു താൽക്കാലിക ജോലി ലഭിക്കുന്നു. മതിലുകളിൽ പോസ്റ്റർ പതിക്കുന്ന ആ ജോലിയിൽ ചേരണമെന്നുണ്ടെങ്കിൽ സ്വന്തമായി ഒരു സൈക്കിൾ ഉണ്ടാവേണ്ടതുണ്ട്. അന്തോണിയോവിന്റെ സൈക്കിൾ പണയം വച്ചിരിക്കുകയുമാണ്. അയാളുടെ ഭാര്യ പെട്ടെന്ന് ഒരു പ്രതിവിധി കണ്ടത്തുന്നു. വീട്ടിലെ കിടക്കവിരികൾ പണയമായി ഏൽപ്പിച്ച് സൈക്കിൾ തിരിച്ചെടുക്കുന്നു. സൈക്കിളുമെടുത്ത് ജോലി ആരംഭിച്ച് അധികം താമസിയാതെ തന്നെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു.

മകൻ ബ്രൂണോയുമൊത്ത് അയാൾ സൈക്കിൾ തിരഞ്ഞുനടക്കുന്ന ദൃശ്ശ്യങ്ങൾ ഹൃദയഭേദകമാണ്. പോലിസ്‌ സ്റ്റേഷനിൽ പരാതിബോധിപ്പിക്കാനായി പോകുമ്പോൽ അയാൾക്കുണ്ടാവുന്ന അനുഭവം ജീർണമായിക്കഴിഞ്ഞ ഒരു ഭരണ- ഔദ്യോഗിക സംവിധാനത്തിന്റെ ലക്ഷണമാണ്. തന്റെ സൈക്കിൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നയാൾ പറയുമ്പോൾ ക്യാമറ കെട്ടുകെട്ടായി കൂട്ടിവെച്ചിരിക്കുന്ന അത്തരം നിരവധി പരാതികളിലേക്കാണ് തിരിയുന്നത്. അധികാരികളുടെ മനോഭാവമാകട്ടെ കടുത്ത നിസ്സംഗതയോടെയുള്ളതും.

എല്ലാ പ്രതീക്ഷയും അറ്റുപോയ ഒരു നേരത്ത്‌ കൈയിലുള്ള ചില്ലിക്കാശുകൊണ്ടയാൾ ബ്രൂണോയ്ക്ക് ഒരു പീസ്സ വാങ്ങിക്കൊടുക്കാൻ ഹോട്ടലിലെത്തുന്നു. തൊട്ടടുത്ത മേശയിൽ, മൃഷ്ട്ടാന്ന ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തിലേക്ക് കണ്ണുപായിക്കുന്ന മകനോട്‌ അയാൾ പറയുന്നു, അത്രയും ഭക്ഷണം വാങ്ങണമെന്നുണ്ടെങ്കിൽ ഒരു മാസത്തിൽ പത്ത് ലക്ഷം ലിറ (ഇറ്റാലിയൻ കറൻസി) എങ്കിലും വരുമാനം വേണ്ടിവരും.

മോഷ്ടാവിനെ അവർക്ക് കണ്ടെത്താനാവുന്നുണ്ടെങ്കിലും പോലീസിനു മുമ്പിൽ വിശ്വസനീയമായ തെളിവുകൾ കാണിച്ചുകൊടുക്കാനാവത്തതിനാൽ ആ ശ്രമവും വിഫലമാകുന്നു. മാത്രമല്ല, കള്ളനായി സംശയിക്കപ്പെടുന്നവന്റെ വീട്ടുകാരും അയൽക്കാരും അവന് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നതോടെ കാര്യങ്ങൾ അന്തോണിയോവിനു എതിരെ തിരിയുന്നു. ആകെ പ്രതിസന്ധിയിലാവുന്ന അന്തോണിയോ ഫുട്ബോൾ മൽസരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന നിരവധി സൈക്കിളുകളിലൊന്ന് മോഷ്ടിച്ചു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷെ ആ കാര്യത്തിലും പ്രാപ്തനല്ലാത്ത അയാൾ പെട്ടെന്ന് പിടിക്കപ്പെടുകയും ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനും അവഹേളനത്തിനും പാത്രമാകുകയും ചെയ്യുന്നു. അനിശ്ചിതമായ ഭാവിയുടെ ഇരുളിലേക്ക് നടന്നു നീങ്ങുന്ന നായകന്റെയും കുടുംബത്തിന്റെയും പ്രതീക്ഷാരാഹിത്ത്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

കഥാപാത്രങ്ങൾ തിരുത്തുക

ലാമ്പർട്ടോ മാഗ്ഗിയോറനി- അന്തോണിയോ റിച്ചി
എൻസോ സ്റ്റായിയോള- ബ്രൂണോ റിച്ചി
ലിയനെല്ലാ കാരെൽ- മരിയ റിച്ചി
വിറ്റോറിയോ ആന്റോനുസ്സി- കള്ളൻ

അവലംബം തിരുത്തുക

[2][3][4]

  1. Ebert, Roger Archived 2011-11-05 at the Wayback Machine.. Chicago Sun-Times, film review, March 19, 1999. Last accessed: December 30, 2007.
  2. ജി. പി. രാമചന്ദ്രൻ "25 ലോകസിനിമകൾ",p. 39. ചിന്ത പബ്ളിക്കേഷൻസ്,തിരുവനന്തപുരം.
  3. "Ladri di Biciclette (Bicycle Thieves) (1948)"
  4. "Bicycle Thieves", Wikipedia

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൈസിക്കിൾ_തീവ്‌സ്&oldid=3896314" എന്ന താളിൽനിന്ന് ശേഖരിച്ചത്