ബെഹിസ്തുൻ ലിഖിതം

(ബെഹിസ്തൂൻ സ്മാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ പട്ടണത്തിനടുത്തുള്ള ബെഹിസ്തുൻ കൊടുമുടിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഒരു പുരാതന ബഹുഭാഷാ ശിലാലിഖിതമാണ് ബിസത്തൂൻ ലിഖിതം എന്നുകൂടി അറിയപ്പെടുന്ന ബെഹിസ്തൂൻ ലിഖിതം. ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ, പേർഷ്യൻ ഹഖാമനീഷ്യൻ ചക്രവർത്തിയായ ദാരിയസിന്റെ കല്പനയിൽ രേഖപ്പെടുത്തപ്പെട്ട ഈ ലിഖിതം, ഇപ്പോൾ യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ബെഹിസ്തുൻ ലിഖിതം
سنگ‌نبشته بیستون
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇറാൻ Edit this on Wikidata[1][2]
IncludesQ120402651 Edit this on Wikidata
മാനദണ്ഡംii, iii[3]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1222 1222
നിർദ്ദേശാങ്കം34°23′25″N 47°26′09″E / 34.39036°N 47.43589°E / 34.39036; 47.43589
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

എലമൈറ്റ്, അക്കാഡിയൻ, പുരാതന പേർഷ്യൻ എന്നീ മൂന്നു ഭാഷകളീൽ എഴുതിയിട്ടുള്ള ഈ ലിഖിതരേഖ ഹഖാമനീഷ്യൻ സാമ്രാജ്യകാലത്തെ അധീനപ്രദേശങ്ങളെക്കുറിച്ചും, ദാരിയസിന്റെ അധികാരലബ്ദിയെക്കുറിച്ചും, അക്കാലത്ത് സാമ്രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ചുമെല്ലാം വിവരം നൽകുന്ന ഒരു പ്രധാന സ്രോതസ്സാണ്. ബി.സി.ഇ. 522-ൽ താൻ അധികാരത്തിലേറി അധികകാലമാകുന്നതിനു മുൻപേയാണ് ദാരിയസ് ഈ ശിലാലിഖിതം രേഖപ്പെടുത്തുന്നതിന് ഉത്തരവിട്ടത്[4]‌.

ലിഖിതത്തിന്റെ ഉള്ളടക്കം

തിരുത്തുക

കാംബൈസസ് രണ്ടാമന്റെ മരണശേഷം അധികാരത്തിലെത്തിയ കാംബൈസസിന്റെ സഹോദരൻ ബർദിയയെ വധിച്ചാണ് ദാരിയസ് ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ നാലാമത്തെ ചക്രവർത്തിയായിത്തീർന്നത്. തന്റെ നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ദാരിയസ് ഈ ലിഖിതത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ബർദിയ ഒരു ആൾമാറാട്ടക്കാരനായിരുന്നെന്നും, യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് വധിച്ചുവെന്നും ദാരിയസ് പറയുന്നു. ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും ദാരിയസ് തുടർന്നു പറയുന്നു (മെഡിയക്കാർ പേർഷ്യക്കാരുടെ ശത്രുക്കളായിരുന്നു). അധികാരത്തിലേറിയതിനു ശേഷം സാമ്രാജ്യത്തിന്റെ വിവിധകോണുകളിൽ ദാരിയസിനെതിരായി പല അട്ടിമറിശ്രമങ്ങളും നടക്കുകയും, ദാരിയസ് തന്റെ സേനാനായകരോടോത്ത്ത് ഇവയെല്ലാം ഒരു വർഷത്തിനുള്ളിൽ അടിച്ചമർത്തിയെന്നും ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്[4].

ബാക്ട്രിയയിലെ ദാരിയസിന്റെ സത്രപ് ആയിരുന്ന ദാദർശിഷ് ആണ് ഇത്തരത്തിൽ മാർഗിയാനയിൽ ഉടലെടുത്ത ഒരു കലാപം അടിച്ചമർത്തിയത്. ഈ നീക്കത്തിൽ 50,000-ത്തിലധികം മാർഗിയാനക്കാർ വധിക്കപ്പെട്ടതായും ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ അറാകോസിയയിലെ കലാപം അടിച്ചമർത്തിയ മറ്റൊരു സേനാനായകനായ വിവാനയുടെ കാര്യവും ലിഖിതത്തിലുണ്ട്.

ബർദിയെ വധിച്ച് അധികാരത്തിലെത്തിയ ദാരിയസിന് അന്ന് വെറും 25 വയസു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പേർഷ്യൻ നേതാക്കൾ ദാരിയസിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല അവർ ദാരിയസിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. ഇത്തരം അട്ടിമറികളെ ചെറുത്ത് തോൽപ്പിച്ച് താനാണ് യഥാർത്ഥ ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ അധിപനെന്നും ഉറപ്പിക്കുവാനുള്ള ശ്രമവും ബെഹിസ്തുൻ ലിഖിതങ്ങളിൽ കാണാം.

ബർദിയ ഒരു ആൾമാറാട്ടക്കാരനാണെന്ന് തനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും, ബർദിയയുടെ കൊലപാതകത്തിന് പദ്ധതിയിട്ടതും നടപ്പാക്കിയതും താനാണെന്നും ഇതിൽ പറയുന്നു.

ബെഹിസ്തുൻ ലിഖിതത്തിൽ സത്യം എന്ന വാക്ക് നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതിലെ പരാമർശങ്ങൾ പലതും കെട്ടിച്ചമച്ചതാണോ എന്ന് സംശയമുണർത്തുന്നുണ്ട്. കാംബൈസസിന്റെ യഥാർത്ഥ സഹോദരനായ ബാർദിയയെത്തന്നെയാണ് ദാരിയസ് വകവരുത്തിയതെന്നും, ദാരിയസ് അധികാരത്തിലേറിയതിനു ശേഷമുള്ള അട്ടിമറിശ്രമങ്ങളുടെ നിജസ്ഥിതിയെപ്പറ്റിയും ഇതിനാൽ സംശയിക്കപ്പെടുന്നു. (ദാരിയസിനെതിരായി എന്നു പറയപ്പെടുന്ന അട്ടിമറിശ്രമങ്ങൾ യഥാർത്ഥത്തിൽ ബർദിയക്കെതിരായി രൂപമെടുത്തതാണെന്ന് കരുതപ്പെടുന്നു)

ലിഖിതത്തിൽ സൊറോസ്ട്രിയൻ ദൈവമായ അഹൂറ മസ്ദയുടെ പേരും പലതവണ പരാമർശിക്കപ്പെടുന്നു. മസ്ദയുടെ ആശിവാദത്തോടു കൂടിയാണ് തന്റെ ചെയ്തികളെല്ലാമെന്നും ദാരിയസ് പറയുന്നു.

എന്നാൽ, കാംബൈസസിന്റെ പിൻ‌ഗാമിയായിരുന്ന ബർദിയയുടെ നിരവധി എതിരാളീകളിൽ ഒരാൾ മാത്രമായിരുന്നു ദാരിയസ് എന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. സമാനരായ മറ്റ് എതിരാളികളിൽ നിന്നും വ്യത്യസ്തനായി, ഹഖാമനീഷ്യൻ വംശത്തിൽ ജനിച്ചു എന്നതും, ഒരു ഹഖാമനീഷ്യൻ തലസ്ഥാനത്തു വച്ച് രാജാവിനെ വധിക്കാൻ സാധിച്ചു എന്നതും ദാരിയസിന് താരതമ്യേന എളുപ്പത്തിൽ രാജപദവിയും കൊട്ടാരവും മറ്റു അധികാരസ്ഥാപനങ്ങളുടേയും നിയന്ത്രണം പിടിച്ചടക്കുന്നത് താരതമ്യേന എളൂപ്പമായി.

തന്റെ രാജപദവിക്ക് ഇളക്കം തട്ടാതിരിക്കുന്നതിന് ബർദിയക്കെതിരെ തുടങ്ങിയ പേർഷ്യൻ കലാപങ്ങളെ തനിക്കെതിരെ എന്നു വരുത്തുന്ന രീതിയിൽ തിയതികളിലടക്കം തിരിമറികൾ നടത്തിയാണ് ദാരിയസ് ബെഹിസ്തുൻ ലിഖിതം തയ്യാറാക്കിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു.[4].

  1. Wiki Loves Monuments monuments database. 6 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=ir&srlang=fa&srid=70. {{cite web}}: Missing or empty |title= (help)
  2. https://iranarchpedia.ir/entry/15319. {{cite web}}: Missing or empty |title= (help)
  3. http://whc.unesco.org/en/list/1222. {{cite web}}: Missing or empty |title= (help)
  4. 4.0 4.1 4.2 Voglesang, Willem (2002). "7- Opening up to the west=97-101". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബെഹിസ്തുൻ_ലിഖിതം&oldid=3923219" എന്ന താളിൽനിന്ന് ശേഖരിച്ചത്