നാലുവട്ടം തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവാണ് മുസ്തഫ ബുലന്ത് എജവിത് (1925 മേയ് 28, ഇസ്താംബൂൾ – 2006 നവംബർ 5, അങ്കാറ). രാഷ്ട്രീയനേതാവ് എന്നതിനു പുറമേ കവി, എഴുത്തുകാരൻ, പരിഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു എജവിത്. ആദ്യം റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതാവായി മൂന്നു വട്ടം ചെറിയ കാലയളവുകളിൽ പ്രധാനമന്ത്രിയാകുകയും പിൽക്കാലത്ത് ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി രൂപീകരിച്ച് കക്ഷിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. 1957-ൽ തുർക്കി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം, തുടർന്നുള്ള അരനൂറ്റാണ്ടുകാലം മദ്ധ്യ-ഇടതുപക്ഷ രാഷ്ട്രീയധാരയുടെ നെടുംതൂണായിരുന്നു.[1]

മുസ്തഫ ബുലന്ത് എജവിത്
തുർക്കിയുടെ പ്രധാനമന്ത്രി
ഓഫീസിൽ
1999 ജനുവരി 11 – 2002 നവംബർ 18
മുൻഗാമിമെസൂത് യിൽമാസ്
പിൻഗാമിഅബ്ദുള്ള ഗുൽ
ഓഫീസിൽ
1978 ജനുവരി 5 – 1979 നവംബർ 12
മുൻഗാമിസുലെയ്മാൻ ദെമിറേൽ
പിൻഗാമിസുലെയ്മാൻ ദെമിറേൽ
ഓഫീസിൽ
1977 ജൂൺ 21 – 1977 ജൂലൈ 21
മുൻഗാമിസുലെയ്മാൻ ദെമിറേൽ
പിൻഗാമിസുലെയ്മാൻ ദെമിറേൽ
ഓഫീസിൽ
1974 ജനുവരി 26 – 1974 നവംബർ 17
മുൻഗാമിനയിം തലു
പിൻഗാമിസദി ഇർമാക്
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-05-28)28 മേയ് 1925
ഇസ്താംബുൾ
മരണം5 നവംബർ 2006(2006-11-05) (പ്രായം 81)
അങ്കാറ
രാഷ്ട്രീയ കക്ഷിഡി.എസ്.പി., സി.എച്.പി.
പങ്കാളിറഹ്സാൻ എജവിത്
അൽമ മേറ്റർറോബർട്ട് കോളേജ്
സ്കൂൾ ഓഫ് ഓറിയെന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ്
ഒപ്പ്

ജീവചരിത്രം

തിരുത്തുക

അങ്കാറയിലെ ഒരു വൈദ്യശാസ്ത്രപ്രൊഫസറൂടെ പുത്രനായിരുന്ന അദ്ദേഹം ബിരുദപഠനത്തിനു ശേഷം പരിഭാഷകനായി ജോലി ചെയ്തു. അമേരിക്കയിലായിരുന്ന കാലത്ത്, 1950കളുടെ മദ്ധ്യത്തിൽ ഒരു അമേരിക്കൻ പത്രത്തിനു വേണ്ടി ലേഖകനായി.[1]

പ്രധാനമന്ത്രിപദത്തിലേക്ക്

തിരുത്തുക
 
ജിമ്മി കാർട്ടറും ബുലന്ത് എജവിത്തും - 1978-ലെ ചിത്രം

1957-ൽ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 1971-73 കാലഘട്ടത്തിലെ പട്ടാളഭരണത്തിനു ശേഷം 1973 ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ നയിച്ചത് എജവിത് ആയിരുന്നു. തുടർന്ന് 1974 ജനുവരിയിൽ, നെജ്മത്തിൻ എർബകാന്റെ നേതൃത്വത്തിലുള്ള നാഷണൽ സാൽവേഷൻ പാർട്ടിയുമായി കൂട്ടുചേർന്ന് റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി, സർക്കാർ രൂപീകരിക്കുകയും എജവിത് പ്രധാനമന്ത്രിയാകുകയും ചെയ്തു.[1] എന്നാൽ രാഷ്ട്രീയസഖ്യം അതേ വർഷം തന്നെ പിളരുകയും എജവിത് പുറത്താകുകയും ചെയ്തു. ഇതിനു ശേഷം 1977-ലും 1979-ലും രണ്ടു കൂട്ടുകക്ഷിമന്ത്രിസഭകൾ എജവിത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടെങ്കിലും ഒന്നിനും ഒരു വർഷം പോലും ആയുസ്സുണ്ടായിരുന്നില്ല.

രാഷ്ട്രീയ വിലക്ക്

തിരുത്തുക

1980-ലെ പട്ടാള അട്ടിമറീസമയത്ത്, മറ്റു പല ഉന്നത രാഷ്ട്രീയനേതാക്കളെയുമെന്ന പോലെ, എജവിത്തിനും രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിലക്ക് കൽപ്പിക്കപ്പെട്ടു. 1987-ൽ ഈ വിലക്ക് നീങ്ങിയതോടെ അദ്ദേഹം ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിയുടെ (ഡി.എസ്.പി.) അദ്ധ്യക്ഷനായി. 1985 രൂപീകരിക്കപ്പെട്ട ഈ കക്ഷി അതുവരെ ബുലന്ത് എജവിത്തിന്റെ ഭാര്യയായിരുന്ന റഹ്ഷാൻ എജവിത് ആയിരുന്നു നയിച്ചിരുന്നത്.

1987-ൽ നടത്ത തിരഞ്ഞെടൂപ്പിൽ 10% വോട്ട് നേടാനാവാത്തതിനെത്തുടർന്ന് ഡി.എസ്.പിക്ക് പാർലമെന്റിൽ പ്രാതിനിത്യം ലഭിച്ചില്ല. ഇത് എജവിത്തിന് പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്നും ഒഴിവാകാൻ കാരണമായി. എന്നാൽ 1988-ൽ വീണ്ടും കക്ഷിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി 10.75% വോട്ട് നേടൂകയും പാർലമെന്റിൽ 7 സീറ്റ് നേടുകയും ചെയ്തു. അങ്ങനെ ഒരു ദശാബ്ദത്തിനു ശേഷം എജവിത് പാർലമെന്റിലെത്തി. 1995 -ലെ തിരഞ്ഞെടുപ്പിൽ 76 സീറ്റുകൾ നേടി, പാർട്ടി ബഹുദൂരം മുന്നേറി. തിരഞ്ഞെടുപ്പിനു ശേഷം മദർലാൻഡ് കക്ഷിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരിന് ഡി.എസ്.പി. പുറത്തു നിന്നു പിന്തുണനൽകിയിരുന്നെങ്കിലും ഈ സർക്കാർ അധികകാലം നിലനിന്നില്ല.[1]

വീണ്ടും അധികാരത്തിൽ

തിരുത്തുക

1999-ലെ തിരഞ്ഞെടുപ്പിൽ 22% ജനകീയവോട്ടുകളും 128 പാർലമെന്റ് സീറ്റുകളും നേടി, ഡി.എസ്.പി. ഏറ്റവും വലിയ കക്ഷിയായി. ദെവ്ലത് ബചേലിയുടെ നാഷണൽ ആക്ഷൻ പാർട്ടി, മദർലാൻഡ് പാർട്ടി എന്നിവയെ ഉൾപ്പെടുത്തി 351 അംഗങ്ങളുടെ പിന്തുണയിൽ ഡി.എസ്.പി., 1999 ജൂണിൽ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു. അങ്ങനെ ബുലന്ത് എജവിത് വീണ്ടും പ്രധാനമന്ത്രിയായി.

എജവിത്തിന്റെ ഈ ഭരണകാലം തികച്ചും നിരാശാജനകമായിരുന്നു. 1999-ൽ തുർക്കിയുടെ ജി.ഡി.പി. 6.4 ശതമാനം കുറവുണ്ടായി നാണ്യപ്പെരുപ്പം 66 ശതമാനവുമായിരുന്നു. ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. ബാങ്കിങ് രംഗത്തെ ഉന്നതരും രാഷ്ട്രീയക്കാരും ചേർന്ന സാമ്പത്തികതിരിമറികൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. സ്വകാര്യമേഖലയിലെ 13 ബാങ്കുകൾ‌ പാപ്പരായി. കുറേ ബാങ്കുകളെ സർക്കാർ ഏറ്റെടുത്തതുമൂലം സർക്കാരിന്റെ സാമ്പത്തികസ്ഥിതിയും വഷളായി. വൻ പൊതുമേഖലാസ്ഥാപനങ്ങളും അഴിമതിയിൽ മുങ്ങി.

2000 മേയ് മാസത്തിൽ അധികാരമേറ്റ പുതിയ പ്രസിഡണ്ട് അഹ്മെത് നെജ്ദെത് സെസർ, അഴിമതിക്കെതിരെ നടപടികളെടുക്കുന്നതിൽ പ്രധാനമന്ത്രി എജവിത്തിനെ വിമർശിച്ചു. പ്രസിഡണ്ടും പ്രധാനമന്ത്രിയും തമ്മിലുള്ള തുറന്ന പോര് സാമ്പത്തികരംഗം വീണ്ടും വഷളാവുന്നതിലേക്ക് കാര്യങ്ങൾ നയിച്ചു. പലിശനിരക്ക് ഇക്കാലത്ത് 150 ശതമാനം വരെയായി. സാമ്പത്തികമാന്ദ്യം രണ്ടു മാസം കൊണ്ട് 5 ലക്ഷം പേരെ തൊഴിൽരഹിതരാക്കി

 
ബുലന്ത് എജവിത്തും ജോർജ്ജ് ബുഷും 2002-ലെ ചിത്രം

യൂറോപ്യൻ യൂണിയനിലെ അംഗത്വത്തിനു വേണ്ടിയുള്ള വ്യവസ്ഥകൾ‌ പാലിക്കുന്നത് ലക്ഷ്യമാക്കി നിരവധി ഭരണഘടനാഭേദഗതികളും പരിഷ്കാരങ്ങളും നടപ്പാക്കി എന്നത് എജവിത്തിന്റെ കാലത്തെ പ്രധാന നേട്ടമാണ്. പാർലമെന്റംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ, ഭരണഘടനയിലെ 34 വകുപ്പുകൾ ഭേദഗതി ചെയ്തു. 1926 മുതൽ പ്രാബല്യത്തിലിരുന്ന സിവിൽ നിയമത്തിനു പകരം 2002 ജനുവരിയിൽ 1030 വകുപ്പുകളുള്ള ഒരു പുതിയ സിവിൽ നിയമം പാർലമെന്റ് പാസാക്കി. ഇത് സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പുരുഷന്മാരോടൊപ്പം തുല്യത ഉറപ്പാക്കി. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹിതരാവുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആയും നിജപ്പെടുത്തി, മുൻപ് ഇത് യഥാക്രമം പതിനഞ്ചും പതിനേഴുമായിരുന്നു. പുതിയ നിയമങ്ങളനുസരിച്ച് രാഷ്ട്രീയപാർട്ടികളെ നിരോധിക്കൽ അത്ര എളുപ്പമല്ലാതാക്കി. പട്ടാളഭരണകാലത്ത് പീഠിപ്പിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും നിയമങ്ങൾ കൊണ്ടുവന്നു. വധശിക്ഷ ഒഴിവാക്കുകയും ന്യൂനപക്ഷമായ കുർദുകൾക്ക് വിദ്യാഭ്യാസത്തിനും വാർത്താവിനിമയത്തിനുമുള്ള അവകാശങ്ങളും നൽകിയതും പ്രധാനപ്പെട്ട പരിഷ്കാരങ്ങളായിരുന്നു.

എങ്കിലും പ്രധാനപ്രശ്നമായിരുന്ന അഴിമതി, രാജ്യത്തിന്റെ മതേതര അടിത്തറയെ തകർക്കുന്ന രീതിയിൽ തുടർന്നുകൊണ്ടേയിരുന്നു. പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ പേഴ്സണൽ ഡയറക്റ്റർ ഉൾപ്പെട്ട ഒരു കൈക്കൂലിക്കേസ് ഒരു ടെലിവിഷനിലൂടെ പുറത്തുവന്നതിനെത്തുടർന്ന്, തന്റെ അഴിമതിവിരുദ്ധനടപടീകൾ പരാജയപ്പെട്ടെന്ന് എജവിത്തിന് സമ്മതിക്കേണ്ടീ വന്നു. [1] സാമ്പത്തികപ്രശ്നങ്ങളും അഴിമതിയും മൂലം, രാജ്യത്തെ മതേതരകക്ഷികളുടെ ജനപിന്തുണ കാര്യമായി കുറയുകയും പ്രതിപക്ഷത്തെ ഇസ്ലാമികവാദി കക്ഷിയായ വെർച്യൂ പാർട്ടി ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മതേതരകക്ഷികളുടെയെല്ലാം അടിത്തറയിളക്കാനും, വെർച്യൂ പാർട്ടിയുടെ പിൻഗാമിയും മിതവാദികക്ഷിയുമായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി അധികാരത്തിലെത്തിക്കുന്നതിലേക്കും ഇത് വഴിതെളിച്ചു.

അന്ത്യം

തിരുത്തുക
 
അങ്കാറയിലെ ദേശീയശ്മശാനത്തിലുള്ള ബുലന്ത് എജവിത്തിന്റെ കല്ലറ

എജവിത്തിന്റെ അസുഖവും, അദ്ദേഹം തന്റെ ഉപപ്രധാനമന്ത്രിയെ പുറത്താക്കിയതും മൂലം 2002 ജൂലൈ മാസത്തിൽ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി പിളർന്നു. 128 പാർലമെന്റംഗങ്ങളിൽ പകുതി പേർ ന്യൂ തുർക്കി പാർട്ടി എന്ന പുതിയ രാഷ്ട്രീയകക്ഷിയുണ്ടാക്കി. ഇത് പൊതുതിരഞ്ഞെടുപ്പിലേക്കും വഴിതെളിച്ചു. 2002 നവംബർ 3-ന് നടന്ന തിരഞ്ഞെടുപ്പിൽ ഡി.എസ്.പിക്കും അതിന്റെ സഖ്യകക്ഷികൾക്കും 10% കുറഞ്ഞ ജനപിന്തുണ നഷ്ടപ്പെടുകയും പാർലമെന്റിൽ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.[1] 2004-ൽ എജവിത് സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

മസ്തിഷ്കാഘാതത്തെത്തുടർന്ന് 2006 മേയ് 18-ന് അങ്കാറയിലെ ഗുലാൻ സൈനികാശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് 2006 നവംബർ 5-ന് ബുലന്ത് എജവിത് മരണമടഞ്ഞു. ശരീരം, അങ്കാറയിലെ തുർക്കിഷ് ദേശീയശ്മശാനത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.

  1. 1.0 1.1 1.2 1.3 1.4 1.5 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 84, 111–116. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബുലന്ത്_എജവിത്&oldid=2784936" എന്ന താളിൽനിന്ന് ശേഖരിച്ചത്