സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്നു ബി.വി. കക്കില്ലായ (11 ഏപ്രിൽ 1919 - 5 ജൂൺ 2012).

ജീവിതരേഖ

തിരുത്തുക

കാസർകോട് ചെർക്കള, മേനത്തെ ജന്മികുടുംബത്തിൽ ജനിച്ചു. എ.ഐ.ടി.യു.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കർണാടകയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം മംഗലാപുരം സെന്റ് അലോഷ്യസ് കോളജിൽ പ്രീയൂണിവേർസിറ്റി കോഴ്‌സിന് ചേർന്നു. ദേശിയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ലാല ലജ് പത് റായ് തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ പ്രചോദിതനായി. 1937ൽ എ ഐ എസ് എഫ് സംഘടിപ്പിച്ചു. വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ആറുവർഷത്തോളം ജയിൽവാസമനുഭവിച്ചു. കണ്ണൂർ, വെല്ലൂർ, റാണെബെന്നൂർ, ദാർവാർഡ്, കടലൂർ തുടങ്ങിയ ജയിലുകളിൽ തടവുകാരനായി കഴിഞ്ഞു. 1940 മുതൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും പങ്കാളിയായിരുന്നു. കർണാടകയിൽ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതിനുവേണ്ടിയുള്ള ജനകീയമുന്നേറ്റത്തിൽ അതുല്യമായ പങ്കുവഹിച്ചു. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വേളയിലും കക്കിലായ ജയിലായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ പേരിൽ ആറുമാസം ശിക്ഷിക്കപ്പെട്ടു. വിചാരണയില്ലാതെ ഒരുവർഷത്തോളം തടവിൽ കഴിഞ്ഞു. കർണാടകയുടെ ഏകീകരണത്തിലും പരിഷ്‌കരണത്തിലും നിർണായക പങ്കുവഹിച്ച കക്കില്ലായ 1952 മുതൽ 54 വരെ രാജ്യസഭാംഗമായിട്ടുണ്ട്.[1] 1970 കളിൽ ബൺട്വാൾ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം കർണാടക നിയമസഭയിലും എത്തി. കർണാടകയിൽ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നൽകിയ കക്കില്ലായ കർഷക സമരത്തിന്റെ മുൻനിരപ്പോരാളിയുമായിരുന്നു.[2]

1930 മുതൽ കക്കില്ലായയുടെ മംഗലാപുരത്തെ താമസസ്ഥലം കേരളത്തിലെ പാർട്ടി നേതാക്കളുടെ ക്യാമ്പായിരുന്നു. ബല്ലാരിയിൽ ജയിൽചാടിയ എ.കെ.ജി മംഗലാപുരത്തെത്തി കക്കില്ലായയുടെ കൂടെയാണ് കേരളത്തിലേക്ക് വന്നത്.

ഇംഗ്ലീഷിലും കന്നഡയിലും എണ്ണമറ്റ ലേഖനങ്ങളുടേയും അനേകം ഗ്രന്ഥങ്ങളുടേയും കർത്താവാണ്. സി.പി.ഐ കർണാടക സംസ്ഥാന കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ നവകർണാടക പബ്ലിക്കേഷൻസിന്റെ മുഖ്യചുമതലക്കാരനായിരുന്നു.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • കർണാടക സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-14. Retrieved 2012-06-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-05. Retrieved 2012-06-05.
  3. http://www.kasaragod.com/news_details.php?CAT=1&NEWSID=68632[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബി.വി._കക്കില്ലായ&oldid=3639036" എന്ന താളിൽനിന്ന് ശേഖരിച്ചത്