ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയായിരുന്നു ബിഭ ചൗധരി (1913 - 2 ജൂൺ 1991[5]). കണികാ ഭൗതികശാസ്ത്രത്തിലും കോസ്മിക് കിരണങ്ങളിലും ഗവേഷണം നടത്തിയ ഇന്ത്യയിലെ ആദ്യകാല ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബിഭ.ഇവരോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന സെക്സ്റ്റൺസ് നക്ഷത്രസമൂഹത്തിലെ എച്ച്.ഡി 86081 എന്ന നക്ഷത്രത്തെ 'വിഭ' എന്ന് പുനർനാമകരണം ചെയ്തു.

ബിഭ ചൗധരി
ബിഭ ചൗധരി
ജനനം1913 (1913)
മരണംജൂൺ 2, 1991(1991-06-02) (പ്രായം 77–78)
പൗരത്വംഇന്ത്യ
കലാലയം
അറിയപ്പെടുന്നത്
Scientific career
Fieldsകണികാഭൗതികശാസ്ത്രം, കോസ്മിക് രശ്മികൾ
Institutions
ThesisExtensive air showers associated with penetrating particles (1949)
Doctoral advisorസർ പാട്രിക് ബ്ലാക്കെറ്റ്
Other academic advisorsദേബേന്ദ്ര മോഹൻ ബോസ്

ആദ്യകാല ജീവിതം, വിദ്യാഭ്യാസം തിരുത്തുക

വിഭ ചൗധരി കൽക്കട്ടയിലെ ഒരു ജമീന്താർ കുടുംബത്തിലാണ് ജനിച്ചത്.[6] പിതാവ് ബാങ്കു ബിഹാരി ചൗധരി ഒരു ഡോക്ടറും അമ്മ ഊർമിള ദേവി ഒരു ബ്രഹ്മസമാജം മിഷനറിയുടെ മകളുമായിരുന്നു. ബിഭയ്ക്ക് നാല് സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു.

കൽക്കട്ട സർവകലാശാലയിലെ രാജാബസാർ സയൻസ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തന്റെ പഠനകാലത്ത് ഭൗതികശാസ്ത്ര വിഭാഗത്തിൽ കൽക്കട്ട സർവകലാശാലയിലെ തന്നെ ഒരേയൊരു പെൺകുട്ടിയായിരുന്ന്നു അവർ. 1939-ൽ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും ദേബേന്ദ്ര മോഹൻ ബോസിനൊപ്പം ജോലി ചെയ്യുകയും ചെയ്തു.[6] അവർ ഒരുമിച്ച് മ്യൂഓണുകളെ പരീക്ഷണാത്മകമായി നിരീക്ഷിക്കുകയും കോസ്മിക് കിരണങ്ങളിലുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യത്യസ്ത ഉയരങ്ങളിൽ കോസ്മിക് കിരണങ്ങൾക്ക് വിധേയമാകുന്ന ഇൽഫോർഡ് ഹാഫ്-ടോൺ പ്ലേറ്റുകളിൽ വിഭ പഠനം നടത്തി. അന്ന് കൂടുതൽ സംവേദനക്ഷമതയുള്ള എമൽഷൻ പ്ലേറ്റുകൾ ലഭ്യമല്ലാത്തതിനാൽ അവർക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനായില്ല.[7]

പിന്നീട്, അവർ തന്റെ ഡോക്ടറൽ പഠനത്തിനായി മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ പാട്രിക് ബ്ലാക്കെറ്റിനൊപ്പം പ്രവർത്തിച്ച് കോസ്മിക് കിരണങ്ങളിൽ ഗവേഷണം തുടർന്നു.[6] പാട്രിക് ബ്ലാക്കെറ്റിനെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയതിൽ വിഭയുടെ പഠനങ്ങൾ എത്രമാത്രം സംഭാവന ചെയ്തുവെന്ന് വ്യക്തമല്ല. ഇക്കാലത്ത് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് വിഭയുമായി അഭിമുഖം നടത്തിയിരുന്നു. "ഇന്ന് നമുക്ക് വളരെ കുറച്ച് വനിതാ ഭൗതികശാസ്ത്രജ്ഞർ മാത്രമേയുള്ളൂ എന്നത് ഒരു ദുരന്തമാണ്" എന്ന് അവർ പ്രസ്താവിച്ചു. "Meet India's New Woman Scientist- She has an eye for cosmic rays" എന്ന തലക്കെട്ടിലാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്.

തിരികെ ഇന്ത്യയിൽ തിരുത്തുക

വിഭ പിഎച്ച്ഡിക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. ഹോമി ജഹാംഗീർ ഭാഭാ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കുന്ന സമയമായിരുന്നു അത്. മികച്ച ബിരുദ വിദ്യാർത്ഥികളെ ലഭിക്കുവാനായി അദ്ദേഹം വിഭയുടെ തീസിസ് എക്സാമിനർമാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവർ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ എത്തുകയും എട്ട് വർഷം അവിടെ പ്രവർത്തിക്കുകയും ചെയ്തു. 1954-ൽ അവർ മിഷിഗൺ സർവ്വകലാശാലയിൽ സന്ദർശക ഗവേഷകയായിരുന്നു..[8] പിന്നീട് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ചേർന്ന് കോലാർ ഗോൾഡ് ഫീൽഡ്സ് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. കോലാർ ഗോൾഡ് മൈൻ പരീക്ഷണം പൂർത്തിയാക്കിയ ശേഷം, പ്രൊഫ. വിക്രം എ. സാരാഭായിയുമായി ചേർന്ന് മൗണ്ട് അബുവിൽ വച്ച് എക്സ്റ്റൻസീവ് എയർ ഷവറുമായി ബന്ധപ്പെട്ട റേഡിയോ ഫ്രീക്വൻസി എമിഷനുകളെ കുറിച്ച് ഒരു പുതിയ പരീക്ഷണം നടത്താൻ അവർ പദ്ധതിയിട്ടിരുന്നു. എന്നാൽ സാരാഭായിയുടെ അകാല വിയോഗം മൂലം ഈ പദ്ധതി നടന്നില്ല. അവർ സ്വമേധയാ വിരമിക്കുകയും കൊൽക്കത്തയിലെ സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്‌സ്, കൽക്കട്ട യൂണിവേഴ്‌സിറ്റി, ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് എന്നിവയിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് കൊൽക്കത്തയിലെ ഹൈ എനർജി ഫിസിക്‌സിൽ പ്രവർത്തിക്കുകയും ചെയ്തു. 1983-ൽ പ്രമുഖ കോസ്മിക് റേ ഗവേഷകരെ ഉൾപ്പെടുത്തി അമൃത്സറിൽ നടന്ന ഒരു ദേശീയ സമ്മേളനത്തിൽ അവർ പങ്കെടുത്തു. 1991 ജൂൺ 2-ന് ബ്രോഡ് സ്ട്രീറ്റിലെ സ്വവസതിയിൽ വച്ച് അവർ നിര്യാതയായി.

അവലംബം തിരുത്തുക

  1. Wire, India Science (2019-12-18). "A star and its planet get Indian names after a global contest". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2019-12-22.
  2. https://www.researchgate.net/publication/328496712. {{cite web}}: Missing or empty |title= (help)
  3. "The invisible women in science". www.telegraphindia.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-12-22.
  4. "Pramana – Journal of Physics, Indian Academy of Sciences". www.ias.ac.in. ശേഖരിച്ചത് 2020-02-03.
  5. Roy, Pragya (2019-06-18). "Bibha Chowdhuri: The Invisibilised Physicist| #IndianWomenInHistory". Feminism In India (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2019-12-21.
  6. 6.0 6.1 6.2 Bhattacharya, Amitabha (2018). "The woman who could have won a Nobel". telegraphindia.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-28.
  7. Priya, Pekshmi (2018). "This Brilliant Woman Could Have Won a Physics Nobel for India. Yet Few Indians Know Her Story". thebetterindia.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). The Better India. ശേഖരിച്ചത് 2018-11-28.
  8. Proceedings of the Board of Regents (ഭാഷ: ഇംഗ്ലീഷ്). The University. 1954.[ISBN missing]
"https://ml.wikipedia.org/w/index.php?title=ബിഭ_ചൗധരി&oldid=3722145" എന്ന താളിൽനിന്ന് ശേഖരിച്ചത്