ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയാണ് അഡ്വ. ബിന്ദു കൃഷ്ണ[1].

ജീവിത രേഖ തിരുത്തുക

കൊല്ലം ജില്ലയിലെ കട്ടച്ചലിലാണ് ബിന്ദുകൃഷ്ണ ജനിച്ചത്.[2] 1986ൽ കൊല്ലം പുന്നക്കോട് സെൻ്റ് തോമസ് ഹൈസ്കൂളിലെ സ്കൂൾ ലീഡറായിരുന്നു. 1987ൽ ഉപരിപഠനത്തിന് കൊല്ലം എസ്.എൻ മെൻസിൽ എത്തിയ ബിന്ദുകൃഷ്ണ കേരള സ്റ്റുഡന്റ്സ് യൂണിയനിൽ സജീവമായി. 1987-89 കാലഘട്ടത്തിൽ എസ്.എൻ മെൻസിൽ കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറിയായും, 1991-92 കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായും പ്രവർത്തിച്ചു. എസ്.എഫ്.ഐയുടെ കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന കൊല്ലം എസ്.എൻ മെൻസിൽ ശക്തമായ പ്രവർത്തനം നടത്തിയ കെ.എസ്.യു വനിതാ നേതാവ് എന്ന നിലയിൽ 1993ൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി നിയമിതയായി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമബിരുദവും ഗവ. ലോ കോളേജിൽ നിന്നും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ബിന്ദുകൃഷ്ണ കൊല്ലം കോടതിയിൽ അഭിഭാഷക വൃത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ഒപ്പം കൊല്ലത്തെ രാഷ്ട്രീയ-പൊതു പ്രവർത്തനത്തിലും സജീവമായി.

2004-2007 കാലഘട്ടത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാനത്തുടനീളം മികച്ച രീതിയിൽ പ്രവർത്തിച്ചു.

2007-2011 കാലഘട്ടത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും, കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തന മികവുകൊണ്ട് മഹിളാ കോൺഗ്രസിൻ്റെ ഏക ദേശീയ ഉപാദ്ധ്യക്ഷയായും, ദീർഘകാലം സംസ്ഥാന അദ്ധ്യക്ഷയായും പ്രവർത്തിക്കാൻ ബിന്ദുകൃഷ്ണയ്ക്ക് അവസരം ലഭിച്ചു. സംസ്ഥാനത്ത് മഹിളാ കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിച്ചത് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായിരുന്ന കാലത്തായിരുന്നു.

2016-2021 കാലഘട്ടത്തിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്കാലത്തെയും മികച്ച പ്രസിഡൻ്റായി പ്രവർത്തിച്ചു. കേരളത്തിലെ രണ്ടാമത്തെ വനിതാ ഡിസിസി പ്രസിഡൻ്റും, മുഴുവൻ സമയ പൊതുപ്രവർത്തകയായ ആദ്യ വനിതാ ഡിസിസി പ്രസിഡൻ്റുമായിരുന്നു ബിന്ദുകൃഷ്ണ. 2016 ഡിസംബർ 18ന് കൊല്ലം ഡിസിസി പ്രസിഡൻ്റായി ചുമതലയേറ്റു. പ്രവർത്തന മികവും, ചിട്ടയായ സംഘടനാ സംവിധാനവും എതിരാളികൾ പോലും അംഗീകരിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്ന പല സന്ദർഭങ്ങൾക്ക് വഴിതെളിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റ യുഡിഎഫ് എംഎൽഎമാരില്ലാതിരുന്ന കൊല്ലം ജില്ലയ്ക്ക് 2021ൽ രണ്ട് കോൺഗ്രസ് എംഎൽഎമാരെ സംഭാവന ചെയ്യാൻ ബിന്ദുകൃഷ്ണ നേതൃത്വം നൽകിയ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞു. മൂന്ന് അസംബ്ലി മണ്ഡലങ്ങൾ രണ്ടായിരത്തിൽപരം വോട്ടുകൾക്ക് മാത്രമാണ് കോൺഗ്രസിനും യുഡിഎഫിനും നഷ്ടമായത്. നിലവിൽ എ.ഐ.സി.സി ആംഗമായി പ്രവർത്തിച്ചു വരികയാണ് അഡ്വ. ബിന്ദുകൃഷ്ണ.

തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ഭർത്താവാണ്. ഏക മകൻ കെ.കെ ശ്രീകൃഷ്ണ. അച്ഛൻ പി.സുകുമാരനും അമ്മ ബി.വസുമതിയുമാണ്. അച്ഛൻ കോൺഗ്രസ് പാർട്ടിയുടെ മുൻ മണ്ഡലം പ്രസിഡൻ്റുകൂടിയായിരുന്നു. ബിജു.എസ് ഏക സഹോദരനാണ്.

അധികാര പദവികൾ തിരുത്തുക

  • എ.ഐ.സി.സി അംഗം (നിലവിൽ).
  • ഡിസിസി പ്രസിഡൻ്റ് - കൊല്ലം (2016-2021).
  • മഹിളാ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷ (2012-14)
  • മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ (2011-17)
  • ഡിസിസി ജനറൽ സെക്രട്ടറി, കൊല്ലം
  • എക്സിക്യൂട്ടീവ് മെമ്പർ, സ്റ്റേറ്റ് കുടുംബശ്രീ മിഷൻ
  • സംസ്ഥാന പ്രസിഡൻ്റ്, ആശാ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി.
  • പ്രസിഡൻ്റ്, സ്റ്റേറ്റ് സ്കൂൾ കൗൺസിൽ അസോസിയേഷൻ
  • മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
  • യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
  • കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം
  • കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ് (എസ്.എൻ മെൻസ്, കൊല്ലം)
  • കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറി (എസ്.എൻ മെൻസ്, കൊല്ലം)
  • സ്കൂൾ ലീഡർ - (1986 കൊല്ലം പുന്നക്കോട് സെൻ്റ് തോമസ് ഹൈസ്കൂൾ)

അവലംബം തിരുത്തുക

  1. http://kpcc.org.in/member/736/adv-bindu-krishna/gallery.html
  2. Chandran, Cynthia (2016-03-24). "Caste rules as Kerala Assembly elections near" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-05-05.
"https://ml.wikipedia.org/w/index.php?title=ബിന്ദു_കൃഷ്ണ&oldid=3966781" എന്ന താളിൽനിന്ന് ശേഖരിച്ചത്