ബാലി (ഹൈന്ദവം)

(ബാലിവധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് വാനര രാജാവായ ബാലി. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. വിഷ്ണുവിന്റെ അവതാരമായ രാമൻ ഒളിയ‌മ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചുവെന്നാണ് കഥ.

കിഷ്കിന്ധയിലെ വാനരരാജാവായിരുന്ന ബാലി

ബാലിക്കു ലഭിച്ച വരം

തിരുത്തുക

ബാലിക്ക് എതിരെ യുദ്ധം ചെയ്യാൻ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നൊരു വരം കിട്ടിയിട്ടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബാലിയെ യുദ്ധത്തിൽ കീഴ്പെടുത്തുവാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ ബാലി ശിവപൂജ ചെയ്തുകൊണ്ടിരിക്കു‌മ്പോൾ രാവണൻ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. രാവണന്റെ പകുതി ശക്തികൂടി ലഭിച്ച ബാലി രാവണനെ വാലിൽ ചുറ്റിയെടുത്ത് ലോകം മുഴുവൻ സഞ്ചരിച്ചു.

ബാലി മഹാഗിരികൾ എടുത്തു അമ്മാനമാടും , വൻവൃക്ഷങ്ങൾ പറിച്ചൊടിക്കും.അച്ഛനായ ദേവേന്ദ്രൻ കൊടുത്ത നൂറു പൊൻതാമരപ്പൂക്കൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും.ബ്രഹ്മമുഹൂർത്തത്തിനും മുന്നേ ഉണരുന്ന ബാലി സൂര്യോദയത്തിനു മുന്നേ നാലു മഹാസാഗരങ്ങളിലും തർപ്പണം ചെയ്‌തു മടങ്ങി എത്തും.

ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യം

തിരുത്തുക

പിതാവായ ഋഷരജസ്സിന്റെ കാല ശേഷം മൂത്ത പുത്രനായ ബാലി കിഷ്കിന്ധയിൽ വാനരരാജാവായും അനുജൻ സുഗ്രീവൻ അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചുകൊണ്ടും വാണു. ഒരിക്കൽ മായാവി എന്ന രാക്ഷസൻ കിഷ്കിന്ധയിലെത്തി ബാലിയെ പോരിന് വെല്ലുവിളിച്ചു. രാത്രി സമയം രക്ഷസന്മാരുടെ മായക്കു ശക്തി കൂടും എന്നു സുഗ്രീവന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടു ബാലി മായാവിയോട് യുദ്ധത്തിനിറങ്ങി . ബാലിയുടെ അടി കൊണ്ടവശനായ മായാവി പിന്തിരിഞോടി. പുറകേ ബാലിയും ഒപ്പം സുഗ്രീവനും.ഓടിയോടി മായാവി ഒരു ഗുഹയിൽ കേറി ,സുഗ്രീവനെ പുറത്തു കാവലിരുത്തിയിട്ടു ബാലിയും അകത്തു കയറി.കുറേനാൾ കഴിഞ്ഞിട്ടും ബാലി മടങ്ങി വന്നില്ല .

ഒരു വർഷത്തിന് ശേഷം ഗുഹയിൽ നിന്നും ബാലിയുടെ നിലവിളിയും മായാവിയുടെ അട്ടഹാസവും സുഗ്രീവൻ കേട്ടു.ഗുഹാമുഖത്തു രക്തം പതഞ്ഞു ഒഴുകുന്നത് കണ്ടു ബാലി മരിച്ചു എന്നു നിജപ്പെടുത്തിയ സുഗ്രീവൻ, മായാവി ഗുഹയിൽ നിന്നു രക്ഷപ്പെടാതെ ഇരിക്കാനായി വലിയൊരു പാറകല്ലു കൊണ്ടു ഗുഹാമുഖം അടച്ചു വെച്ചു. കിഷ്കിന്ധയിലെത്തിയ സുഗ്രീവൻ ദുഃഖിതനായി കഴിഞ്ഞുകൂടി. രാജ്യം അനാഥമാകാതിരിക്കാനായി മന്ത്രിമാരുടെ നിർബന്ധപ്രകാരം സുഗ്രീവൻ രാജാവായി.

വാസ്തവത്തിൽ ബാലി മരിച്ചു എന്നു സുഗ്രീവന് തോന്നിയത് മായാവിയുടെ മായ കൊണ്ടായിരുന്നു. മായാവിയെ കൊന്നു ഗുഹയുടെ വാതിലിലെത്തിയ ബാലി ഒറ്റ ചവിട്ടിനു പാറ കല്ല് ദൂരെ തെറിപ്പിച്ചു. തന്നെ കൊല്ലാൻ വേണ്ടി സുഗ്രീവൻ മനപ്പൂർവ്വം ഗുഹ പാറകൊണ്ടടച്ചു എന്നു വിശ്വസിച്ച ബാലി , കിഷ്കിന്ധയിൽ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി . ബാലിയെ കണ്ടു സുഗ്രീവൻ സർവസ്വവും അദ്ദേഹത്തിന് അടിയറ വച്ചിട്ടും ബാലി ശാന്തനായില്ല. സുഗ്രീവനെയും അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്മാരെയും ബാലി കിഷ്കിന്ധയിൽ നിന്നും ആട്ടിപ്പായിച്ചു . സുഗ്രീവന്റെ പത്നിയായ രുമയെ ബാലി ബലമായി അപഹരിച്ചു.

ബാലി വളരെ നല്ല രാജാവായിരുന്നുവെങ്കിലും തന്റെ അനുജനായ സുഗ്രീവൻ അബദ്ധത്തിൽ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.

ഒരിക്കൽ ഒരു കൂറ്റൻ പോത്തിന്റെ രൂപത്തിൽ തന്നോട് പോരിന് വന്ന ദുന്ദുഭി എന്ന അസുരനെ വധിച്ചു , അവന്റെ ജഡം ബാലി ഒരു യോജന ദൂരം വലിച്ചെറിഞ്ഞു . ജഡം വന്നു വീണതു മാതംഗ മുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ അശ്രമം ജഡം വീഴ്ത്തി ആശുദ്ധമാക്കിയവൻ ആ പ്രദേശത്തിന്റെ ഒരു യോജന ചുറ്റളവിൽ കാലു കുത്തിയാൽ തല പൊട്ടി തെറിച്ചു മരിക്കട്ടെ എന്നു മുനി ശപിച്ചു. അതിൻപ്രകാരം ബാലി കാൽ കുത്താത്ത ഏകസ്ഥലം എന്നുള്ള നിലയ്ക്ക് ആ പ്രദേശത്തിന് അകത്തുള്ള ഋശ്യമൂക പർവതത്തിൽ ബാലിയെ പേടിച്ചു സുഗ്രീവൻ അഭയം തേടി.

ബാലിയുടെ അന്ത്യം

തിരുത്തുക
 
ബാലിയും സുഗ്രീവനും തമ്മുലുള്ള യുദ്ധം - മരത്തിനു പിന്നിൽ മറഞ്ഞുനിൽക്കുന്ന രാമനും ലക്ഷ്മണനും ഹനുമാനും

രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ അന്വേഷിക്കുന്ന സമയത്ത്, ശ്രീരാമൻ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേർപ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവൻ വെച്ച നിബന്ധന. അതംഗീകരിച്ച രാമൻ, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിക്കാൻ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാൻ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നിൽനിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു.

സുഗ്രീവൻ രാമന്റെ പിൻബലത്തിൽ കിഷ്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്‌തു വധിക്കാൻ ശ്രമിച്ച രാമനു സഹോദരന്മാർ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാൻ സാധിച്ചില്ല. ബാലിയുടെ മർദനത്താൽ അവശനായ സുഗ്രീവൻ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയിൽ തിരിച്ചറിയാൻ വേണ്ടി രാമൻ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട് , ബാലിയുടെ പത്നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയിൽ ബാലിയെ രാമൻ ഒളിയമ്പെയ്തു .മരണക്കിടക്കയിൽ കിടന്നു കൊണ്ടു , മര്യാദപുരുഷോത്തമനായ രാമൻ തന്നെ ഒളിയമ്പെയ്‌തതു മൂലം അധർമം പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമർശിക്കുന്നു.

ഇക്കാണുന്ന ഭൂമി മുഴുവൻ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴിൽ, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്നിയെ കാമാന്ധനായി ബലപൂർവം അപഹരിച്ചു അധർമ്മം പ്രവർത്തിച്ച ബാലിയെ ശിഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമൻ ഉണർത്തിച്ചു. രാമന്റെ യുക്തിപൂർവ്വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപവിവശനായി. ബാലിയുടെ അവസാന നിമിഷങ്ങൾ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. ബാലി തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണ താമരമാല സുഗ്രീവനെ അണിയിച്ചിട്ടു കിഷ്കിന്ധയുടെ രാജാധികാരവും തന്റെ പത്നി താരയുടെയും പുത്രൻ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏൽപിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂർവം സംസ്‌കരിച്ചു. സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു , അംഗദനെ യുവരാജാവായും വാഴിച്ചു.

"https://ml.wikipedia.org/w/index.php?title=ബാലി_(ഹൈന്ദവം)&oldid=3513389" എന്ന താളിൽനിന്ന് ശേഖരിച്ചത്