ബാജി പ്രഭു ദേശ്പാണ്ഡെ
മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ സേനാനായകനായിരുന്നു ബാജി പ്രഭു ദേശ്പാണ്ഡെ (ക്രി.വ. 1615-1660). ഛത്രപതി ശിവാജിയെ പന്നാലാ കോട്ടയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച വീരയോദ്ധാവായിരുന്നു അദ്ദേഹം.
ബാജി പ്രഭു ദേശ്പാണ്ഡെ | |
---|---|
ബാജി പ്രഭു ദേശ്പാണ്ഡെയുടെ പ്രതിമ, പന്നാല കോട്ട | |
അംബർനാഥിലെ സർദാർ | |
ആദ്യകാല ജീവിതം
തിരുത്തുകമഹാരാഷ്ട്രയിലെ ഭോർ താലൂക്കിലെ ഷിൻഡ് ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. ബാജി പ്രഭുവിന് ശിവജിയേക്കാൾ 15 വയസ്സ് കൂടുതലായിരുന്നു. അതിനാൽ 1615-ലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതപ്പെടുന്നു. ചന്ദ്രസേനിയ കായസ്ഥ പ്രഭു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.[1] [2] ആദ്യകാലത്ത് അദ്ദേഹം ഭോറിനടുത്തുള്ള രോഹിദയിലെ കൃഷ്ണാജി ബന്ദലിന്റെ കീഴിലായിരുന്നു. ശിവാജി കൃഷ്ണാജിയെ രോഹിദയിൽ പരാജയപ്പെടുത്തി കോട്ട പിടിച്ചടക്കിയ ശേഷം ബാജിപ്രഭുവും മറ്റു നിരവധി കമാൻഡർമാരും ശിവാജിക്കൊപ്പം ചേർന്നു.
പാവൻ ഖിണ്ഡിലെ പോരാട്ടം
തിരുത്തുകപ്രതാപ്ഗഡിൽ അഫ്സൽഖാനെ വധിച്ച് ബിജാപ്പൂർ സൈന്യത്തെ പരാജയപ്പെടുത്തിയ ശേഷം ശിവജി ബിജാപ്പൂർ പ്രദേശത്തേക്ക് ആക്രമണം തുടർന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മറാഠകൾ പനാല കോട്ട (കോലാപ്പൂർ നഗരത്തിന് സമീപം) പിടിച്ചെടുത്തു. അതിനിടെ, നേതാജി പാൽക്കറുടെ നേതൃത്വത്തിൽ മറ്റൊരു മറാഠാ സൈന്യം നേരെ ബിജാപൂരിലേക്ക് നീങ്ങി. ബീജാപൂർ ഈ ആക്രമണത്തെ ചെറുത്തു. ശിവാജിയും അദ്ദേഹത്തിന്റെ ചില കമാൻഡർമാരും സൈനികരും പനാല കോട്ടയിലേക്ക് പിൻവാങ്ങാൻ നിർബന്ധിതരായി.
ബിജാപുരി സേനയെ നയിച്ചത് അബിസീനിയൻ ജനറലായിരുന്ന സിദ്ധി ജോഹറായിരുന്നു. ശിവജിയുടെ സ്ഥാനം കണ്ടെത്തിയ ജോഹർ പനാല കോട്ടയ്ക്ക് ചുറ്റും ഉപരോധം തീർത്തു. നേതാജി പാൽക്കർ ബിജാപ്പൂർ സൈന്യത്തിന്റെ ഈ ഉപരോധം പുറത്തു നിന്ന് തകർക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഒടുവിൽ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ശിവാജിയുമായി അസാധാരണമായ ശാരീരിക സാമ്യമുള്ള ശിവ കാശിദ് എന്ന ക്ഷുരകയോദ്ധാവ് രാജാവിനെപ്പോലെ വസ്ത്രം ധരിക്കാനും സ്വയം പിടിക്കപ്പെടാനും സന്നദ്ധനായി. ഈ തക്കത്തിന്, 1660 ജൂലൈ 13-ആം തീയതി[3], ശിവാജി, ബാജി പ്രഭു ദേശ്പാണ്ഡെ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ട 600 പേരടങ്ങുന്ന ഒരു സൈനിക സംഘത്തോടൊപ്പം രാത്രിയിൽ രഹസ്യ മാർഗ്ഗത്തിലൂടെ വിശാൽഗഡിലേക്ക് തിരിച്ചു. കീഴടങ്ങിയത് യഥാർത്ഥത്തിൽ ശിവാജിയല്ലെന്ന് ജോഹർ മനസ്സിലാകിയപ്പോഴേക്കും പല്ലക്കിലേറിയ ശിവാജിയും കൂട്ടരും ബഹുദൂരം പിന്നിട്ടിരുന്നു. സിദ്ധി ജോഹറിന്റെ മരുമകൻ സിദ്ധി മസൂദിന്റെ നേതൃത്വത്തിൽ ബിജാപുരി സൈന്യം അവരെ അതിവേഗം പിന്തുടർന്നു. ശിവാജിയും മറാഠാ സേനയുടെ പകുതിയും വിശാൽഗഡ് ലക്ഷ്യമാക്കി യാത്ര തുടർന്നപ്പോൾ പ്ൻതുടരുന്ന ബിജാപുരി സൈന്യത്തെ തടയനായി ഘോഡ്‌ഖിണ്ഡ് (കുതിരയുടെ മലയിടുക്ക്) എന്നറിയപ്പെട്ടിരുന്ന ചുരത്തിന് സമീപം ബാജി പ്രഭുവും സഹോദരൻ ഫുലാജിയും ബാക്കിയുള്ള 300-ഓളം വരുന്ന സൈനികരും നിലയുറപ്പിച്ചു. അവർ 1000-ത്തോളം വരുന്ന ബിജാപുരി സൈന്യത്തെ ശക്തമായി ചെറുത്തുനിൽക്കുകയും ഒടുവിൽ പരിക്കേറ്റ്മ രിച്ചുവീഴുകയും ചെയ്തു. ബാജി പ്രഭുവിന്റെയും കൂട്ടാളികളുടെയും ത്യാഗത്തിന്റെ സ്മരണക്കായി ഘോഡ്‌ഖിണ്ഡ് മലയിടുക്കിന് പാവൻഖിണ്ഡ് (പാവനമായ മലയിടുക്ക്) എന്ന പേര് നൽകപ്പെട്ടു.
ജനപ്രിയ മാധ്യമങ്ങളിൽ
തിരുത്തുക'ബാജി പ്രഭു ദേശ്പാണ്ഡെ' എന്ന പേരിൽ ഒരു നിശ്ശബ്ദ ചിത്രം 1929-ൽ ചലച്ചിത്ര നിർമ്മാതാവായ ബാബുറാവു പെയിന്റർ പുറത്തിറക്കി. അതേ വർഷം തന്നെ 'വീർ ബാജി' എന്നൊരു ചിത്രവും പുറത്തിറങ്ങിയിരുന്നു.[4].
ഘോഡ്ഖിണ്ഡ് പോരാട്ടത്തിന്റെ കഥ പറയുന്ന 'പാവൻഖിണ്ഡ്' (2022) എന്ന മറാഠി ചിത്രത്തിൽ നടൻ അജയ് പുർകർ ബാജി പ്രഭുവിനെ അവതരിപ്പിക്കുന്നു.
അവലംബം
തിരുത്തുക- ↑ Kantak, M. R. (1978). "The Political Role of Different Hindu Castes and Communities in Maharashtra in the Foundation of the Shivaji's Swarajya". Bulletin of the Deccan College Research Institute. 38 (1): 46. JSTOR 42931051.
- ↑ Balkrishna Govind Gokhale (1988). Poona in the eighteenth century: an urban history. Oxford University Press. p. 112.
The early great hero of the CKP community was Baji Prabhu Deshpande, who sacrificed his own life in 1660 to enable Shivaji to escape the Mughals at Vishalgad.
- ↑ https://timesofindia.indiatimes.com/city/kolhapur/historical-trek-hits-pandemic-roadblock/articleshow/83465424.cms
- ↑ Rajadhyaksha, Ashish; Willemen, Paul (1999). Encyclopaedia of Indian cinema. British Film Institute. Retrieved 12 August 2012.