2008 ൽ ഇന്ത്യയിൽ ഇറങ്ങിയ ഒരു സമാന്തര ഹിന്ദി ചലച്ചിത്രമാണ്‌ ഫിരാഖ് (Hindi: फ़िराक़). നന്ദിത ദാസിന്റെ കന്നിസം‌വിധാനത്തിലുള്ള ഈ ചിത്രം, 2002 ലെ ഗുജറാത്ത് വംശഹത്യ നടന്ന് ഒരു മാസത്തിനു ശേഷമുള്ള സം‌ഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ളതാണ്‌. ഗുജറാത്ത് സം‌ഭവം ജനങ്ങളുടേ നിത്യജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് നോക്കിക്കാണാൻ ശ്രമിക്കുകയാണ്‌ ഫിരാഖ്. "ആയിരം സംഭവ കഥകൾ" എന്നതിനെ ഉപജീവിച്ചാണ്‌ ഫിരാഖിന്റെ കഥ എന്ന് അവകാശപ്പെടുന്നു. ഉർദുവിൽ ഫിരാഖ് എന്നതിന്‌ "വേർപാട്" , "തേട്ടം" എന്നിങ്ങനെ രണ്ടർത്ഥമുണ്ട്. നസ്റുദ്ദീൻ ഷാ,ദീപ്തി നാവൽ,പരേഷ് റാവൽ, രഘുഭീർ യാദവ്,സഞ്ജയ് സൂരി,ഷഹാന ഗോസ്വാമി,അമൃത സുബാഷ്,ടിസ്ക ചോപ്ര എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്. ദേശീയ,അന്തർദേശീയ തലത്തിൽ ചിത്രത്തിന്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചത്. സിംഗപൂരിലെ ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ് അവാർഡ് ,അന്തർദേശീയ തെസ്സാൽനികി ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സമ്മാനം, കേരള ചലച്ചിത്ര മാമാങ്കത്തിന്റെ പുരസ്കാരം എന്നീ മൂന്ന് പുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.

ഫിരാഖ്
സംവിധാനംനന്ദിത ദാസ്
രചനനന്ദിത ദാസ്
സുജി കോത്താരി
അഭിനേതാക്കൾദീപ്തി നാവൽ
നസീറുദ്ദീൻ ഷാ
പരേഷ റാവൽ
രഘുവീർ യാദവ്
ടിസ്ക ചോപ്ര
റിലീസിങ് തീയതിമാർച്ച് 20, 2009
രാജ്യംഭാരതം
ഭാഷഹിന്ദി
സമയദൈർഘ്യം112 min.

ഇതിവൃത്തം

തിരുത്തുക

ഗുജറാത്ത് കലാപമടങ്ങി ഒരു മാസത്തിനു ശേഷമുള്ള നിരവധി സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ നിരീക്ഷിക്കുകയാണ്‌ ഫിരാഖ്. അവരിൽ ചിലർ ഇരകളും, മറ്റുചിലർ മൂകസാക്ഷികളും ഇനിയും ചിലർ കലാപത്തിനു പിന്നിലെ കുറ്റവാളികളുമാണ്‌. കലാപം ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു അല്ലെങ്കിൽ മാറ്റിമറിച്ചു എന്നതിലാണ്‌ ചിത്രം കേന്ദ്രീകരിക്കുന്നത്. കലാപ സമയത്ത് അനാഥനാക്കപ്പെട്ട മുഹ്സിൻ എന്ന മുസ്ലിംകുട്ടി തന്റെ അച്ഛനെ തിരയുകയാണ്‌. പ്രായം ചെന്ന ഒരു മുസ്ലിം ഗായകനാണ്‌ ഖാൻ സാഹിബ് (നസീറുദ്ദീൻ ഷാ). കലാപത്തെ കുറിച്ച് ആദ്യ ഘട്ടത്തിൽ വേണ്ടത്ര ബോധമില്ലങ്കിലും പിന്നീട് തനിക്ക് ചുറ്റും വളർന്നു വരൂന്ന വെറുപ്പിന്റെ തിരയിളക്കം അദ്ദേഹത്തിന്റെ ശുപാപ്തിവിശ്വാസത്തെ നഷ്ടപ്പെടുത്തുന്നു. മധ്യവയസ്കയായ ഹിന്ദു സ്ത്രീ ,ആരതി (ദീപ്തി നാവൽ), കലാപകാലത്ത് അക്രമികളാൽ പിന്തുടരപ്പെട്ട് തന്റെ വീട്ടിൽ സഹായത്തിനെത്തിയ മുസ്ലിം സ്ത്രീക്ക് വാതിൽ തുറന്ന് കൊടുക്കാതിരുന്നതിലുള്ള മാനസികാഘാതത്തിലാണ്‌. ആരതിയുടെ ഭർത്താവാകട്ടെ(പരേഷ് റാവൽ) കൂട്ടമാനഭംഗത്തിൽ പങ്കാളിയായ സുഹൃത്തിനെ സഹായിക്കാൻ ശ്രമിക്കുന്ന ആളുമാണ്‌. മറ്റൊരു കഥാപാത്രമായ മുനീറ എന്ന മുസ്ലിം യുവതിയുടെ വീട് അഗ്നിക്കിരാക്കപ്പെടുകയും തന്റെ കൂട്ടുകാരിയുടെ(അമൃത സുഭാഷ്) ഭർത്താവിനെ അതിൽ സംശയിക്കുകയും ചെയ്യുന്നു‌. ഒരു കൂട്ടം മുസ്ലിം ആണുങ്ങൾ പ്രതികാരം വീട്ടുന്നതിനായി തോക്കുകൾ അന്വേഷിച്ചുകൊണ്ട് തങ്ങളുടെ നിസ്സഹായത മറച്ചു വെക്കാൻ ആഗ്രഹിക്കുന്നു. കലാപസമയത്ത് അഗ്നിക്കിരയാക്കപ്പെട്ട ഷോപ്പിന്റെ ഉടമകളായ സമ്പന്ന ജോഡി സമീറും (സഞ്ജയ് സൂരി) അനുവും (ടിസ്ക ചോപ്ര) ഭയംകൊണ്ട്,ഡൽഹിക്ക് പോവാൻ ആഗ്രഹിക്കുന്നു. ഓരോർത്തരും മറ്റുള്ളവരുടെ ജീവിതത്തിൽ ഭാഗഭാക്കാവുകയും എല്ലാവരും കലാപത്തിന്റെ കെടുതികൾ അനുഭവിക്കുകയുമാണെന്ന് ചിത്രം വിശദമാക്കുന്നു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക

2008 ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ്

  • ഏറ്റവുൻ മികച്ച ചിത്രം
  • ഏറ്റവും മികച്ച തിരക്കഥ
  • ഏറ്റവും മികച്ച തിത്രത്തിനുള്ള "ഫോറിൻ കറസ്പോണ്ടന്റ് അസോസ്സിയേഷൻ പർപ്പിൾ ഓർക്കിഡ്" പുരസ്കാരം

2009 അന്തർദേശീയ ചലച്ചിത്രമേള, കേരളം

  • ജൂറിയുടെ പ്രത്യേക പുരസ്കാരം

2009 അന്തർദേശീയ തെസ്സലൊനികി ചലച്ചിത്ര മേള

  • പ്രത്യേക സമ്മാനം

2009 19-ആമത് സിനിക്കൊസ്റ്റ് ഫിലിം ഫെസ്റ്റിവൽ സാഞ്ചോസ് യു.എസ്.എ

  • ദ മാവ്‌രിക് സ്പരിറ്റ് പുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫിരാഖ്&oldid=1699937" എന്ന താളിൽനിന്ന് ശേഖരിച്ചത്