ഫാരിസ് അബൂബക്കർ
ദീപിക ദിനപത്രത്തിന്റെ മുൻകാല ഉടമസ്ഥനും, നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. യഥാർത്ഥ പേര് മുണ്ടയിൽ അബൂബക്കർ ഫാരിസ് .
ജീവിതരേഖ
തിരുത്തുകകോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തി എന്ന സ്ഥലത്തു ജനിച്ചു. അച്ഛൻ:മുണ്ടയിൽ അബൂബക്കർ, അമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായി വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയരീതിയിൽ തുകൽ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിക്കാൻ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ കയറ്റുമതി ബിസിനസിലൂടെ സമ്പന്നനായിമാറി. ബിസിനസിൽ കർക്കശമായ സ്വകാര്യത പുലർത്തുന്ന ഫാരിസിന്റെ ബിസിനസ് ബന്ധങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
മാധ്യമ ശ്രദ്ധ
തിരുത്തുകനഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തു.[1].ഇതേ തുടർന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു. ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയർമാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് കേരളശബ്ദം വാരിക, ഓശാന തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ആരോപിച്ചു[അവലംബം ആവശ്യമാണ്]
2007-ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നല്കിയതിലും സംശയകരമായ വസ്തുതകൾ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചു.[2]. പ്രസ്തുത ആരോപണങ്ങളെ ഫാരിസിൻറെ കീഴിലുള്ള ദീപിക ദിനപത്രം ശക്തമായി എതിർത്തു.
സി.പി.എം.-ലെ എതിർ വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന് അനുബന്ധമായി കേരളത്തിലെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ "വെറുക്കപ്പെട്ടവൻ" എന്നു വിശേഷിപ്പിച്ചു. ആ പദപ്രയോഗം പ്രസ്തുത വിവാദം കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ ഇടയാക്കി. "വെറുക്കപ്പെട്ടവൻ" എന്ന പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുളള കൈരളി ചാനൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പ്രസ്തുത വാർത്ത പുറത്തുവന്നതിനുശേഷം പി.ടി. ഉഷയുടെ സ്കൂളിനുനേരെ നടന്നെന്ന് ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങളും വിവാദമായി. അതുപോലെ, ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും അതീവ ജനശ്രദ്ധയാകർഷിച്ചു.
2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആവർത്തിച്ചു.
അവലംബം
തിരുത്തുക- ↑ പ്രതിസന്ധിയിൽ ഫാരിസ് സഹായിച്ചു[പ്രവർത്തിക്കാത്ത കണ്ണി] - ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ, കർദിനാൾ മാർ വർക്കി വിതയത്തിൽ, മേജർ ആർച്ച്‌ബിഷപ്പ്, സീറോ മലബാർ സഭ
- ↑ ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം: സക്കാത്തിനു വന്ന് പത്രമുടമയായി[പ്രവർത്തിക്കാത്ത കണ്ണി] - വിവാദങ്ങൾക്കു തിരികൊളുത്തിക്കൊണ്ട് ഫാരിസിനു മാധ്യമ ശ്രദ്ധ നൽകിയ മാതൃഭൂമി ദിനപത്രത്തിലെ വാർത്ത
അവലംബം
തിരുത്തുക- kidney foundation Archived 2007-10-09 at the Wayback Machine.
- Prodigal Scribe Archived 2007-10-09 at the Wayback Machine.
- human rights kerala Archived 2007-09-28 at the Wayback Machine.
- Interview with Pharis Aboobacker