സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവികാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ് ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന് വഴിതെളിച്ചു.
ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ്സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്വെയർ, അയക്കുന്ന സന്ദേശങ്ങൾ ക്രോസ്-പ്ലാറ്റ്ഫോംഎൻക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെ ആൻഡ്രോയ്ഡ് പതിപ്പിന് ഒരു എസ്എംഎസ് ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു.