പ്ലാച്ചിമട

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പ്ലാച്ചിമട. പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംത്തിലൂടെയാണ് ലോക പ്രസിദ്ധമാകുന്നത്. ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പ്ലാൻറ് 2000ൽ പ്രവർത്തനമാരംഭിച്ചതോടെയാണ് പ്ലാച്ചിമടയിൽ കുടിവെള്ളത്തിൻറെ ക്ഷാമവും മലിനീകരണവും കാരണം ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കൃഷിക്ക് പ്രാമുഖ്യമുള്ള പ്രദേശത്ത് ശുദ്ധജലദൗർലഭ്യം നേരിട്ടത് സാമൂഹികവും സാന്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. 2002 ഏപ്രിൽ 22ന് ആദിവാസി നേതാവ് സി കെ ജാനു പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിലെ തന്നെ പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ കൊക്കക്കോള കന്പനി, അതിൻറെ പ്ലാച്ചിമട പ്ലാൻറ് പ്രവർത്തിക്കാനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തതാണ് പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും പ്രതികൂലമായി ബാധിച്ചത്. കൂടാതെ വളമെന്ന പേരിൽ മാരകവിഷാംശമുള്ള ഖരമാലിന്യം പ്രദേശത്തെ കർഷകർക്ക് വിതരണം ചെയ്തത് മലിനീകരണത്തിൻറെ വ്യാപ്തി വർധിപ്പിച്ചു. സമരം ശക്തിപ്പെട്ടതിൻറെ ഫലമായും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കന്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം കന്പനിയിൽ നിന്ന് ഈടാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിക്ക് ലൈസൻസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പെരുമാട്ടി പഞ്ചായത്തും കൊക്കക്കോള കന്പനിയും തമ്മിൽ ഹൈക്കോടതിയിൽ തുടങ്ങിയ നിയമയുദ്ധം അന്തിമതീർപ്പിനായി സുപ്രീം കോടതയിൽ‌ പരിഗണന കാത്ത്കിടക്കുകയാണ്. 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്നും ശുപാർശ ചെയ്തു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. 2011ൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി. ഒടുവിൽ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടു കൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ‌ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചിരിക്കുകയാണ്. [1]

  1. The hindu ,2010 jun 09,palakkad edition.
"https://ml.wikipedia.org/w/index.php?title=പ്ലാച്ചിമട&oldid=3344802" എന്ന താളിൽനിന്ന് ശേഖരിച്ചത്