"തിരുനക്കര മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
 
=== ക്ഷേത്ര പരിസരവും മതിലകവും ===
കോട്ടയം നഗരത്തിന്റെ കണ്ണായ ഭാഗത്ത് തിരുനക്കര മൈതാനത്തിൽ നിന്ന് 400 മീറ്റർ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ്, [[കോട്ടയം നഗരസഭ]] കാര്യാലയം, ഹെഡ് പോസ്റ്റ് ഓഫീസ്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പ്രധാന നിരത്തിൽ നിന്ന് ഒരല്പം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്രമൈതാനം കാണാം. ഉത്സവക്കാലത്ത് ഇവിടെ നടക്കുന്ന [[ചെണ്ടമേളം]] ശ്രദ്ധേയമാണ്. മൈതാനത്തിലേയ്ക്ക് കയറുന്ന സ്ഥലത്ത് ഒരു ചെറിയ [[ഗണപതി|ഗണപതിക്ഷേത്രം]] കാണാം. വളരെയടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. വിഘ്നേശ്വരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാനെ വന്ദിച്ചിട്ടേ ഭക്തർ പരമശിവനെ തൊഴാൻ പോകാറുള്ളൂ. ഐതിഹ്യത്തിൽ പരാമർശിയ്ക്കപ്പെടുന്ന സ്വാമിയാർ മഠം ഇന്നും ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുണ്ട്. തൃക്കൈക്കാട്ട് സ്വാമിയാർ മഠം എന്നാണിതിന്റെ പേര്. തൃശ്ശൂരിലെ പ്രമുഖ സന്ന്യാസിമഠമായിരുന്ന ഇടയിൽ മഠത്തിന്റെ പിന്മുറക്കാരാണ് ഈ മഠത്തിലുള്ളത്. സ്വാമിയാർ മഠത്തിന്റെ വകയായി ഒരു [[രാമൻ|ശ്രീരാമ]]-[[ഹനുമാൻ]] ക്ഷേത്രമുണ്ട്. ഇതിന് തൊട്ടടുത്താണ് പ്രസിദ്ധമായ [[തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]. മൂന്ന് ക്ഷേത്രങ്ങൾക്കും കൂടി ഒറ്റ ക്ഷേത്രക്കുളമാണ് ഇവിടെ. രണ്ടേക്കറിലധികം വരുന്ന അതിവിശാലമായ ക്ഷേത്രക്കുളമാണിത്.
 
മൈതാനം കടന്നാൽ പടിക്കെട്ടുകളുടെ ഒരു നിരയാണ്. ഏതാനും പടിക്കെട്ടുകൾ കഴിയുമ്പോൾ ഒരു ചെറിയ നിരപ്പ് വരും. ഇതിനടുത്ത് ഒരു വലിയ [[അരയാൽ|അരയാൽമരം]] കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ [[ബ്രഹ്മാവ്|ബ്രഹ്മാവും]] നടുക്ക് [[വിഷ്ണു|വിഷ്ണുവും]] അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാലിന്റെ ത്രിമൂർത്തിസ്വരൂപമായി കണക്കാക്കിവരുന്നു. [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈനമതങ്ങളിലും]] അരയാലിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാലാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുതവണ വലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാൽ കടന്നാൽ വീണ്ടും കുറച്ച് പടികൾ കാണാം. അവയും പിന്നിട്ടുവേണം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താൻ. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഗോപുരത്തിനുമുകളിൽ '[[ഓം നമഃ ശിവായ]]' എന്ന് എഴുതിയ ഫ്ലക്സ്ബോർഡ് കാണാം.
 
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആനക്കൊട്ടിൽ കാണാം. മൂന്നാനകളെ നിർത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ഇതിന് തൊട്ടുപുറകിൽ വൃഷഭാരൂഢമായ സ്വർണ്ണക്കൊടിമരം കാണാം. 1960-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. 42 അടി മാത്രം ഉയരമേ ഇതിനുള്ളൂവെങ്കിലും ഏറ്റവും തിളക്കം കൂടിയ കൊടിമരങ്ങളിലൊന്നാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണപ്പറകൾ ഇറക്കിയ ഈ കൊടിമരമാണ് തിരുവിതാംകൂർ ദേശത്ത് അവസാനമായി മരത്തിൽ തീർത്ത കൊടിമരം. ഇതിനുശേഷം വന്ന എല്ലാ കൊടിമരങ്ങളും കോൺക്രീറ്റ് കൊടിമരങ്ങളായിരുന്നു. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര കാണാം. ഇവിടെയാണ് വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണെങ്കിലും പ്രധാനമൂർത്തിയുടെ ദർശനം മറയ്ക്കുന്ന രീതിയിലല്ല നിർമ്മാണം. [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂരിലേതുപോലെ]] ഇവിടെയും പ്രധാന കവാടത്തിന് പുറത്തുനിന്നുനോക്കിയാൽത്തന്നെ പ്രധാന പ്രതിഷ്ഠയെ കാണാം. ബലിക്കല്ല് പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ഇതിന് മുകളിൽ ബ്രഹ്മാവിന്റെയും [[അഷ്ടദിക്പാലർ|അഷ്ടദിക്പാലകരുടെയും]] രൂപങ്ങൾ കാണാം. ബലിക്കൽപ്പുരയിൽ നിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും ശിവകുടുംബത്തിന്റെയും ചരിഞ്ഞുപോയ ഒരു ആനയുടെയും ചിത്രങ്ങൾ കാണാം.
"https://ml.wikipedia.org/wiki/തിരുനക്കര_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്